Image

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി: പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ

Published on 10 May, 2012
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി: പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ
മനാമ: അക്രമികളോടും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരോടും മൃദുസമീപനം കൈക്കൊള്ളാന്‍ ഒരു രാജ്യത്തിനും സാധിക്കില്ലെന്ന്‌ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ്‌ അംബാസഡര്‍ ഇയാന്‍ ലിന്‍സിയെ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ സുരക്ഷയും സമാധാനവും തകര്‍ക്കുന്ന നടപടികള്‍ അസ്വീകാര്യമാണ്‌. ബഹ്‌റൈന്‌ നാശമുദ്ദേശിക്കുന്ന ചില ശക്തികള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ വെള്ളവും വളവൂം നല്‍കിക്കൊണ്ടിരിക്കുന്നു.

മേഖലയില്‍ പരിഷ്‌കരണമാണ്‌ ആവശ്യപ്പെടുന്നതെന്ന ധാരണ പരത്തിയാണ്‌ അക്രമങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്‌. ജനങ്ങളുടെ താല്‍പര്യ പ്രകാരമുള്ള ഭരണഘടനാ നിര്‍ദേശങ്ങളാണ്‌ ഭരണാധികാരി കിങ്‌ ഹമദ്‌ ബിന്‍ ഈസ ആല്‍ഖലീഫ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഭരണഘടന പൗരന്‍മാര്‍ക്ക്‌ ഉറപ്പുനല്‍കുന്ന സ്വസ്ഥ ജീവിതവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന പ്രവണതക്ക്‌ കൂട്ടുനില്‍ക്കാന്‍ ഭരണകൂടത്തിന്‌ കഴിയില്ല.

സാമ്പത്തിക, സുരക്ഷാ, വിവരസാങ്കേതിക, ടെലികോം മേഖലകളില്‍ ബ്രിട്ടനുമായി ബഹ്‌റൈന്‍ സഹകരിച്ചുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലുള്ള വളര്‍ച്ചക്ക്‌ ഈ ബന്ധം സഹായകരമായതായി പ്രധാനമന്ത്രി അനുസ്‌മരിച്ചു.

പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുള്ള സാഹചര്യം മാറിവരികയും സ്വസ്ഥതയും സമാധാനവും തിരിച്ചുവരികയും സാമ്പത്തിക, നിക്ഷേപമേഖലയില്‍ ഉണര്‍വ്‌ പ്രകടമാവുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ബഹ്‌റൈനിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ വളരെ ആദരവോടെയാണ്‌ ബ്രിട്ടന്‍ വീക്ഷിക്കുന്നതെന്ന്‌ ഇയാന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സാമ്പത്തിക ഉണര്‍വ്‌ സംജാതമാവുകയും നിക്ഷേപ സംരംഭങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്നാണ്‌ പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി: പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക