Image

ജോര്‍ജ്‌ തോമസ്‌ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 May, 2012
ജോര്‍ജ്‌ തോമസ്‌ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍
ന്യൂയോര്‍ക്ക്‌: സാമൂഹ്യ സാംസ്‌കാരിക സംഘടനാ രംഗങ്ങളില്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തമായ കൈയ്യൊപ്പ്‌ പതിപ്പിച്ച ന്യൂയോര്‍ക്കിലെ പൊതുപ്രവര്‍ത്തകനായ ജോര്‍ജ്‌ തോമസിനെ (സണ്ണി) നാസാ കൗണ്ടിയിലെ ഹ്യൂമന്‍ റൈറ്റ്‌സ്   കമ്മീഷണറായി ഏപ്രില്‍ 16-ന്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ നിയമിച്ചു. കൗണ്ടിയിലെ 19 അംഗ ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍ ജോര്‍ജ്‌ തോമസിന്റെ നിയമനത്തെ ഏകകണ്‌ഠമായി അംഗീകരിച്ചതോടെ മറ്റൊരു പ്രവാസി മലയാളി കൂടി അമേരിക്കന്‍ മുഖ്യധാരാ രാഷ്‌ട്രീയ രംഗത്തെത്തിയിരിക്കുകയാണ്‌.

ന്യൂയോര്‍ക്കിലെ പ്രമുഖ സാംസ്‌കാരിക സഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്റ്‌ (ലിമാ) പ്രസിഡന്റുകൂടിയായ ജോര്‍ജ്‌ തോമസ്‌, ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സ്‌തുത്യര്‍ഹമായ സേവനമാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം നടത്തിയത്‌. ജാതി-മത-വര്‍ഗ്ഗഭേദമെന്യേ ന്യൂയോര്‍ക്കിലെ എല്ലാ പ്രവാസി മലയാളികളേയും ഒരുമിപ്പിച്ച്‌ ജോര്‍ജ്‌ തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ രണ്ടുവര്‍ഷക്കാലങ്ങളില്‍ നടത്തിയ ഓണാഘോഷം അമേരിക്കയിലെ എല്ലാ പ്രവാസി മലയാളികളുടേയും സംഘടനകളുടേയും മുക്തകണ്‌ഠമായ പ്രശംസ നേടിയെടുത്തു. അമേരിക്കയിലെ പ്രവാസി കേരളാ കോണ്‌ഗ്രസിന്റെ വൈസ്‌ പ്രസിഡന്റായ ജോര്‍ജ്‌, ന്യൂയോര്‍ക്കിലെ വിവിധ ക്രിസ്‌ത്യന്‍ സമുദായങ്ങളുടെ ഏകീകൃത സംഘടനയായ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ വൈസ്‌ പ്രസിഡന്റുകൂടിയാണ്‌.

കഴിഞ്ഞ 22 വര്‍ഷങ്ങളായി ഇന്‍ഷ്വറന്‍സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്‌, യൂണിറ്റി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌.

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച ജോര്‍ജിന്റെ മാതാപിതാക്കള്‍ റാന്നി ചക്കാലപ്പള്ളി ചക്കാങ്കല്‍ കുടുംബത്തില്‍ സി.വി. തോമസും ഏലിയാമ്മ തോമസുമാണ്‌.

ജോര്‍ജ്‌ തോമസിന്റെ സ്ഥാനലബ്‌ദിയെ അനുമോദിച്ചുകൊണ്ട്‌ ലിമയുടെ നേതാക്കളായ ബെഞ്ചമിന്‍ ജോര്‍ജ്‌, കളത്തില്‍ വര്‍ഗീസ്‌, സ്റ്റാന്‍ലി കളത്തില്‍, റെജി ജോര്‍ജ്‌, വിവിധ സംഘടനാ നേതാക്കളായ അനിയന്‍ ജോര്‍ജ്‌, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ബേബി ഊരാളില്‍, ജോര്‍ജ്‌ ഏബ്രഹാം, റോയി പി. തോമസ്‌, വര്‍ക്കി ഏബ്രഹാം, ഷാജി എഡ്വേര്‍ഡ്‌, സജി ഏബ്രഹാം തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

ഇരവിപേരൂര്‍ കീകരിപ്പൂര്‍ കുടുംബാംഗമായ മിനി ഭാര്യയും, സ്റ്റെഫി, സ്റ്റീവന്‍, ഫെര്‍ണാണ്ടോ എന്നിവര്‍ മക്കളുമാണ്‌.
ജോര്‍ജ്‌ തോമസ്‌ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക