Image

വിഡ്ഢിപ്പെട്ടിയില്‍ ദരിദ്രവാസികള്‍

പുളവന്‍ പൊട്ടക്കൂളം Published on 08 May, 2012
വിഡ്ഢിപ്പെട്ടിയില്‍ ദരിദ്രവാസികള്‍
ദാരിദ്ര്യം പറയുന്നതും കേള്‍ക്കുന്നതും ഒരു സുഖമുള്ള കാര്യമല്ല. പക്ഷെ ടെലിവിഷന്‍ ചാനലുകളിലെ മത്സരത്തിനുവരുന്നവര്‍ യാതൊരു ഉളുപ്പുമില്ലാതെ ദാരിദ്ര്യവും പരിതാപവും പറയുന്നതു കേള്‍ക്കുമ്പോള്‍ കാഴ്ചക്കാര്‍ക്കെങ്കിലും അരോചകത്വം തോന്നുന്നു.

ഐഡിയാ സ്റ്റാര്‍ സിംഗറില്‍ ചെന്നാല്‍ അവിടെ പരിതാപം. കോമഡി സ്റ്റാറില്‍ ചെന്നാല്‍ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. കോടിശ്വരന്‍ പരിപാടിക്ക് ചെന്നാല്‍ എങ്കിലും ദാരിദ്ര്യം കേള്‍ക്കേണ്ടി വരില്ലെന്നു കരുതിയെങ്കിലും ഒരു മാറ്റവും കാണുന്നില്ല.

ദാരിദ്ര്യം പറയുന്നത് എന്തോ കേമപ്പെട്ട കാര്യമാണെന്ന് കേരളത്തിലെ ജനം തെറ്റിദ്ധരിച്ചുവശായിട്ടുണ്ടോ എന്തോ? ചാനല്‍ പരിപാടികളില്‍ മത്സരാര്‍ത്ഥികള്‍ വരുമ്പോള്‍ തന്നെ കാണിക്കുന്നത് അവരുടെ വീട്ടിലെ ദൈന്യതകളും വിഷമാവസ്ഥകളുമാണ്. തകരാറായി നില്‍ക്കുന്ന വീട്, കെട്ടിക്കാന്‍ നില്‍ക്കുന്ന സഹോദരിമാര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിമാരും മക്കളും, രോഗിയായ അച്ഛന്‍....എന്നുവേണ്ട പ്രാരാബ്ദങ്ങളുടെ ഒരു ഭാണ്ഡക്കെട്ട് കാണികളുടെ നെഞ്ചത്തേക്കെറിയുന്നു.

കാണികള്‍ ഇതു കണ്ടതുകൊണ്ട് മത്സരാര്‍ത്ഥിക്ക് ഒരു ഗുണവും ഉണ്ടാകാനില്ല. കാണികള്‍ക്കാകട്ടെ പുതുതായ ഒരു അനുഭൂതിയും ഇതില്‍ നിന്ന് കൈവരിക്കുന്നുമില്ല. പിന്നെന്തിനാണ് ഇത് കാണിക്കുന്നത്? അറിയാതെ തന്നെ മത്സരാര്‍ത്ഥിയെ അപമാനിക്കുന്ന പരിപാടിയല്ലേ ഇത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സൗജന്യമായി അരി വിതരണം, വസ്ത്ര വിതരണം എന്നൊക്കെ പറഞ്ഞ് മുന്‍കാലങ്ങളില്‍ പത്രങ്ങളില്‍ പടം വരുമായിരുന്നു. അരിയോ വസ്ത്രമോ വാങ്ങാന്‍ വരുന്നവരുടെ ഗതികേടോ മാനസീകാവസ്ഥയോ സംഘാടകര്‍ കണക്കിലെടുക്കാറില്ലെങ്കിലും ക്രമേണ പത്രങ്ങള്‍ അത്തരം പടങ്ങള്‍ പ്രസിദ്ധീകരിക്കാതായി. സംഘാടകരുടെ സുഖത്തിന് തങ്ങളുടെ ഇല്ലായ്മ ലോകത്തെ അറിയിക്കേണ്ടി വരുന്നവരുടെ ഗതികേട് പത്രങ്ങള്‍ എങ്കിലും മനസിലാക്കിയെന്നര്‍ഥം.

ഏതെങ്കിലും മത്സരത്തില്‍ ഒരാള്‍ വലിയ നേട്ടം കൈവരിച്ചാല്‍ അയാളുടെ യഥാര്‍ഥ സാഹചര്യം കാണിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. ഇത്രയും താണ നിലയില്‍ നിന്ന് ഇതേവരെ എത്തിയല്ലോ എന്ന് അഭിമാനിക്കാം. പക്ഷെ ഏതെങ്കിലും മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ ദാരിദ്ര്യം പറഞ്ഞുകൊണ്ടും കാണിച്ചുകൊണ്ടും വന്നിട്ടെന്തുകാര്യം?

വലിയ തുക ഒരാള്‍ക്ക് ലോട്ടറിയടിച്ചാല്‍ അയാളുടെ യഥാര്‍ത്ഥ ജീവിതം കാണിക്കുന്നതിലര്‍ഥമുണ്ട്. ദാരിദ്ര്യം ഒരു ജീവിതരീതിയായിരിക്കുന്ന സമൂഹത്തില്‍ ഒരാള്‍ ദരിദ്രനാണെന്നു പറയുന്നതില്‍ പ്രത്യേകിച്ചൊരു പുതുമയുമില്ല. അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ ദരിദ്രരായിപ്പോകുന്നത് ഒരു പക്ഷെ അന്വേഷണവിധേയമാക്കാം. അമേരിക്കയില്‍ പോലും തലമുറകളായി പീഡിപ്പിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ ദരിദ്രനായി ജീവിക്കുന്നുവെങ്കില്‍ അതില്‍പോലും അതിശയത്തിനവകാശമില്ല.

ടിവിയിലെ മറ്റൊരു അരോചകമായ മറ്റൊരു കാര്യമാണ് ശരീരം കാണിക്കുക, അടിവസ്ത്രം മാത്രമിട്ട് നില്‍ക്കുക തുടങ്ങിയവ. പല പരിപാടികളിലും ഇതൊരു പതിവ് കാഴ്ചയാണ്. ഇങ്ങനെ ചെയ്താല്‍ അതിലെന്തോ തമാശയാണെന്ന് പലരും ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു. ഒരു തമാശയുമില്ല കേട്ടോ.

മറ്റൊന്ന് ടിവി പരിപാടികളില്‍ മാര്‍ക്കിടാനിരിക്കുന്ന പലരും എന്തോ രോഗബാധിതരെപ്പോലെ തോന്നും അവരുടെ ഇരിപ്പ് കണ്ടാല്‍. ചിലരുടെ ഇരിപ്പ് കണ്ടാല്‍ മൂലക്കുരുവിന്റെ അസ്ഖ്യത ഉള്ളവരാണെന്നും തോന്നും. ലക്ഷോപലക്ഷം പേര്‍ കാണുന്ന പരിപാടിയില്‍ പുഞ്ചിരിക്കുന്ന ഉത്സാഹഭരിതമായ മുഖം കാണാക്കാനാവില്ലെങ്കില്‍ എന്തൊരു കഷ്ടം?

പുളി കുടിക്കുന്ന മുഖഭാവവുമായി ചിലര്‍ വാര്‍ത്ത വായിക്കുന്നത് കാണുമ്പോഴും രണ്ടു ചീത്ത പറയാന്‍ കാണികള്‍ക്ക് തോന്നിയെന്നു വരും. വ്യക്തിപരമായി
എന്തു പ്രശ്‌നമുണ്ടെങ്കിലും ജനത്തെ അത് അറിയിക്കേണ്ടതില്ലല്ലോ?

ഏറ്റവും അരോചകമായ മറ്റൊരു കാര്യം കൂടി പറയട്ടെ. അടുത്തയിടയ്ക്കാണ് നിയമസഭാ സമ്മേളനം ടിവിയില്‍ കാണാനിടയായത്. മുണ്ടുപൊക്കല്‍, തെറി വിളിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ കാണികള്‍ നിറയെ ആസ്വദിക്കുന്നു. നിങ്ങളെ തെരഞ്ഞെടുത്തതിന് ഞങ്ങളത് അര്‍ഹിക്കുന്നു.
പക്ഷെ നിയമസഭാ സാമാജികരില്‍ പലരും മൂക്കിലും ചെവിയിലും കൈയ്യിട്ടിരിക്കുന്നതു കാണുമ്പോള്‍ ഓക്കാനം വരും.
അതു മോശമാണെന്നവര്‍ അറിയുന്നുണ്ടോ എന്തോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക