Image

ചന്ദ്രശേഖരന്‍ വധം: മൂന്നുപേരെ ആന്ധ്രയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു

Published on 11 May, 2012
ചന്ദ്രശേഖരന്‍ വധം: മൂന്നുപേരെ ആന്ധ്രയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു
കോഴിക്കോട്‌: കൊല്ലപ്പെട്ട റവല്യൂഷനറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെ ആന്ധ്രപ്രദേശില്‍ നിന്നും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും പള്ളൂര്‍ സ്വദേശി റഫീഖും ഉള്‍പ്പടെയുള്ള പ്രതികള്‍ ആന്ധ്രയിലേക്ക്‌ കടന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസ്‌ അവിടെ തെരച്ചില്‍ നടത്തിവരികയായിരുന്നു.

ഇതിനിടെ കൊലപാതകവുമായി ബന്ധമുണെ്‌ടന്നു സംശയിക്കുന്ന എട്ടു പേര്‍ക്കായി പ്രത്യേക അന്വേഷണസംഘം ലുക്കൗട്ട്‌ സര്‍ക്കുലര്‍. പ്രതികള്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ വിമാനത്താവള അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സര്‍ക്കുലര്‍ നല്‌കി. പോലീസ്‌ തെരയുന്ന കൊടി സുനിയും പായപ്പടി റഫീഖും അടക്കമുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. സംശയമുള്ളവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനാണ്‌ ലുക്കൗട്ട്‌ നോട്ടീസിനു പകരം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്‌.

മുഖ്യപ്രതികളായ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനിയും റഫീഖും പിടിയിലായാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയടക്കമുള്ള സുപ്രധാന വിവരങ്ങള്‍ പോലീസിനു ലഭിക്കൂ.

ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ നല്‌കിയതില്‍ ഒരു വിവാദ വ്യവസായിക്കു പങ്കുണെ്‌ടന്ന സൂചനയും പോലീസിനു ലഭിച്ചതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക