Image

ജോഷ്‌ തോമസിന്‌ ശെമ്മാശ പട്ടം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2011
ജോഷ്‌ തോമസിന്‌ ശെമ്മാശ പട്ടം നല്‍കുന്നു
സൗത്ത്‌ഫ്‌ളോറിഡ: സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസിലെ സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, യുവജനപ്രസ്ഥാനത്തിന്റെ (എംജിഎസ്‌ഒഎസ്‌എ) സജീവ പ്രവര്‍ത്തകനുമായ ജോഷ്‌ തോമസിന്‌ ജൂലൈ 16-ന്‌ ശനിയാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി വൈദീക ശുശ്രൂഷയുടെ ആദ്യപടിയായ ശെമ്മാശ പട്ടം നല്‍കുന്നു.

സൗത്ത്‌ ഫ്‌ളോറിഡയിലെ കൂപ്പര്‍ സിറ്റിയിലുള്ള സെന്റ്‌ മേരീസ്‌ അര്‍മീനിയന്‍ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന വിശുദ്ധ പട്ടംകൊട ശുശ്രൂഷയില്‍ മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. ഭദ്രാസനത്തിലെ അഭിവന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്‌. രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും 9.15-ന്‌ വിശുദ്ധകുര്‍ബാനയും ആരംഭിക്കും.

സൗത്ത്‌ ഫ്‌ളോറിഡയില്‍ താമസിക്കുന്ന ജോണ്‍ തോമസിന്റേയും (ബ്ലസ്സന്‍), ഷേര്‍ളി തോമസിന്റേയും മകനായ ജോഷ്‌ ചെറുപ്പംമുതല്‍ വിശുദ്ധ മദ്‌ബഹയില്‍ ശുശ്രൂഷിച്ചുവരുന്നു. മോര്‍ ഗ്രിഗോറിയോസ്‌ യുവജന പ്രസ്ഥാനത്തിന്റെ (എം.ജി.എസ്‌.ഒ.എസ്‌.എ) പ്രതിനിധി എന്ന നിലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ജോഷ്‌ ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തപ്പെട്ട സണ്‍ഡേ സ്‌കൂള്‍ പത്താംക്ലാസ്‌ പരീക്ഷയില്‍ ഇക്കഴിഞ്ഞവര്‍ഷം രണ്ടാം റാങ്കും കരസ്ഥമാക്കിയിരുന്നു. ആധ്യാത്മിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അക്കാഡമിക്‌-സാമൂഹ്യ-സംഘടനാ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു. സൗത്ത്‌ ഫ്‌ളോറിഡ കേരള സമാജത്തിന്റെ യൂത്ത്‌ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള ജോഷ്‌ അനുഗ്രഹീത കലാകാരന്‍കൂടിയാണ്‌. പിയാനോയും, ചെണ്ടയും ശാസ്‌ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം കഴിഞ്ഞ ഒമ്പത്‌ വര്‍ഷമായി ഫ്‌ളോറിഡയിലെ പ്രശസ്‌തമായ `സിംങിംഗ്‌ സണ്‍ ഓഫ്‌ ബോയ്‌ ക്വയര്‍' അംഗവും, വെസ്റ്റേണ്‍ ഹൈസ്‌കൂള്‍ ക്വയര്‍ ടീമിന്റെ മുന്‍ പ്രസിഡന്റുമാണ്‌.

നഴ്‌സ്‌ അനസ്‌തീഷ്യയില്‍ ഉന്നത ബിരുദത്തോടൊപ്പം വേദശാസ്‌ത്രത്തിലും ചിട്ടയായ പഠനം പൂര്‍ത്തിയാക്കുകയും അമേരിക്കന്‍ അതിഭദ്രാസനത്തില്‍ വൈദീക ശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ ജോഷ്‌ അറിയിച്ചു. എറണാകുളം ജില്ലയിലെ കീഴില്ലം സെന്റ്‌ ജോര്‍ജ്‌ ബെത്‌ലഹേം സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗം അരികുപുറത്ത്‌ പരേതനായ വര്‍ക്കി തോമസ്‌- അന്നമ്മ തോമസ്‌ ദമ്പതികളുടേയും, പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ്‌ മടുക്കമൂട്ടില്‍ പത്രോസ്‌ -സാറാമ്മ പീറ്റര്‍ ദമ്പതികളേയും കൊച്ചുമകനായ ജോഷ്‌ വൈദീക പാരമ്പര്യമുള്ള അരികുപുറത്ത്‌ കുടുംബത്തിലെ ആറാം തലമുറക്കാരനാണ്‌. വിദ്യാര്‍ത്ഥികളായ ജോനാഥന്‍ തോമസ്‌, ജ്യോതി തോമസ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌.

സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളി വികാരി റവ.ഫാ. പി.ജി. വര്‍ക്കിയുടെ നേതൃത്വത്തില്‍ ജിനോ കുര്യാക്കോസ്‌ (സെക്രട്ടറി), ജോളി പൈലി (വാസ്‌പ്രസിഡന്റ്‌), സിബി എല്‍ദോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി പട്ടംകൊട ശുശ്രൂഷയുടെ നടത്തപ്പിന്‌ ഒരുക്കങ്ങള്‍ നടത്തിവരുന്നു. അനുഗ്രഹീതമായ ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബിജു ചെറിയാന്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ തോമസ്‌ (954 682 2323), ജിനോ കുര്യാക്കോസ്‌ (954 937 5651).
ജോഷ്‌ തോമസിന്‌ ശെമ്മാശ പട്ടം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക