Image

സീറോ മബാര്‍ കണ്‍വെന്‍ഷന്‍ വിശ്വാസീ സമൂഹസംപൂജ്യ സമാഗമം

Thomas Cawanan Published on 08 May, 2012
സീറോ മബാര്‍ കണ്‍വെന്‍ഷന്‍ വിശ്വാസീ സമൂഹസംപൂജ്യ സമാഗമം

"ഞാന്‍ മു
ന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്"(John 15, 5) സീറോ മലബാര്‍ സഭ നൂറ്റാണ്ടുകളിലൂടെ വൈദേശികാധിപത്യങ്ങളെയും മറ്റു പല പ്രതിസന്ധികളെയും അതിജീവിച്ച് തനതായ ആരാധനക്രമങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും രൂപപ്പെടുത്തി, യേശു ക്രിസ്തുവില്‍ ആഗോളസഭയാകുന്ന മുന്തിരിച്ചെടിയുടെ അതിമനോഹരമായതും ഫലപുഷ്ടിയാര്‍ന്നതുമായ ഒരു ശാഖയായി രൂപം കൊണ്ട് വളര്‍ന്ന് പുഷ്ടി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.

വി. തോമ്മാശ്‌ലീഹാ തന്റെ ഗുരുനാഥനില്‍ നിന്നു നേരിട്ടു സ്വീകരിച്ച വിശ്വാസ ദീപശിഖ എ.ഡി. 52 ല്‍ മൈലാപ്പൂരില്‍ വന്നു കൊളുത്തിയതോടെ ഭാരത സഭയ്ക്ക്, പ്രത്യേകിച്ചു കേരള സഭയ്ക്ക് ആരംഭം കുറിച്ചു. പല ദേവന്‍മാരെ ആരാധിച്ചിരുന്ന ഒരു ജനതയ്ക്ക് ഒരേക ദൈവത്തെ കാട്ടികൊടുത്തു കൊണ്ട് ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയിലേക്കുള്ള വഴിതെളിച്ചപ്പോള്‍ സെയ്റ്റ് തോമസ് ക്രീസ്തീയ കൂട്ടായ്മ രൂപം കൊണ്ടു നൂറ്റാണ്ടുകളിലൂടെ വളര്‍ന്നു പന്തലിച്ചു.

പൗരസ്ത്യ ക്രിസ്തീയ നേതൃത്വം വളര്‍ത്തിയെടുത്ത മലബാര്‍ സഭ കാലത്തിന്റെ ഒഴുക്കില്‍ പാശ്ചാത്യ സഭാ നേതൃത്വത്തിന്റെ ഇടപ്പെടലിനെ അതിജീവിച്ച് തനതായ ആരാധനക്രമവും ആചാരാനുഷ്ടാനങ്ങളും കെട്ടിപ്പടുത്ത് ആഗോള സഭയുടെ ഉച്ചിയില്‍ വിളങ്ങുന്ന മുത്തായി മാറി. ഇപ്പോള്‍ സ്വയം ഭരണാധികാരം നേടി യേശുവാകുന്ന മുന്‍തിരിച്ചെടിയിലെ തളിര്‍ത്തുല്ലസിക്കുന്ന ശിഖരമാണു നമ്മള്‍.

കൊച്ചു കേരളമണ്ണില്‍ നിന്ന് ഈ ശിഖരം പടര്‍ന്നു പന്തലിച്ച് ലോകമാകെ ഇതളുകള്‍ വിരിച്ച് കഴിഞ്ഞു. അങ്ങനെ നോര്‍ത്തമേരിക്കയിലേയ്ക്കു വള്‍ന്നു പിരിഞ്ഞു സീറോ മലബാര്‍ കാത്തോലിക്കാ കുടുംബങ്ങള്‍ ഒന്നായി വന്നുചേരുകയാണ് അറ്റ്‌ലാന്റായില്‍.

കുടുംബങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഏതൊരു പ്രസ്താനത്തിന്റെയും വിജയത്തിന്റെ മുന്നോടി. വിശ്വാസത്തില്‍ ഒത്തൊരുമയോടെ നൂറ്റാണ്ടുകളിലൂടെ കെട്ടിപ്പടുത്ത കേരളീയ, ഭാരതീയ സംസ്‌കാരത്തിന്റെ ദീപശിഖകളുമായി സീറോ മലബാര്‍ കുടുംബാംഗങ്ങള്‍ ഒന്നുചേരുമ്പോള്‍ പങ്കുവെയ്ക്കാനുള്ളവ അനവധിയാണ്. ഈ നൂറ്റാണ്ടിന്റെ ഒരാവശ്യം തന്നെയാണ് നമ്മുടെ കൂട്ടായ്മ. അര്‍പ്പണ മാനസരായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളാണ് സീറോ മലബാര്‍ സഭയെ വളര്‍ത്തി പുഷ്ടിപ്പെടുത്തി നിലനിറുത്തേണ്ടത്.

കക്തിയും തേജസുമാര്‍ന്ന ഒരുമയില്‍ കത്തിജ്ജ്വലിക്കുന്ന വിശ്വാസ സാംസ്‌കാരിക ദീപങ്ങള്‍ ഇളംതലമുറയ്ക്കു കൈമാറണമെങ്കില്‍ ഈ കുടുംബാംഗങ്ങള്‍ ഒന്നിച്ചേ മതിയാകൂ. കുടുംബങ്ങളിലും, കുടുംബങ്ങളിലൂടെ സഭാ സമൂഹങ്ങളിലും, സഭാ സമൂഹങ്ങളിലൂടെ ആഗോള സഭയിലും, മറ്റു വിശ്വാസ സമൂഹങ്ങളിലും ആദ്‌യാല്‍മീകത വളര്‍ത്തിയെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

അതിവേഗ ജീവിതമാണ് ഇന്നു മനുഷ്യന്റേത്. ഈ സൂപ്പര്‍ ഫാസ്റ്റ് ജീവിതത്തില്‍ ബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിക്കുന്നു. ബന്ധങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ പോലും സമയം കണ്ടെത്താനാവാത്ത യാന്ത്രികജീവിതം. ഭാര്യാ ഭര്‍ത്തൃബദ്ധങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്ന രീതിയില്‍ സ്പന്ദിക്കുന്ന ബോംബുകളായികൊണ്ടിരിക്കുന്നു.
പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടും ചേരും. അവര്‍ രണ്ടു പേരും ഒന്നാവുകയും ചെയ്യും(എഫേസോസ് 5,30). പൗലോസ് ശ്ലീഹാ എഫേസ്യര്‍ക്കെഴുതിയ ലേഖനത്തില്‍ വളരെ വ്യക്തമായി ഭാര്യഭര്‍ത്തൃബന്ധം ക്രിസ്തീയ വീക്ഷണത്തില്‍ എന്താണ് എന്തായിരിക്കണം എന്നു വിശദീകരിക്കുകയാണ്. പുരുഷന്‍ ശിരസായിരിക്കുന്ന കുടുംബത്തിലെ ജീവസ്രോതസാണ് ഭാര്യ. അവള്‍ കുടുംബത്തിന്റെ സ്പന്ദിക്കുന്ന ഹൃദയമാണ്. ഒരു ശരീരവും ഒരു മനസ്സുമായിത്തീരുന്ന ഭാര്യഭര്‍ത്തൃബന്ധത്തില്‍ നിന്നും പുറപ്പെടുന്ന ഉജ്ജ്വല നക്ഷത്രങ്ങളാണ് കുഞ്ഞുങ്ങള്‍. പൗലോസ് സ്ലീഹാ വിഭാവന ചെയ്യുന്ന കുടുംബം ക്രിസ്തുവിന്റെ ഭൗതിക ശരീരത്തിലെ മനോഹരമായ ആഭരണമാണ്.

പക്ഷേ ഇന്ന് ഈ ആഭരണത്തിലെ മുത്തുമണികള്‍ അകലുന്നു, അടരുന്നു, പൊട്ടിച്ചിതറുന്നു. ഭൗതികത അതിവേഗത്തില്‍ ആവരണം ചെയ്ത് മനുഷ്യമനസ്സിനെ കീഴടക്കുമ്പോള്‍ ഭാര്യഭര്‍ത്തൃബന്ധം പണത്തിന്റെയും സമ്പത്തിന്റെയും അളവുകോലുകള്‍ കൊണ്ട് നിര്‍ണയിക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. ഭാര്യ ഭര്‍ത്താവിനെയോ ഭര്‍ത്താവ് ഭാര്യയേയോ കണ്‍ട്രോള്‍ ചെയ്ത് വ്യവസ്തകളോടെ മാത്രമുള്ള താത്കാലിക ബന്ധമായി മാറുന്നു. മരണംവരെ വ്യവസ്തയില്ലാത്ത സ്‌നേഹത്തില്‍, ഉയര്‍ച്ചയിലും താഴ്ചയിലും, സുഖത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, വിജയത്തിലും പരാജയത്തിലും ഒരു മനസ്സായി ജീവിക്കേണ്ടവര്‍ ഭിന്നിക്കുന്നു, വേര്‍പ്പെടുന്നു, ജീവിതം നരകമാക്കി മാറ്റുന്നു. ഈ പ്രവണത വരും തലമുറയ്ക്ക് കൈമാറുന്നു.

അധികമാരു മറിയാതെ ഒരു പാടു പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന അനേകം കുടുംബങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. മാതൃകാ കുടുംബങ്ങളായി പൊതുജനത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവ പലപ്പോഴും നീറിപ്പുകയുന്ന ചിതകളായിരിക്കാം.

ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിന്റെ ഭാര്യാ ഭര്‍ത്തൃബന്ധം ഒരു വലിയ രഹസ്യം ആണ് എന്ന് പൗലോസ് ശ്ലീഹാ പറയുന്നു. ഇതു തികച്ചും ശരിയുമാണ്. ദിവ്യബലിയിലൂടെ ദിവ്യകാരുണ്യത്തിലേക്ക് അടുക്കുന്ന നമുക്ക് ദിവ്യകാരുണ്യത്തിലെ മഹാരഹസ്യമെന്തെന്നറിയാം. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുചേര്‍ന്ന് മനുഷ്യാത്മാവിനെ പരിപോഷിപ്പിക്കുവാന്‍ ഹൃദയങ്ങളിലേയ്ക്കു ഇറങ്ങി വരുന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. പിതാവും മാതാവും(ഭര്‍ത്താവും ഭാര്യയും) ഒന്നുചേര്‍ന്നു. ഫലമോ പുതുജീവനുകളുടെ ഉത്പാദനവും.

ദിവ്യകാരുണ്യത്തിലെ പിതാവു പുത്രന്‍ പരിശുദ്ധാത്മബന്ധം പോലെ സുദൃഢമായിരിക്കണം കുടുംബജീവിതത്തില്‍ മാതൃപിതൃമക്കള്‍ ബന്ധം. ഈ കാഴ്ച്ചപ്പാടാണ് വിശുദ്ധമായ കുടുംബജീവിതത്തിനു നമ്മെ പ്രേരിപ്പിക്കേണ്ടത്.

അറ്റ്‌ലാന്റായിലെ കണ്‍വെന്‍ഷന്‍ ഹാളിലേയ്ക്കു കടന്നു വരുന്ന കുടുംബങ്ങള്‍ക്ക് ഇപ്രകാരമുള്ള ദിവ്യ നവീന വീക്ഷണം കിട്ടുവാന്‍ ഇടവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടയില്‍ ബദ്ധങ്ങളെ വിശകലനം ചെയ്ത് പുതുക്കി മിനുക്കാനുള്ള ഒരവസരമായി നമുക്കു നമ്മുടെ കണ്‍വെന്‍ഷനെ മാറ്റാം. വന്നുചേരാം ഒന്നുചേര്‍ന്നു പ്രാര്‍ത്ഥിച്ചു സന്തോഷിച്ചാനന്ദിക്കാം. വരാന്‍ പോകുന്ന നാലുദിനങ്ങള്‍ ആത്മാവിനും, മനസ്സിനും, മസ്തിഷ്‌ക്കത്തിനും ഉത്തേജനമേകുന്നതും ഭക്തിനിര്‍ഭരവും ക്രിസ്തീയ കലാവിരുന്നുകള്‍കൊണ്ടു നിറഞ്ഞതുമായിരിക്കുമെന്നു നമുക്കറിയാം.

ലോകം അതിശയത്തോടെ, ആരാധനയോടെ, ഓര്‍മ്മിക്കുന്ന കലാകാരന്മാരുണ്ട്. ഡാവിന്‍ചിയും, മൈക്കല്‍ ആഞ്ചലോയുമൊക്കെ അത്തരത്തിലുള്ള കലാകാരന്‍മാരാണ്. എന്നാല്‍ ഈ പ്രപഞ്ചമാകട്ടെ അനശ്വര കലാകാരനായ ദൈവത്തിന്റെ അതിമഹത്തായ കലാസൃഷ്ടിയാണ്. അതിലേ കേന്ദ്രബിന്ദു മനുഷ്യനും. ക്രിസതീയ കുടുംബമാകട്ടെ ഭൂമിയുടെ പശ്ചാത്തലത്തില്‍ അനശ്വര കലാകാരനായ ദൈവം വരച്ചുപിടിപ്പിക്കുന്ന സജീവചിത്രവും. അങ്ങനെയുള്ള അനേക സജീവ ചിത്രങ്ങള്‍, സീറോ മലബാര്‍ കുടുംബങ്ങള്‍ അറ്റ്‌ലാന്റായിലെ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒന്നിച്ചു കൂടുമ്പോള്‍ അതെത്ര മനോഹരമായിരിക്കും. വരുവിന്‍ നമുക്കൊന്നിച്ചു കൂടാം. പങ്കുവെയ്ക്കാനൊരുപാടില്ലേ. ആ നാലുദിനങ്ങള്‍ കഴിഞ്ഞു തിരികെ പോകുമ്പോള്‍ തീര്‍ച്ചയായും യേശുവിലൂടെ ഐക്യത്തില്‍ പുതിയൊരുണര്‍വും ദിവ്യമായ ഒരു കാഴ്ചപ്പാടും നമുക്കുണ്ടാകും. ക്രിസ്തീയ കുടുംബജീവിതത്തിന്റെ ഭവ്യതയും ദിവ്യതയും തീര്‍ച്ചയായും നമുക്കനുഭവപ്പെടും.
സീറോ മബാര്‍ കണ്‍വെന്‍ഷന്‍ വിശ്വാസീ സമൂഹസംപൂജ്യ സമാഗമം
Thomas Cawanan
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക