Image

ശൃംഗേരി മരതക ശിവലിംഗ മോഷണത്തിന് അമേരിക്കന്‍ ബന്ധവും; നോര്‍ത്ത് കരോലീനയില്‍ സ്വവര്‍ഗ വിവാഹം വിലക്കി

Published on 09 May, 2012
ശൃംഗേരി മരതക ശിവലിംഗ മോഷണത്തിന് അമേരിക്കന്‍ ബന്ധവും; നോര്‍ത്ത് കരോലീനയില്‍ സ്വവര്‍ഗ വിവാഹം വിലക്കി
കൊച്ചി: ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേ ത്രത്തില്‍ നിന്നും കവര്‍ച്ചചെയ്യപ്പെട്ട മരതക ശിവലിംഗത്തെകുറിച്ചുള്ള അന്വേഷണം അമേരിക്കയിലേക്ക്. യുപി സ്വദേശിയും യുഎസ് പൗരനുമായ സുഭാഷ് കപൂറാണ് മോഷണത്തിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്‌ടെത്തല്‍. ന്യൂയോര്‍ക്കില്‍ പുരാവസ്തു മ്യൂസിയം നടത്തുന്ന സുഭാഷ് കപൂര്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി വിഗ്രഹ മോഷണക്കേസുകളില്‍ സംശയിക്കുന്ന ആളാണ്. ന്യൂയോര്‍ക്കില്‍ ആര്‍ട്ട് ഓഫ് ദ് പാസ്റ്റ് എന്ന പേരിലാണ് ഇയാള്‍ മ്യൂസിയം നടത്തുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി നിംബസ് ഇംപോര്‍ക്ക് ഇന്‍ക് എന്ന പേരില്‍ ഒരു ഇറക്കുമതി സ്ഥാപനവും ഇയാള്‍ നടത്തുന്നുണ്ട്.

യുഎസിന് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ദുബായ്, ഹോംഗ്‌കോംഗ്, അഫ്ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ, കംബോഡിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും ഇയാള്‍ക്ക് ബിസിനസ് ബന്ധങ്ങളുണ്ട്. 2011ല്‍ സിബിഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ജര്‍മനിയില്‍ അറസ്റ്റിലായ സുഭാഷ് കപൂറിനെ വിട്ടുകിട്ടാനായി തമിഴ്‌നാട് പോലീസും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2008ല്‍ അരിയല്ലൂര്‍ ജില്ലയിലെ അരുള്‍മിഗു സുന്ദരേശ്വര്‍, വരദാരാജ പെരുമാള്‍ ക്ഷേത്രങ്ങളില്‍ നിന്ന് 18 പഞ്ചലോഹ വിഗ്രഹങ്ങള്‍ മോഷ്ടച്ച കേസിലാണ് തമിഴ്‌നാട് പോലീസ് സുഭാഷ് കപൂറിനെ തേടുന്നത്.

2009 മാര്‍ച്ച് 27നാണു മരതക ശിവലിംഗം മോഷ്ടിക്കപ്പെട്ടത്. മൈസൂര്‍ മഹാരാജാവ് ശൃംഗേരി പരമാചാര്യനു സമര്‍പ്പിച്ച അതിപുരാതനശിവലിംഗം കോടികള്‍ വിലമതിക്കുന്നതാണ്. വെള്ളികൊണ്ടുള്ള പ്രഭാമണ്ഡലത്തോടൊപ്പമുള്ള പ്രത്യേക പീഠത്തിലായിരുന്നു ശിവലിംഗം പ്രതിഷ്ഠിച്ചിരുന്നത്. ശിവലിംഗത്തോടൊപ്പം പ്രഭാമണ്ഡലവും വെള്ളിപ്പാത്രങ്ങളുടെ വലിയ ശേഖരവും മോഷണം പോയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്നത്തെ എറണാകുളം റൂറല്‍ എസ്പി പി.വിജയന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, പ്രതിപക്ഷനേതാവ്, തുടങ്ങി വന്‍സംഘം ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദര്‍ശിച്ച് ഉടനടി മോഷ്ടാക്കളെ പിടികൂടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രത്യേക സംഘത്തിന്റെ വിശദ അന്വേഷണത്തില്‍ നൂറോളം വിഗ്രഹമോഷണകേസുകള്‍ തെളിയുകയും നിരവധിപേര്‍ പിടിയിലാകുകയും ചെയ്തു. എന്നിട്ടും മരതക ശിവലിംഗ മോഷണക്കേസിനു തുമ്പുണ്ടാക്കാനായിരുന്നില്ല. ക്ഷേത്രമോഷണക്കേസുകള്‍ അന്വേഷിക്കു വാന്‍ ടെംപിള്‍ തെഫ്റ്റ്‌സ് സ്ക്വാഡ് സംസ്ഥാനത്ത് രൂപീകരിക്കുകയും ചെയ്തു. ഇതും ശിവലിംഗ മോഷ്ടാക്കളെ അറസ്റ്റുചെയ്യുന്നതിനു സഹായകമായിരുന്നില്ല.

നോര്‍ത്ത് കരോലീനയില്‍ സ്വവര്‍ഗ വിവാഹം വിലക്കി

നോര്‍ത്ത് കരോലീന: ഇന്ത്യന്‍ വംശയ നിക്കി ഹേലി ഗവര്‍ണറായിരിക്കുന്ന നോര്‍ത്ത് കരോലീന സംസ്ഥാനത്ത് സ്വവര്‍ഗ വിവാഹം വിലക്കുന്ന ഭരണഘടനാഭേദഗതിക്ക് അംഗീകാരമായി. 39നെതിരെ 69 ശതമാനം വോട്ടുകള്‍ക്കാണ് ഭരണഘടനാ ഭേദഗതി പാസായത്. യുഎസില്‍ സ്വവര്‍ഗ വിവാഹം വിലക്കുന്ന മുപ്പതാമത്തെ സംസ്ഥാനമാണ് നോര്‍ത്ത് കരോലീന. സ്വര്‍ഗ വിവാഹത്തിന് നോര്‍ത്ത് കരോലീനയില്‍ നേരത്തെ മുതല്‍ നിരോധനമുണ്ടായിരുന്നെങ്കിലും ഭരണഘടനാ ഭേദഗതിയോടെ സ്വര്‍വ വിവാഹത്തിനുള്ള സാധ്യത പൂര്‍ണമായും അടഞ്ഞു. 2010ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെയാണ് സ്വവര്‍ഗ വിവാഹം നിരോധിക്കാനുള്ള നീക്കത്തിന് വീണ്ടും ജീവന്‍വെച്ചത്. ഫ്‌ളോറിഡ, വെര്‍ജീനിയ, ഒഹായോ സംസ്ഥാനങ്ങളും അടുത്തിടെ സ്വവര്‍ഗ വിവാഗം വിലക്കുന്ന ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു.

യുഎസ് വിമാനത്തില്‍ വ്യാജബോംബ് ഭീഷണി

വാഷിംഗ്ടണ്‍: യുഎസ് വിമാനത്തില്‍ വ്യാജബോംബ് ഭീഷണി. കിഴക്കന്‍ കാലിഫോര്‍ണിയയിലെ ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ നിന്നും ഫൊയേനിക്‌സിലേക്ക് പോകാനിരുന്ന സൗത്ത് ഈസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഭീഷണി. യാത്ര പുറപ്പെടാനായി വിമാനം ടാക്‌സി ബേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കവേയായിരുന്നു ഭീഷണിയെത്തിയത്. പിന്നീട് വിമാനം മാറ്റിയിട്ട് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്‌ടെത്താനായില്ല.

എ.ആര്‍.റഹ്മാന് മയാമി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

ഡേയ്റ്റണ്‍: ഇന്ത്യയുടെ അഭിമാനമായ ഓസ്കാര്‍ ജേതാവ് എ.ആര്‍.റഹ്മാന് യു.എസിലെ മിയാമി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മയാമി യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യാക്കാരനായി മാറിയിരിക്കുകയാണ് സംഗീത ഇതിഹാസമായ റഹ്മാന്‍. ഓഹിയോയിലെ യാഗര്‍ സ്‌റ്റേഡിയത്തില്‍ വച്ച് യൂണിവേഴ്‌സിറ്റിയുടെ 173 മത് വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ വച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്. റഹ്മാന് ലഭിക്കുന്ന നാലാമത്തെ ഡോക്ടറേറ്റാണ് ഇത്.

അലിഗഡ് യൂണിവേഴ്‌സിറ്റിയും, അണ്ണായൂണിവേഴ്‌സിറ്റിയും, ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയുമാണ് ഇതിന് മുന്‍പ് റഹ്മാന് ഡോക്ടറേറ്റ് നല്‍കിയത്. എന്റെ ജീവിതത്തില്‍ വഴികാട്ടിയായത് അച്ഛനും അമ്മയുമാണ്. ജീവിത മൂല്യങ്ങളെ പറ്റി പഠിപ്പിച്ചത് അവരാണ്. സിനിമയില്‍ എന്റെ കരിയറിന്‍ ബ്രേക്ക് നല്‍കിയ റോജ എന്ന ചിത്രത്തില്‍ അവസരം നല്‍കിയ മണിരത്‌നം, ഇന്ത്യയിലെ എന്റെ പ്രിയപ്പെട്ട ആരാധകര്‍ എന്നിവര്‍ക്ക് ഞാന്‍ നന്ദിപറയുന്നു എന്ന് 15,000 വിദ്യാര്‍ത്ഥികള്‍ സാക്ഷിയായ സ്‌റ്റേഡിയത്തില്‍ വച്ച് ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് റഹ്മാന്‍ പറഞ്ഞു.
ശൃംഗേരി മരതക ശിവലിംഗ മോഷണത്തിന് അമേരിക്കന്‍ ബന്ധവും; നോര്‍ത്ത് കരോലീനയില്‍ സ്വവര്‍ഗ വിവാഹം വിലക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക