Image

ഫൊക്കാനാ; മറിയാമ്മ പിള്ള പ്രസിഡന്റായേക്കും

Published on 06 May, 2012
 ഫൊക്കാനാ; മറിയാമ്മ പിള്ള പ്രസിഡന്റായേക്കും
ന്യൂയോര്‍ക്ക്‌: 2014-ലെ ഫൊക്കാനാ കണ്‍വെന്‍ഷന്‍ മിക്കവാറും ചിക്കാഗോയിലായിരിക്കും നടക്കുക. വിവിധ നേതാക്കളുമായി സംസാരിച്ചതില്‍ നിന്നും ലഭിക്കുന്ന സൂചനയതാണ്‌. കണ്‍വെന്‍ഷന്‍ ചിക്കാഗോയിലാണെങ്കില്‍ പ്രസിഡന്റായി സീനിയര്‍ നേതാവ്‌ മറിയാമ്മ പിള്ള വരുമെന്നാണ്‌ കരുതുന്നത്‌.

അടുത്ത കണ്‍വെന്‍ഷന്‍ നടത്താന്‍ വാഷിംഗ്‌ടണ്‍ ഡിസിയില്‍ നിന്നുള്ള സംഘടനകളും നേതാക്കളും താത്‌പര്യം അറിയിച്ചിട്ടുണ്ട്‌. വാഷിംഗ്‌ടണിലേക്കാണ്‌ കണ്‍വെന്‍ഷനെങ്കില്‍ മുന്‍ ജനറല്‍ സെക്രട്ടറി ഷഹി പ്രസിഡന്റ്‌ എന്ന ധാരണയുമുണ്ട്‌.

എന്തായാലും ഈ രണ്ട്‌ നഗരങ്ങളിലൊന്നായിരിക്കും അടുത്ത കണ്‍വെന്‍ഷന്‍ ഒരുക്കുക എന്നത്‌ ഉറപ്പിച്ചിട്ടുണ്ട്‌. 2014-ലെ കണ്‍വെന്‍ഷന്‍ ഒരു കൂട്ടര്‍ക്കും, അടുത്തത്‌ മറ്റേ കൂട്ടര്‍ക്കും എന്നു തീരുമാനിച്ചാല്‍ തീരാവുന്നതേയുള്ള ഇക്കാര്യമെന്ന്‌ സീനിയര്‍ നേതാക്കളും കരുതുന്നു.

ഫൊക്കാനയുടെ ആരംഭം മുതല്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ പരിചയസമ്പന്നയും, പക്വമതിയുമാണ്‌ മറിയാമ്മ പിള്ള എന്നത്‌ അവര്‍ക്കനുകൂലമായ പ്രധാന ഘടകമാണ്‌. ചിക്കാഗോയില്‍ ഇതിനു മുമ്പ്‌ ഡോ. എം. അനിരുദ്ധന്‍ പ്രസിഡന്റായി 2002-ല്‍ ആണ്‌ കണ്‍വെന്‍ഷന്‍ നടന്നത്‌. വിഷിംഗ്‌ടണ്‍ ഡിസിയില്‍ ഡോ. പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ 1992-ല്‍ നടന്ന കണ്‍വെന്‍ഷനുശേഷം ഒരു കണ്‍വെന്‍ഷനും നടന്നിട്ടില്ലെന്ന അവകാശവാദവും ഉണ്ടായേക്കാം. എന്തായാലും എല്ലാ സമവായത്തിലൂടെ തീരുമാനിക്കുക എന്ന ഫൊക്കാനയുടെ പുതിയ നയം ഇക്കാര്യത്തിലും ഏകാഭിപ്രായത്തിനു വഴിയൊരുക്കുമെന്നു കരുതുന്നു. നിലവിലുള്ള ഭാരവാഹികളാകട്ടെ ആരു വരുന്നതിനേയും സ്വാഗതം ചെയ്യുന്നു.

ഫോമയുടെ 2014-ലെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലായിരിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജോര്‍ജ്‌ മാത്യുവും രാജു വര്‍ഗീസും ഫിലാഡല്‍ഫിയയുടെ വക്താക്കളാണ്‌.

ഫൊക്കാനയില്‍ അടുത്ത ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക്‌ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ടെറന്‍സണ്‍ തോമസ്‌ ആയിരിക്കുമെന്നും കരുതപ്പെടുന്നു. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോസഫ്‌ കുര്യപ്പുറവും രംഗത്തുവന്നിട്ടുണ്ടെങ്കിലും മത്സരം ഒഴിവാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നുണ്ട്‌. മറ്റേതെങ്കിലും പ്രധാനപ്പെട്ട സ്ഥാനം കുര്യപ്പുറത്തിനു നല്‍കി സമവായം ഉണ്ടാക്കാനാകുമെന്ന്‌ കരുതുന്നു.

എന്തായാലും മുന്‍ കാലങ്ങളില്‍ തെരഞ്ഞെടുപ്പ്‌ ഒരു കീറാമുട്ടി പ്രശ്‌നമായിരുന്നെങ്കില്‍ ഇപ്പോള്‍ അത്‌ കൂടുതല്‍ സൗഹൃദ അന്തരീക്ഷത്തില്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമായി.

ഫോമയില്‍ പ്രസിഡന്റു സ്ഥാനത്തെന്നപോലെ സെക്രട്ടറി സ്ഥാനത്തേക്കും കരുത്തരായ രണ്ടുപേര്‍ മത്സരിക്കുന്നു. ചിക്കാഗോയില്‍ നിന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ന്യൂയോര്‍ക്കില്‍ നിന്നു ഗോപിനാഥ കുറുപ്പും.

ഫോമയിലും നിലവിലുള്ള ഭാരവാഹികള്‍ ആരു വരുന്നതിനേയും സ്വാഗതം ചെയ്യുന്നു. ജനാധിപത്യ സംഘടനയായതിനാല്‍ ഇലക്ഷന്‌ അപാകതയും ആരും കാണുന്നില്ല.

പക്ഷെ മുന്‍ കാലത്തെപ്പോലെ മാധ്യമങ്ങളില്‍ വലിയ പരസ്യങ്ങളും കടുത്ത പ്രചാരണവുമൊന്നും ഒരു സംഘടനയിലും പ്രതീക്ഷിക്കുന്നില്ല. സംഘടന രണ്ടായതിന്റെ ഗുണമോ, ദോഷമോ ആണിതിനു കാരണമെന്നു ചുരുക്കം.
 ഫൊക്കാനാ; മറിയാമ്മ പിള്ള പ്രസിഡന്റായേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക