Image

സൂപ്പര്‍ സ്റ്റാറാകാന്‍ ആഗ്രഹമില്ലെന്ന് ഫഹദ്

Published on 07 May, 2012
സൂപ്പര്‍ സ്റ്റാറാകാന്‍ ആഗ്രഹമില്ലെന്ന് ഫഹദ്
തിരുവനന്തപുരം: സൂപ്പര്‍ സ്റ്റാറാകുന്നതിന് ആഗ്രഹമില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. നല്ല സംവിധായകനോ എഴുത്തുകാരനോ ആകുന്നതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ മലയാള സിനിമയ്ക്കു ചെയ്ത സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ഡയമണ്ട് നെക്‌ലസിന്റെ റിലീസിംഗിനോടനുബന്ധിച്ച് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തന്റെ ആദ്യസിനിമയായ കൈയ്യെത്തും ദൂരത്ത് യാതൊരു ഒരുക്കവുമില്ലാതെ ചെയ്ത സിനിമയാണ്. ആ സിനിമ ചെയ്തത് തന്റെ പരാജയമാണ്, മറിച്ച് തന്റെ പിതാവിന്റെ പരാജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമ വീണ്ടും മലയാളത്തെ ഉറ്റുനോക്കുകയാണെന്നും പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. 

പറ്റിയ കഥാപാത്രങ്ങള്‍ വരുമ്പോള്‍ തന്റെ സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകളെ ഉപയോഗിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെ, മനസില്‍ സിനിമയുള്ള ഏതൊരാള്‍ക്കും സംവിധായകനാകാനുള്ള സാഹചര്യം ഒരുങ്ങി. ഫിലിം ഫോര്‍മാറ്റിലുള്ള സിനിമകളുടെ കാലം അവസാനിക്കുകയാണ്. ഇനി മലയാളത്തില്‍ മികച്ച സിനിമകളുടെ കുത്തൊഴുക്കായിരിക്കും. 

ഇനിമുതല്‍ ഡിജിറ്റല്‍ രീതിയിലുള്ള സിനിമകളും അവാര്‍ഡിന് പരിഗണിക്കേണ്ടിവരും. സിനിമകളുടെ എണ്ണം കൂടുമ്പോള്‍, അവ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ലഭിക്കില്ല എന്നൊരു പ്രതിസന്ധി നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരും. ഡയമണ്ട് നെക്‌ലസ് പുറത്തിറങ്ങും മുമ്പ് പലതരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായി. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചു. തന്റെ മനസിലുള്ള ആശയങ്ങള്‍ സിനിമയാക്കുന്നതിന് പലപ്പോഴും നിര്‍മാതാക്കളെ കിട്ടിയിട്ടില്ല. അതുകൊണ്ടാണ് സ്വന്തമായി ഒരു നിര്‍മാണ കമ്പനി തുടങ്ങിയത്. താനുള്‍പ്പെടെ ആറു പേരുടെ പങ്കാളിത്തത്തിലാണ് കമ്പനി. 

മൂന്നു വര്‍ഷത്തിനുള്ളില്‍ മല യാള സിനിമ സമ്പൂര്‍ണ മാറ്റത്തിനു വിധേയമാകും. ആ മാറ്റം തിരിച്ചറിയുന്നവര്‍ക്കേ ഇനി പിടിച്ചുനില്‍ക്കാനാകുകയുള്ളുവെന്നും ലാല്‍ജോസ് പറഞ്ഞു. 

തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, നടിമാരായ ഗൗതമി നായര്‍, അനുശ്രീ നായര്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു. പ്രസ്‌ക്ലബ് സെക്രട്ടറി പ്രദീപ് പിള്ള സ്വാഗതവും ട്രഷറര്‍ ദിലീപ് മലയാലപ്പുഴ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക