Image

ജര്‍മന്‍ വിദ്യാഭ്യാസമന്ത്രി കോപ്പിയടിച്ച്‌ ഡോക്‌ടറേറ്റ്‌ നേടിയെന്ന്‌ ആരോപണം

Published on 09 May, 2012
ജര്‍മന്‍ വിദ്യാഭ്യാസമന്ത്രി കോപ്പിയടിച്ച്‌ ഡോക്‌ടറേറ്റ്‌ നേടിയെന്ന്‌ ആരോപണം
ബര്‍ലിന്‍: ജര്‍മന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അനറ്റെ ഷവാന്‍ മുപ്പത്തിരണ്ട്‌ വര്‍ഷം മുന്‍പ്‌ പഠനകാലത്തും കോപ്പിയടിച്ചാണ്‌ ഡോക്‌ടറേറ്റ്‌ നേടിയെന്ന ആരോപണം ജര്‍മന്‍ രാഷ്‌ട്രീയത്തില്‍ ചൂടുപിടിക്കുന്നു.

കഴിഞ്ഞ ദിവസം പേരു വെളിപ്പെടുത്താത്ത ഒരാള്‍ ഇന്റര്‍നെറ്റിലൂടെയാണ്‌ മന്ത്രിയ്‌ക്കെതിരെ തെളിവു സഹിതം ഗുരുതരമായ ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്‌.

കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ മെര്‍ക്കലിന്റെ മന്ത്രികസേരയില്‍ അംഗമായിരുന്ന പ്രതിരോധമന്ത്രി കാള്‍ തിയഡോര്‍ ഗുട്ടന്‍ബര്‍ഗിന്റെ മന്ത്രി പണി പോയതു തന്നെ ഡോക്‌ടറേറ്റ്‌ പ്രബന്ധം കോപ്പിയടിച്ചതിന്റെ പേരിലായിരുന്നു. ഇതിന്റെ ചൂട്‌ കെട്ടടങ്ങുന്നതിനു മുമ്പുതന്നെ വീണ്ടും മെര്‍ക്കലിന്റെ മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ പേരില്‍ ഇതേ ആരോപണം പൊന്തിവന്നിരിക്കുകയാണ്‌.

മന്ത്രി ഷവാന്‍ 32 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഡ്യൂസല്‍ഡോര്‍ഫ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നേടിയ ഫിലോസഫിയിലുള്ള ഡോക്‌ടറേറ്റ്‌ പ്രബന്ധത്തില്‍ 56 പേജ്‌ മറ്റൊരാളുടെ തനി പകര്‍പ്പാണെന്ന്‌ അജ്‌ഞാതന്റെ കണ്ടെത്തല്‍.

സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വിവാദമായി. മറ്റുള്ളവര്‍ക്ക്‌ മാതൃകയാകേണ്ട വ്യക്‌തി തന്നെ വേലി വിളവ്‌ തിന്നുന്ന സ്‌ഥിതിയിലേക്ക്‌ മാറിയതിനാല്‍ ഉടനടി മന്ത്രി പദവി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ്‌ മന്ത്രി ഷവാന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക