Image

പി.സി. ചാക്കോ എംപിക്ക്‌ പാരീസില്‍ മലയാളികള്‍ സ്വീകരണം നല്‍കി

ജോസ്‌ കുമ്പിളുവേലില്‍ Published on 10 May, 2012
പി.സി. ചാക്കോ എംപിക്ക്‌ പാരീസില്‍ മലയാളികള്‍ സ്വീകരണം നല്‍കി
പാരിസ്‌: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ എത്തിയ പി.സി. ചാക്കോ എംപിക്ക്‌ മലയാളികള്‍ സ്വീകരണം നല്‍കി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന വേള്‍ഡ്‌ ട്രേഡ്‌ ഓര്‍ഗനൈസേഷന്‍ മീറ്റിംഗില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ പ്രധിനിധീകരിച്ചു പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം യാത്രാ മദ്ധ്യേയാണ്‌ പാരിസില്‍ ഒരു ദിവസം മലയാളികളുമായി കൂടിക്കണ്‌ടത്‌. പാര്‍ലമെന്റിന്റെ പ്രിവിലേജ്‌ കമ്മറ്റി ചെയര്‍മാന്‍, ടുജി സ്‌കാം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന അദ്ദേഹം ഭാര്യ ലീലയോടോപ്പമാണ്‌ പാരിസില്‍ എത്തിയത്‌.

പാരിസിലെ പ്രശസ്‌തമായ ഈഫല്‍ ടവര്‍, നോട്ടറിഡാം പള്ളി, ലൂവ്ര്‌ മ്യുസിയം തുടങ്ങിയവ സന്ദര്‍ശിച്ച അദ്ദേഹം, ഫ്രഞ്ച്‌ സംസ്‌കാരത്തെക്കുറിച്ചും ഇവിടുത്തെ പുരാതന നിര്‍മിതികള്‍ ഇപ്പോഴും കേട്‌ കൂടാതെ കാത്തു സൂക്ഷിക്കുന്നതിനെക്കുറിച്ചും വാചാലനായി. ഫ്രഞ്ച്‌ തിരഞ്ഞെടുപ്പില്‍ ഹോളണ്‌ടെയുടെ വിജയ വാര്‍ത്ത അറിഞ്ഞതോടെ, ചര്‍ച്ച പിന്നീട്‌ തിരഞ്ഞെടുപ്പിനെക്കുറിച്ചായി. കൂടാതെ കേരള രാഷ്ട്രീയവും ഇന്ത്യന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. വിദേശത്ത്‌ ജോലി ചെയ്യുന്നവരെങ്കിലും നാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെകുറിച്ചുള്ള വിദേശമലയാളിയുടെ ആശങ്കകള്‍ അവര്‍ എംപിക്ക്‌ മുന്നില്‍ അവതരിപ്പിച്ചു.

ആന്റണി ചെന്നങ്ങാട്ടിന്റെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ സദന്‍ എടക്കാട്ട്‌, നന്ദന്‍ മാര്‍ഗശേരി, സുസന്‍ ആന്റണി, കെ.കെ. അനസ്‌, സജേഷ്‌ എലംകുളത്ത്‌, സനീഷ്‌ രാമന്‍, ക്രിസ്റ്റിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മനോഹരമായ പാരിസ്‌ നഗരം കാണാന്‍ ഇനിയും എത്തുമെന്ന്‌ മലയാളികള്‍ക്ക്‌ ഉറപ്പു നല്‍കിയാണ്‌ എംപി മടങ്ങിയത്‌.
പി.സി. ചാക്കോ എംപിക്ക്‌ പാരീസില്‍ മലയാളികള്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക