Image

ഗാന്ധിജിക്കും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമായിരുന്നു

ജോസ്‌ തോമസ്‌, തടിയമ്പാട്‌, ലിവര്‍പൂള്‍ യുകെ Published on 09 May, 2012
ഗാന്ധിജിക്കും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമായിരുന്നു
ടി. പി ചന്ദ്രശേഖരന്റെ അരും കൊലപാതകം സാസ്‌കാരിക കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നീചവും, ഹീനവും ആയി എണ്ണപ്പെടും എന്നുള്ളതില്‍ ആര്‍ക്കും സംശയം ഉണ്ടാകും എന്നു തോന്നുന്നില്ല.

അറേബ്യയിലെ മുഴുവന്‍ സുഗന്ധ വ്യജ്ഞനങ്ങള്‍ കൊണ്ട്‌ വന്ന്‌ സി. പി. എമ്മിന്റെയും അതിന്റെ നേതാക്കന്‍മാരുടെയും കൈകള്‍ കഴുകിയാലും അവരുടെ കൈയില്‍ നിന്നും വമിക്കുന്ന രക്ത ഗന്ധം ഒഴിവാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല കാരണം പോലീസിന്റെ അന്വേഷണത്തില്‍ നിന്നും പുറത്തു വരുന്ന വിവരം സി. പി. എമ്മിനുനേരെ തന്നെയാണ്‌ അന്വേഷണത്തിന്റെ കുന്ത മുന നീളുന്നത്‌ എന്നാണ്‌.

ബ്രിട്ടീഷ്‌കാര്‍ക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടി ജനങ്ങളില്‍ നിന്നും 5 രൂപ വീതം പിരിച്ച്‌ മാതൃഭൂമി എന്ന പത്രം തുടങ്ങി ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും കെട്ടു കെട്ടിച്ച കെ. പി. കേശവമേനോന്റെ നാട്ടിലാണ്‌ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി മാര്‍സ്സിസ്റ്റ്‌ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‌ ഈ ദുരന്തം സംഭവിച്ചത്‌ എന്നത്‌ വിധി വൈപരീത്യമായി കാണാം.

ലോക പത്രദിനത്തില്‍ ഏറ്റവും കുറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ആഫ്രിക്കന്‍ രാജ്യങ്ങളായ എരിത്തിരിയ, സോമാലിയ എന്നിവയും അറേബ്യന്‍ രാജ്യങ്ങളായ യെമനും, ഇറാനും ഒക്കെയാണെങ്കില്‍ ഒരു പക്ഷെ നാളകളില്‍ അത്‌ കേരളം ആയി മാറുമോ എന്നു ശങ്കിക്കേണ്ടി ഇരിക്കുന്നു. ഈ അരും കൊലപാതകത്തോട്‌ ലോകത്ത്‌ അങ്ങോളം ഇങ്ങോളം ഉള്ള മലയാളികളുടെ പ്രതിഷേധം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ അടിയില്‍ അഭിപ്രായം എഴുതാന്‍ കൊടുത്തിരിക്കുന്ന സ്ഥലത്ത്‌ നോക്കിയാല്‍ കാണാന്‍ കഴിയും.

ഒരിക്കല്‍ മഹാത്മാഗാന്ധി പറഞ്ഞ എന്റെ അഹിംസാ സമരം കമ്മ്യൂണിസ്റ്റ്‌ സ്റ്റാലിനോടോ, അല്ലെങ്കില്‍ ഹിറ്റ്‌ലറോടോ ആയിരുന്നുവെങ്കില്‍ പരാജയപ്പെടുമായിരുന്നു, അത്‌ ഇംഗ്ലീഷുകാരോട്‌ ആയത്‌ കൊണ്ടാണ്‌ വിജയിച്ചതെന്ന്‌. കമ്മ്യൂണിസ്റ്റുകാരുടെയും, ഫാസിസ്റ്റുകളുടെയും അസഹിഷ്‌ണുത ഗാന്ധിജി എത്ര നേരത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ബ്രിട്ടീഷുകാരുടെ സ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റ്‌കാരാണ്‌ ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ഗാന്ധി കമ്മ്യൂണിസ്റ്റ്‌കാര്‍ക്കെതിരെയാണ്‌ സമരം നയിച്ചിരുന്നതെങ്കില്‍ ലോകം ബഹുമാനിക്കുന്ന ആ മനുഷ്യന്‌ ഒരു പക്ഷെ ചന്ദ്രശേഖരന്റെ ഗതി ആയിരിക്കില്ലേ വന്നു ഭവിക്കുന്നത്‌ എന്നു ചിന്തിച്ചു പോകുന്നു.

ഇത്തരം ഹീനവും പൈശാചികവും ആയ കൊലപാതകങ്ങള്‍ നടത്തി പാര്‍ട്ടി വളര്‍ത്താന്‍ ക്വൊട്ടേഷന്‍ സംഘങ്ങളുടെ സഹായം സ്വീകരിക്കുന്ന ഈ പാര്‍ട്ടി ഇന്ന്‌ എവിടെ എത്തി നില്‍ക്കുന്നു എന്ന്‌ ഒന്നു പരിശോധിക്കുന്നത്‌ നന്നാവും. 1950 ല്‍ ലോകത്തിലെ 50% ആളുകള്‍ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ക്ക്‌ കീഴിലാണ്‌ ജീവിച്ചിരുന്നതെങ്കില്‍ ഇന്ന്‌ കമ്മ്യൂണിസ്റ്റുകള്‍ ലോകത്തിന്റെ ഒന്ന്‌ രണ്ട്‌ ചെറിയ തുരുത്തുകളില്‍ ഒതുങ്ങി. യൂറോപ്പിനെ ഒരു ഭൂതം പിടിച്ചു കുലുക്കുന്നു എന്ന്‌ പറഞ്ഞ്‌ കൊണ്ടാണ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോ ആരംഭിക്കുന്നത്‌ തന്നെ. ആ കമ്മ്യൂണിസ്റ്റ്‌ ഭൂതത്തെ യൂറോപ്പുകാര്‍ ഓടിച്ച്‌ കടല്‍ കടത്തി വിട്ടു കഴിഞ്ഞു 1957 ല്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതൃത്വത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ന്‌ ഇന്ത്യയിലെ ഒന്ന്‌ രണ്ട്‌ ചെറിയ കോണില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. നീണ്ട കാലം ഭരിച്ച പശ്ചിമ ബംഗാളില്‍ നിരാലംമ്പരും നിരായുധരും ആയ പാവം മനുഷ്യര്‍ക്കെതിരെ സംഖാക്കള്‍ നിയമം കൈലെടുത്ത്‌ നാടന്‍ തോക്കുകൊണ്ട്‌ വെടിവെച്ച്‌ കൂട്ട കശാപ്പ്‌ നടത്തി എന്തിനു വേണ്ടി? നാന കമ്പനിക്കുവേണ്ടി സ്ഥലം ഒഴിപ്പിക്കുന്നതിന്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത രീതിയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തകര്‍ന്നിടുഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ യൂണിയനുകള്‍ നിരോധിച്ച്‌ കൊണ്ടും അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടും മമത ബാനര്‍ജി അഴിച്ചുവിട്ട യാഗ്വാശ്വം ബംഗാളിലൂടെ പറന്നു നടക്കുമ്പോള്‍ അതിനെ പിടിച്ചു കെട്ടാന്‍ പോയിട്ട്‌ ഒന്നു നോക്കാന്‍ പോലും സഖാക്കള്‍ക്കു ഇന്നു കഴിയുന്നില്ല. അത്രമാത്രം ദയനീയമായി ജനങ്ങള്‍ സി. പി. എമ്മിനെ തഴഞ്ഞു നീണ്ട കാലം ഭരിച്ച ബംഗാളില്‍.

സി. പി. എം. ന്റെ ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരായി എന്തു ഹീനമായ പ്രവര്‍ത്തി ചെയ്യാനും മടിയില്ലാത്തവരാണ്‌ എന്നു കാണാന്‍ കഴിയും വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വച്ച്‌ അധ്യാപകനെ വെട്ടി കൊല്ലാനും കോണ്‍ഗ്രസ്‌ നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താനെ വ്യക്തിഹത്യ നടത്താനും ഒന്നും ഒരു മടിയും ഇവര്‍ കാണിച്ചിട്ടില്ല ഈ ക്രൂരതകള്‍ ഒക്കെ നടത്തി പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ക്രൂരതകളെ ഭയപ്പെടാതെ ആ പാര്‍ട്ടിയില്‍ നിന്നും പുറത്ത്‌ വന്ന്‌ ഇന്നും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കുറയുന്നില്ല എന്നതാണ്‌ വസ്‌തുത അതില്‍ അവസാനത്തെ ആളാണ്‌ നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ്‌ ഇത്‌ ഇനിയും അനസ്യുതം തുടരുക തന്നെ ചെയ്യും 40 വര്‍ഷം നിങ്ങളുടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ശെല്‍വരാജിനെയും, ടി. പി. ചന്ദ്രശേഖരനെയും ഒന്നും നിങ്ങള്‍ക്ക്‌ നിങ്ങളുടെ ശ്രേഷ്‌ഠമായ മൂല്യങ്ങളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ കേവലം ഗുണ്ടായിസം കൊണ്ട്‌ ഒരു സമൂഹത്തെ നില നിര്‍ത്താന്‍ കഴിയുക എന്നത്‌ കേവലം മൗഢ്യം ആയിരിക്കും. നിങ്ങള്‍ അങ്ങനെ ശ്രമിച്ചാല്‍ ഇ. എം. എസ്സും എകെജിക്കും ശേഷം കേരളത്തിലെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ അച്യുതാനന്ദനു നേരെയും ഭാവിയില്‍.അത്തരം അതിക്രമങ്ങള്‍ നിങ്ങള്‍ നടത്തേണ്ടി വരും

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ തോമസ്‌ ജാഫര്‍സണ്‍ ജനാധിപത്യത്തിന്‌ കൊടുത്ത വ്യാഖ്യാനം, ഞാന്‍ നിങ്ങളോട്‌ യോജിക്കുന്നില്ല പക്ഷെ നിങ്ങളുടെ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ പറയാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന്‌ വേണ്ടി ഞാന്‍ നിങ്ങളോടൊപ്പം നിന്ന്‌ യുദ്ധം ചെയ്യും എന്നാണ്‌. അത്തരം ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ ലോകം മുന്‍പോട്ട്‌ പോകുമ്പോള്‍ ലോക സമൂഹം തള്ളിക്കളഞ്ഞ പ്രത്യയശാസ്‌ത്രം ഗുണ്ടായിസത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍ ആയിരിക്കും എന്നുള്ളതില്‍ സംശയം ഇല്ല.

ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്ന്‌ നിങ്ങള്‍ വിളിച്ചു കൊടുത്ത മുദ്രാവാക്ക്യം ഏറ്റു വിളിച്ച ടി. പി. ചന്ദ്രശേഖരന്റെ രക്തമാണ്‌ നിങ്ങള്‍ ക്വൊട്ടേഷന്‍ സംഘങ്ങളെ കൊണ്ട്‌ നടുറോഡില്‍ ഒഴുകിയിരിക്കുന്നത്‌ അത്‌ കൊണ്ടാണ്‌ ബെര്‍ലിന്‍ കുഞ്ഞനന്ദന്‍നായര്‍ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ വച്ച്‌ പറഞ്ഞത്‌ ഇനിയും ഒരായിരം ചന്ദ്രശേഖരന്‍മാര്‍ ഉയര്‍ന്നെഴുന്നേല്‍ക്കുമെന്ന്‌ ആ ചന്ദ്രശേഖരന്‍മാരെ എല്ലാം കൊന്നൊടുക്കാന്‍ ഉള്ള വാളുകള്‍ നിങ്ങളുടെ കൈയില്‍ അവശേഷിക്കുന്നുണ്ട്‌ എന്നു തോന്നുന്നില്ല. അങ്ങനെ നിങ്ങള്‍ക്ക്‌ കഴിയുമായിരുന്നെങ്കില്‍ നിങ്ങള്‍ ഭരിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും നിങ്ങള്‍ കുടി ഒഴിപ്പിക്കപ്പെടുകയില്ലായിരുന്നു.

മഹാനായ ഏണസ്റ്റ്‌ ഹെമിങ്‌വേ എന്ന നോര്‍വിജിയന്‍ എഴുത്തുകാരനും ചിന്തകനും പറഞ്ഞത്‌ ഇവിടെ ഓര്‍മ്മ വരുന്നു

മനുഷ്യനെ നിങ്ങള്‍ക്ക്‌ കൊല്ലാം പക്ഷെ അവനെ നിങ്ങള്‍ക്ക്‌ തോല്‍പ്പിക്കാന്‍ കഴിയില്ല

നിങ്ങള്‍ക്ക്‌ ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞു തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

ഈ കൊലപാതകത്തിന്റെ മറവില്‍ മറ്റൊരു സാധ്യതയും തള്ളികളയാന്‍ കഴിയുന്നില്ല. ഇന്ന്‌ മതതീവ്രവാദികള്‍ എല്ലാ പാര്‍ട്ടിയിലും തളളികയറിയിട്ടുണ്ടെന്ന്‌ ഡിജിപി പറഞ്ഞത്‌ ഓര്‍മ്മവരുന്നു. അത്തരം തീവ്രവാദികള്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ തള്ളികയറി ചില മാര്‍സിസ്റ്റ്‌ തീവ്രമാദികളെ ൈകയ്യിലെടുത്ത്‌ പാര്‍ട്ടിയുടെ സാമൂഹ്യ ശക്തിക്ഷയിപ്പിക്കുന്നതിന്‌ വേണ്ടി നടത്തിയ ഗൂഢാലോചന കൂടി ഇതിനു പുറകിലുണ്ടൊയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു..

നെയ്യാറ്റിന്‍കരയിലെ ഇലക്ഷന്‍ ജയത്തിന്‌്‌ അപ്പുറത്തേക്ക്‌ കോണ്‍ഗ്രസിന്‌ ഈ കൊലപാതകത്തില്‍ താല്‍പര്യം ഉണ്ടാകാന്‍ സാധ്യതയില്ല അതുകൊണ്ട്‌ തന്നെ കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും ഈ ഹീന കൃത്യം ചെയ്‌തവരെ നിയമനത്തിന്റെ മുന്‍പില്‍ കൊണ്ടു വരുന്നതു വരെ കണ്ണില്‍ എണ്ണ ഒഴിച്ച്‌ കാത്തിരുന്നില്ലെങ്കില്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗം സഹിച്ച്‌ ബ്രിട്ടീഷുകാരില്‍ നിന്ന്‌ നേടി പടുത്തുയര്‍ത്തിയ ജനാധിപത്യവും സ്വാതന്ത്ര്യവും ഇത്തരം ക്രിമിനലുകളുടെ മുന്‍പില്‍ അടിയറ വയ്‌ക്കേണ്ടിവരും.
ഗാന്ധിജിക്കും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക