Image

ഉഷാ ക്രുഷ്ണകുമാറിനു മറ്റൊരു നിയമം വേണമെന്നു പറയാമോ?

സിബി ഡേവിഡ് Published on 09 May, 2012
ഉഷാ ക്രുഷ്ണകുമാറിനു മറ്റൊരു നിയമം വേണമെന്നു പറയാമോ?
മലയാള ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങളില്‍ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു 'കാര്യം' വായിച്ചതിനുശേഷം മനസ്സില്‍ വന്ന ചില ചിന്തകളാണ് ഇതെഴുതുവാന്‍ പ്രചോദനം. മുകളില്‍ എഴുതിയിരിക്കുന്നത് പോലെ അതൊരു 'കാര്യം' മാത്രമായിരുന്നുവെന്നാണ് ലേഖകന്റെ വാദം.

'കാര്യ'മിതാണ് ഉഷാ കൃഷ്ണകുമാറിനെ ന്യൂയോര്‍ക്കില്‍ സുരക്ഷാപരിശോധനയ്ക്കുവേണ്ടി തടഞ്ഞു. സ്വഭാവികമായും നിങ്ങളെപ്പോലെ ഞാനും നെറ്റി ചുളിച്ചു. മനസ്സില്‍ കുറെ ചോദ്യങ്ങള്‍.
ആരാണീ ഉഷാ കൃഷ്ണകുമാര്‍?
കൃഷ്ണകുമാര്‍ ഐ.എ.എസിന്റെ ഭാര്യ. കൃഷ്ണകുമാറിനെ ശരാശരി മലയാളികള്‍ക്കൊക്കെ കേട്ടറിവുണ്ട്.
എന്തുകൊണ്ട് ഉഷാ കൃഷ്ണകുമാറിനെ എയര്‍പോര്‍ട്ടില്‍ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയയാക്കിക്കൂടാ?

അമേരിക്കയില്‍ അത്തരം പരിഗണനകള്‍ക്കവര്‍ അര്‍ഹയാണൊ? അഥവാ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?

അടുത്തിടെ, നടന്‍ ഷാരൂഖാനെ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ദീര്‍ഘ പരിശോധനയ്ക്ക് വിധേയനാക്കിയത് ചൂടൂ വാര്‍ത്തയായിരുന്നു. ഉന്നത തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ അക്കാര്യത്തില്‍ ഉണ്ടായി. അതും ഒരു വിവാദമായി. അതിനുമുമ്പ് ചില കേന്ദ്രമന്ത്രിമാര്‍, നടന്‍ കമലഹാസന്‍, രാഹൂല്‍ഗാന്ധി, എന്തിന് നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം പോലും എയര്‍പോര്‍ട്ടില്‍ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നത് വലിയ വിവാദവാര്‍ത്തകളായിരുന്നു.

ഒരു പക്ഷെ ഷാരൂഖ്ഖാന്റെ മുഖാകൃതിയിലുള്ള മറ്റൊരു ഖാന്‍ ഭീകരപ്പട്ടികയിലുണ്ടായിരിക്കാം!

സത്യസന്ധമായി പറഞ്ഞാല്‍, അബ്ദുള്‍കലാമിനെ ദീര്‍ഘ പരിശോധനയ്ക്ക് വിധേയനാക്കിയത് ഒഴിവാക്കാമായിരുന്നു. അതും, ഒരു രാഷ്ട്രത്തിന്റെ മുന്‍തലവനെ അതേ രാജ്യത്തിന്റെ തലസ്ഥാനത്ത് വച്ച് ചോദ്യം ചെയ്തുവെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. (രാഹൂല്‍ ഗാന്ധിയെ തടഞ്ഞു വച്ചതിന്റെ മുഖ്യകാരണം, കണക്കില്‍പ്പെടാത്ത തുക ഡോളറായി അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതാ ണെന്നാണ് വായിച്ചറിഞ്ഞത്.)

എന്നാല്‍ സാധാരണ പൗരന്റെ പരിഗണന മാത്രം അര്‍ഹിക്കുന്ന ഉഷാ കൃഷ്ണകുമാറിനെ എന്തുകൊണ്ട് ചോദ്യം ചെയ്തുകൂടാ എന്ന സംശയം ന്യായമായും ലേഖകന്റെയും വായനക്കാരുടെയും നെറ്റി ചുളിപ്പിക്കും.

ഒരു സുരക്ഷാ പരിശോധകന്റെ മുമ്പില്‍ ദിവസംതോറും പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്ന ആയിരക്കണക്കിന് യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് നിങ്ങളും, ഞാനും, ഉഷാകൃഷ്ണകുമാറുമൊക്കെ. പരിശോധകന്റെ കാഴ്ച്ചപ്പാടില്‍ യാത്രക്കാരന്‍ കുറ്റവാളിയോ, തീവ്രവാദിയോ ആകാം. അത്തരം സാധ്യതകളാണ് അയാള്‍ തിരയുന്നത്. അല്ലാതെ അയാള്‍ സ്‌നേഹം കൊണ്ട് തലോടുന്നതല്ല. പരിശോധന ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട ്. അതു തെറ്റിച്ചാല്‍ അയാള്‍ കുറ്റവാളിയാകും. യാത്രക്കാരന്‍, ഇന്ത്യാക്കാരന്‍ ആയതുകൊണ്ടോ, പ്രായമുള്ള ആളായതുകൊണ്ടോ, രാഷ്ട്രീയക്കാരുടെ പിണിയാളായതുകൊണ്ടോ പരിശോധന വേണ്ടെന്ന് വയ്ക്കാനോ, ദീര്‍ഘിപ്പിക്കുവാനോ സുരക്ഷാ ഉദ്യോഗസ്ഥന് സാധിക്കില്ല.

എന്താണ് നമ്മളെ ചൊടിപ്പിക്കുന്നത ്?
നിയമ വിധേയമായി സാധാരണക്കാരപ്പോലെ പെരുമാറാന്‍ നമുക്ക് മനസ്സില്ല. പ്രത്യേക പരിഗണന വേണം. സാധാരണക്കാരുടെ കൂട്ടത്തില്‍ നിന്നാല്‍ നമ്മള്‍ ചെറുതായിപ്പോയെന്ന അപകര്‍ഷത. അതുമല്ലെങ്കില്‍ നിയമങ്ങള്‍ക്ക് അതീതരാണെന്ന അഹംഭാവം.

തീര്‍ച്ചയായും, കൃഷ്ണകുമാറിന് സമം സാമൂഹ്യ പദവിയുള്ളവര്‍ക്കൊക്കെ നമ്മുടെ ഇന്ത്യയില്‍ ഇത്തരം പരിഗണനകളൊക്കെ കിട്ടുമായിരിക്കാം. അവരൊക്കെ നിയമത്തിന ് അതീതരായിരിക്കാം. അതു് അവിടുത്തെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സാഹചര്യങ്ങള്‍.

വിദേശങ്ങളില്‍ നിന്നും നാട്ടില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് എന്തെല്ലാം പീഢനങ്ങളാണ് എയര്‍പോര്‍ട്ട് മുതല്‍ അനുഭവിക്കേണ്ടി വരുന്നത?. ഈയിടെ നാം വായിച്ചു, ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്ക് പോലും പ്രത്യേക ഡ്യൂട്ടി അടയ്ക്കണമെന്ന്.

മറ്റൊരു രാജ്യത്തു പോകുമ്പോള്‍ അവിടുത്തെ നിയമ സംവിധാനങ്ങള്‍ പാലിക്കുവാനുള്ള ക്ഷമയും, സാവധാനതയും നമുക്കു ഉണ്ടായിരിക്കണം. അതുകൊണ്ട് നാം ചെറുതായിപ്പോകില്ല.

സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്കയില്‍ ഒരൊറ്റ തീവ്രവാദി ആക്രമണം പോലും ഉണ്ടായില്ല എന്നതു ഇവിടുത്തെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടു മാത്രമാണ്.

കഴിഞ്ഞ 10-11 വര്‍ഷങ്ങള്‍ക്കിടെ എത്രയൊ ആക്രമണ പദ്ധതികള്‍ പോലീസ് നിര്‍വീര്യമാക്കിയെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച ് അമേരിക്കയുടെ നാശം ആഗ്രഹിക്കുന്ന സ്വദേശിയവും വിദേശിയവുമായ അനേകം ശക്തികളുള്ളപ്പോള്‍ വിശദമായ സുരക്ഷാ സംവിധാനങ്ങള്‍ തുടരുക സ്വാഭാവികം തന്നെ.

2002 ജനുവരിയില്‍ ഫ്‌ളോറിഡാ ഗവര്‍ണറായിരുന്ന ജെഫ് ബുഷിന്റെ മകള്‍ നോയേല്‍ ബുഷിനെ വ്യാജ മരുന്ന് കുറിപ്പ് കേസില്‍ ഫ്‌ളോറിഡാ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആ സമയത്ത്, ജെഫ് ബുഷിന്റെ സഹോദരന്‍ ജോര്‍ജ്ജ് ബുഷ് ആയിരുന്നു അമേരിക്കയുടെ പ്രസിഡന്റ് ! അതേ കാലഘട്ടത്തില്‍ ജോര്‍ജ്ജ് ബുഷിന്റെ മകളും ടെക്‌സാസില്‍ മദ്യപാനക്കേസില്‍ പോലീസ് നടപടികള്‍ക്ക് വിധേയയായിട്ടുളള ത് മാധ്യമങ്ങളില്‍ വായിച്ചത് ഓര്‍മ്മയുണ്ടാവുമല്ലോ. അന്നും നമ്മള്‍ നെറ്റി ചുളിച്ചിട്ടുണ്ടാവും.

ന്യൂയോര്‍ക്ക് സിറ്റിയുടെ മുന്‍ പോലീസ് കമ്മീഷണര്‍ ബര്‍നാര്‍ഡ് കെറിക് (സെപ്റ്റംബര്‍ 11 കാലഘട്ടത്തില്‍ അദ്ദേഹമായിരുന്നു എന്‍.വൈ.പി.ഡി പോലീസ് കമ്മീഷണര്‍) ഇപ്പോള്‍ മെരിലാന്‍ഡില്‍ ജയിലിലാണ്. കാരണമെന്താണെന്നോ? പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ഉടമ്പടിയുണ്ടായിരുന്ന ഒരു കരാറുകാരന്‍ പ്രത്യുപകാരമായി കമ്മീഷണറുടെ വീട്ടില്‍ അറ്റക്കുറ്റപ്പണികള്‍ ചെയ്തു കൊടുത്തുവത്രെ. കൂടാതെ, നികുതി വെട്ടിപ്പും, അത്രമാത്രം.

ഞാന്‍ നെറ്റി ചുളിച്ചതിന്റെ മൂന്നാമത്തെ കാരണം, ഉഷാ കൃഷ്ണകുമാറിനെ സുരക്ഷാ പരിശോധനയ്ക്ക് വിധേയയാക്കി, ഡോക്യുമെന്റ് പരിശോധിച്ച് ഉടന്‍ തന്നെ വിട്ടയച്ചു എന്നത് എങ്ങനെയാണ് പ്രാദേശിക തലത്തില്‍പ്പോലും ഒരു വാര്‍ത്തയാകുന്നത്?

ഈ പ്രസിദ്ധീകരണങ്ങള്‍ക്കൊക്കെ എഡിറ്റര്‍മാര്‍ ഉണ്ടാവില്ലെ?

ന്യായമായും ഒരു പ്രസക്തിയും ഇല്ലാത്ത ഒരു കാര്യം എങ്ങിനെയാണ് അന്താരാഷ്ട്ര തലത്തില്‍ രണ്ട് കോളം വാര്‍ത്തയാകുന്നത്?

മാധ്യമ പ്രവര്‍ത്തകര്‍ നുണ പ്രചാരകന്മാരും സ്തുതി പാഠകരുമായി തരംതാഴരുത്.
ഇത്തരം വാര്‍ത്തകള്‍ ഉല്പ്പാദിപ്പിക്കുന്നവരുെട ആത്യന്തിക ലക്ഷ്യമെന്താണ്?
പരിതപിക്കുകയല്ലാതെ എന്തു ചെയ്യാം?

ഇനി മറ്റൊരു വശം നോക്കാം.

ഇതേ ഉഷാകൃഷ്ണകുമാറിനെ, ഈ വാര്‍ത്ത പടച്ചുവിട്ടയാള്‍ തന്നെ ഡല്‍ഹിയില്‍ ചെന്ന് ഒരു അത്യാഹിത സാഹചര്യത്തില്‍ ഒന്നു ഫോണ്‍ ചെയ്തു നോക്കു. ഉഷാകൃഷ്ണകുമാര്‍ തിരക്കിലായിരിക്കും. അതുമല്ലെങ്കില്‍ അവര്‍ പരിധിക്ക് പുറത്തായിരിക്കും.

ഈ ഘട്ടത്തില്‍ ലേഖകന്‍ ചോദിക്കുന്നു. ഒബാമയുടെ മുഖാകൃതിയും, ശരീര സാമ്യവുമുള്ളയൊരാള്‍ പത്തുപേരുടെ അകമ്പടിയോടെ വന്നു രാത്രി പന്ത്രണ്ട് മണിക്ക് നിങ്ങളുടെ വീടിന്റെ ഡോര്‍ബെല്‍ അടിക്കുന്നു. ഒന്നും അന്വേഷിക്കാതെ നിങ്ങള്‍ പെട്ടെന്ന് കതക് തുറക്കുമോ?

ഐ ഡോണ്‍ഡ് തിങ്ക് സോ !

ഉഷാ ക്രുഷ്ണകുമാറിനു മറ്റൊരു നിയമം വേണമെന്നു പറയാമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക