Image

എട്ടാം ലോക മലയാളി സമ്മേളനം ജര്‍മനിയില്‍ സമാപിച്ചു

ജോളി എം പടയാറ്റില്‍ Published on 08 May, 2012
എട്ടാം ലോക മലയാളി സമ്മേളനം ജര്‍മനിയില്‍ സമാപിച്ചു
ബെന്‍സ്‌ബെര്‍ഗ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാം ലോകമലയാളി സമ്മേളനം വര്‍ണപ്പൊലിമയാര്‍ന്ന കലാപരിപാടികളോടെ സമാപിച്ചു. ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ബെന്‍സ്‌ബെര്‍ഗിലെ ചരിത്രപ്രസിദ്ധമായ കര്‍ദ്ദിനാള്‍ ഷുള്‍ട്ടെ കൊട്ടാരത്തില്‍ വച്ചായിരുന്നു. മേയ്‌ മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ തിയതികളില്‍ ലോകമലയാളി സമ്മേളനം നടന്നത്‌.

തൃശൂര്‍ പൂരത്തിന്‌ ചെറുപൂരങ്ങള്‍ മാറ്റുകൂട്ടുന്നതുപോലെ താളവും മേളവും ആരവവും നിറഞ്ഞ ഉത്സവപ്പറമ്പുകളെപ്പോലെ ഈ കൊട്ടാരം ഈ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളെക്കൊണ്‌ട്‌ നിറഞ്ഞു. വ്യത്യസ്‌ത രാഷ്‌ട്രീയ ചിന്താധാരകളില്‍ നിന്നെല്ലാം അകന്ന്‌ വിദേശ മണ്ണില്‍ മലയാളികള്‍ ഒന്നിച്ച്‌ ചേര്‍ന്നപ്പോള്‍ പ്രവാസികള്‍ ഞങ്ങള്‍ ഒന്നാണെന്നുള്ള ചിന്തയോടെ സ്‌നേഹവായിപ്പിന്റെ പുത്തനനുഭവമായി മാറുകയായിരുന്നു.

ജര്‍മനിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ തരണ്‍ജിത്ത്‌ സിംഗ്‌ സാന്‌റു വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ്‌ ജേക്കബ്‌, പ്രസിഡന്റ്‌ ജോണി കുരുവിള പഠിക്കമാലില്‍, സെക്രട്ടറി അഡ്വ. തോമസ്‌ ആന്റണി, ജനറല്‍ കണ്‍വീനര്‍ മാത്യു ജേക്കബ്‌, കേരള കോണ്‍ഗ്രസ്‌ നേതാവ്‌ അഡ്വ. ജോബ്‌ മൈക്കള്‍, ഡോ. ശ്രീധര്‍ കാവില്‍, അലക്‌സ്‌ കോശി, ഗ്രിഗറി മോയില്‍, ജോസഫ്‌ കിലിയാന്‍, ഡേവീസ്‌ തെക്കുംതല, ജോളി എം പടയാട്ടില്‍, അബ്‌ദുള്‍ മാന്‍സില്‍, എം.സി. ജേയ്‌ക്കബ്‌, ജോര്‍റ്റിന്‍ ആന്റണി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.

പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ട ഈ ദിവസങ്ങളില്‍ ഇന്ന്‌ കേരളം നേരിടുന്ന പരിസരമലിനീകരണത്തെപ്പറ്റിയും സോളാര്‍ എനര്‍ജിയെപ്പറ്റിയും സജീവമായി ചര്‍ച്ചകള്‍ നടന്നു. ജോണി ഇലഞ്ഞിപ്പിള്ളി, അഗസ്റ്റിന്‍ ഇലഞ്ഞിപ്പിള്ളി, മാത്യു ജേക്കബ്‌, ജോണി കുരുവിള, ഗ്രിഗറി മോയില്‍, ബാബു ഇളംബ്ലാശേരി, സൈമണ്‍, ജോസഫ്‌ കൈനിക്കര, പോത്തന്‍ ചക്കുപുരയ്‌ക്കല്‍, ജോണ്‍ സാമുവല്‍, കുറിയാക്കോസ്‌ വര്‍ക്കി, ഹര്‍ഷന്‍ താഴിശേരി, സോമരാജ്‌പിള്ള, ജോണ്‍ മാത്യു, ജോണ്‍ ഷെറി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സോമരാജ്‌ നന്ദി പറഞ്ഞു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്‌വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. ശ്രീധര്‍ കാവിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊഡക്ഷന്‍ സെമിനാറില്‍ വിദേശ ഇന്ത്യക്കാരുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്നും അതിനായി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കണമെന്നും യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.

പ്രവാസി മലയാളികളുടെ നാട്ടിലുള്ള സ്വത്തുക്കള്‍ ചിലര്‍ തന്ത്രപൂര്‍വം പറ്റിച്ചെടുക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, പ്രശസ്‌ത അഭിഭാഷകന്‍ ജോര്‍ജ്‌ കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഒരു ലീഗല്‍ കൗണ്‍സില്‍ ആരംഭിച്ചിട്ടുള്ളതായി ഡോ. ശ്രീധര്‍ കാവില്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ലീഗല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ലഭ്യമാണ്‌. ജോസഫ്‌ കളപ്പുരയ്‌ക്കല്‍ നന്ദി പറഞ്ഞു. കേരളം ഇന്ന്‌ അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമായ പരിസര മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച്‌ നടന്ന സെമിനാറില്‍ ജര്‍മ്മിനിയിലെ പരിസ്ഥിതി ുപ്പ്‌ മന്ത്രാലയത്തില്‍ നിന്നെത്തിയ മര്‍ലേനസീക്കും കേരള ഗവണ്‍മെന്റ്‌ പ്രതിനിധിയായ സുചിത്ത മിഷന്‍ എക്‌സിക്ക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. ജോര്‍ജ്‌ ചാക്കശേരിയും വിശദമായി സംസാരിച്ചു.

ഡോ. ചാക്കിശേരിയുടെ നേതൃത്വത്തില്‍ ജര്‍മ്മിനിയിലെ മാലിന്യനിര്‍മാര്‍ജന പ്ലാന്റ്‌ സന്ദര്‍ശിച്ച്‌ പ്രത്യേകം പഠനം നടത്തി. ലോകത്തെ ഏറ്റവും മികച്ചതെന്ന്‌ അറിയപ്പെടുന്ന ജര്‍മ്മന്‍ ടെക്‌നോളജിയില്‍ കേരളത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ്‌ സ്ഥാപിക്കുവാന്‍ വേണ്‌ട എല്ലാ സഹായങ്ങളും സോളര്‍ എനര്‍ജിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ ഏലിയ ബാസ്‌ നേതൃത്വം നല്‍കി. അഗസ്റ്റ്യന്‍ ഇലഞ്ഞിപ്പിള്ളി നന്ദി പറഞ്ഞു.

ലോക മലയാളി സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍മാരായ എം.സി ജേക്കബ്‌ (ചീഫ്‌ ജനറല്‍ മാനേജര്‍), പ്രഭാകര പണിക്കര്‍ ഗോപകുമാര്‍ (ചീഫ്‌ മാനേജര്‍), എം.ജി.എം ജേക്കബ്‌ ഫെന്‍ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍), ജോര്‍ടിന്‍ ആന്റണി, തളിയത്ത്‌ പോള്‍ എന്നിവരുടെ എന്‍.ആര്‍.ഐ ബിസിനസ്‌ മീറ്റില്‍ പ്രവാസി മലയാളികള്‍ സജീവമായി പങ്കെടുത്തു.

പ്രവാസികളും സംഘടനകളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ ഡേവീസ്‌ തെക്കുംതല നേതൃത്വം നല്‍കി. ജോസ്‌ പുതുശേരി, പോള്‍ ഗോപുരത്തുങ്കല്‍, തോമസ്‌ ചക്യാത്ത്‌, എബ്രഹാം ജോണ്‍, ഡോ. തോമസ്‌ വടക്കേക്കര, ജോയ്‌ മാണിക്കത്ത്‌, കോശി മാത്യു, ആന്റോ പരാണിക്കുളങ്കര, സെബാസ്റ്റ്യന്‍ കരിബില്‍, സതീഷ്‌ എരിയലത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ലോക മലയാളി സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ യൂറോപ്പ്‌ ടൂറിന്‌ അഗസ്റ്റ്യന്‍ ഇലഞ്ഞിപ്പിള്ളിയും ബാബു ഇളംബ്ലാശേരിയും നേതൃത്വം നല്‍കി. കള്‍ച്ചറല്‍ സെക്രട്ടറി ജോസ്‌ തോമസിന്റെ നേതൃത്വത്തില്‍ ഈ ദിവസങ്ങളില്‍ നടന്ന കലാസായാഹ്നങ്ങളില്‍ കേരളത്തില്‍ നിന്നെത്തിയ വോഡഫോണ്‍ കോമഡിഷോ അവതരിപ്പിച്ച നര്‍മരസം തുളുമ്പുന്ന ഹാസ്യാവിഷ്‌കാരണങ്ങളെ കൂടാതെ നടന വിസ്‌മയത്തിന്റെ വേദികളൊരുക്കിയ നര്‍ത്തികമാരും ഈ കലാസായാഹ്നങ്ങളില്‍ നിറഞ്ഞുനിന്നു.

ഗ്ലോബല്‍ സമ്മേളനം ഒരുക്കിയ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ മാത്യു ജേക്കബിന്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ ജോണി കുരുവിള പുരസ്‌കാരം നല്‍കി ആദരിച്ചു. ഗ്രിഗറി മോയില്‍, ജോളി എം പടയാട്ടില്‍, ജോസഫ്‌ കളത്തിപ്പറമ്പില്‍ എന്നിവരെയും ഗ്ലോബല്‍ ഭാരവാഹികള്‍ സ്‌നേഹോപകാരം നല്‍കി ആദരിച്ചു.
എട്ടാം ലോക മലയാളി സമ്മേളനം ജര്‍മനിയില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക