Image

നോക്കിയയുടെ ബജറ്റ്‌ സ്‌മാര്‍ട്‌ ഫോണായ `ആഷ' വിപണിയിലിറക്കി

എം.കെ. ആരിഫ്‌ Published on 10 May, 2012
നോക്കിയയുടെ ബജറ്റ്‌ സ്‌മാര്‍ട്‌ ഫോണായ `ആഷ' വിപണിയിലിറക്കി
ദോഹ: അത്യാധുനിക സൗകര്യങ്ങളുള്ള ബജറ്റ്‌ സ്‌മാര്‍ട്‌ ഫോണ്‍ ശ്രേണിയായ `ആഷ' നോക്കിയ ഖത്തര്‍ വിപണിയിലിറക്കി. സാധാരണക്കാരായ യുവതലമുറയെ ലക്ഷ്യമിട്ടാണ്‌ ആധുനിക സൗകര്യങ്ങളുള്ള ഈ സ്‌മാര്‍ട്‌ ഫോണ്‍ പോക്കറ്റിനു താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതെന്ന്‌ നോക്കിയ മിഡില്‍ ഈസ്‌റ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ടോം ഫാരല്‍ പറഞ്ഞു.

ലാ സിഗേല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ലോഞ്ചിംഗ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യുവെര്‍ട്ടി, ടച്ച്‌ ആന്‍ഡ്‌ ടൈപ്പ്‌ സംവിധാനങ്ങളുള്ള ഈ ഫോണ്‍ ശ്രേണി ഇന്റര്‍നെറ്റ്‌ സര്‍ഫിംഗിനും ആപ്‌സുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും സോഷ്യല്‍ നെറ്റുവര്‍ക്കിംഗ്‌ അടക്കമുള്ള സൗകര്യങ്ങളും ഉള്ളവയാണ്‌. പ്രതീക്ഷ എന്നര്‍ഥമുള്ള ഹിന്ദി വാക്കില്‍ നിന്ന്‌ നാമം സ്വീകരിച്ച ആഷ ശ്രേണിയുടെ വില 286 റിയാല്‍ മുതലാണ്‌.

ഇതോടൊപ്പം പുറത്തിറക്കിയ മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 7 സംവിധാനമുള്ള 19 ഓളം അവാര്‍ഡുകള്‍ നേടിയ ലൂമിയ ശ്രേണി സ്‌മാര്‍ട്‌ ഫോണുകളും മികവേറിയ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന പ്യുവര്‍ വ്യൂ ഇമേജിംഗ്‌ സാങ്കേതിക വിദ്യയുള്ള നോക്കിയ 808 സ്‌മാര്‍ട്‌ഫോണും ഖത്തര്‍ വിപണിയിലിറക്കി. 41 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണ്‍ ചിത്രങ്ങള്‍ അത്യധികം സൂക്ഷ്‌മതയോടെ പകര്‍ത്താനും സൂം ചെയ്യാനും സൗകര്യമുള്ളതാണ്‌.

ഖത്തറി വിപണി നോക്കിയയുടെ സുപ്രധാന വിപണിയാണെന്ന്‌ ഫാരല്‍ വ്യക്തമാക്കി. ലോഞ്ചിംഗ്‌ ചടങ്ങില്‍ നോക്കിയ മിഡില്‍ ഈസ്‌റ്റ്‌ ജനറല്‍ മാനേജര്‍ വിധേഷ്‌ റെഡി, സിജിസി, സിഒഒ അനില്‍ മഹാജന്‍, അഹ്‌സാന്‍ അഹ്‌മദ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നോക്കിയയുടെ ബജറ്റ്‌ സ്‌മാര്‍ട്‌ ഫോണായ `ആഷ' വിപണിയിലിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക