Image

വിവാഹ പൂര്‍വ വൈദ്യ പരിശോധന: വിദേശികള്‍ക്ക്‌ അഞ്ച്‌ സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി സൗകര്യം

എം.കെ. ആരിഫ്‌ Published on 10 May, 2012
വിവാഹ പൂര്‍വ വൈദ്യ പരിശോധന: വിദേശികള്‍ക്ക്‌ അഞ്ച്‌ സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി സൗകര്യം
ദോഹ: വിവാഹത്തിനു മുമ്പ്‌ വധൂ വരന്മാര്‍ക്ക്‌ ഖത്തറില്‍ നിര്‍ബന്ധമായ വൈദ്യപരിശോധനയ്‌ക്കുള്ള സൗകര്യം 5 സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി ഏര്‍പ്പെടുത്തി. ആരോഗ്യ സുപ്രീം കൗണ്‍സിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. വിദേശികള്‍ക്ക്‌ വൈദ്യ പരിശോധന നടത്താനാണ്‌ 5 പുതിയ ക്ലിനിക്കുകളില്‍ കൂടി ഈ സൗകര്യം എര്‍പ്പെടുത്തിയത്‌. നേരത്തെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ ഈ സംവിധാനം വിദേശികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു.

മന്‍സൂര്‍ മെഡിക്കല്‍ കോംപ്ലെക്‌സ്‌, ഏലാജ്‌ മെഡിക്കല്‍ സെന്റര്‍, അല്‍ജസീറ മെഡിക്കല്‍ സെന്റര്‍, അല്‍ഷിഫാ മെഡിക്കല്‍ കോംപ്ലക്‌സ്‌, നസീം അല്‍ റബീഹ്‌ മെഡിക്കല്‍ സെന്റര്‍ എന്നീ സ്വകാര്യ ക്ലിനിക്കുകളിലാണ്‌ വിദേശികള്‍ക്ക്‌ വിവാഹപൂര്‍വ വൈദ്യ പരിശോധന നടത്താനുള്ള അനുവാദം ലഭിച്ചത്‌. ഈ സൗകര്യം ഈ മാസം 15 മുതലാണ്‌ ഈ ക്ലിനിക്കുകളില്‍ ലഭ്യമാവുന്നത്‌. അതേ സമയം വിവാഹിതരാവാന്‍ ഉദ്ദേശിക്കുന്ന ഖത്തറികളായ സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ മുമ്പത്തെ പോലെ തന്നെ അവരവരുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയാണ്‌ സമീപിക്കേണ്‌ടത്‌. ഖത്തറികള്‍ക്ക്‌ ഇവിടെ നിന്ന്‌ സൗജന്യമായി വൈദ്യ പരിശോധന നടത്താവുന്നത്‌. എന്നാല്‍ വിദേശികള്‍ക്ക്‌ നിശ്ചിത ഫീസ്‌ നല്‍കിയ ശേഷം മാത്രമേ സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന്‌ വിവാഹ പൂര്‍വ വൈദ്യ പരിശോധന നടത്താന്‍ കഴിയുകയുള്ളു.

ഖത്തറില്‍ നടക്കുന്ന സ്വദേശികളുടേയും വിദേശികളുടേയും എല്ലാ വിവാഹങ്ങള്‍ക്കും ഇതു ബാധകമാണ്‌. വൈദ്യ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ മാത്രമേ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാനാവൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക