Image

എമിറേറ്റ്‌സ്‌ ഗ്രൂപ്പിന്‌ 230 കോടിയുടെ അറ്റാദായം

Published on 12 May, 2012
എമിറേറ്റ്‌സ്‌ ഗ്രൂപ്പിന്‌ 230 കോടിയുടെ അറ്റാദായം
ദുബായ്‌:എമിറേറ്റ്‌സ്‌ ഗ്രൂപ്പിന്‌ തുടര്‍ച്ചയായ 24-ാം വര്‍ഷവും വന്‍ ലാഭം. 230 കോടി ദിര്‍ഹത്തിന്റെ അറ്റാദായമാണ്‌ പോയ വര്‍ഷം ഗ്രൂപ്പിനുണ്ടായത്‌. 6230 കോടി ദിര്‍ഹമാണ്‌ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 14.9 ശതമാനം വര്‍ധന. ഗ്രൂപ്പിന്റെ ഭാഗമായ ഡനാട്ടയുടെ വരുമാനം 6740 കോടി ആയി ഉയര്‍ന്നു. പോയവര്‍ഷത്തേക്കാള്‍ 17.8 ശതമാനമാണു വര്‍ധന.

ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധിയും വിമാന ഇന്ധനത്തിന്റെ വന്‍ വിലവര്‍ധനയും അടക്കമുള്ള പ്രതിസന്ധികളുടെ കാലത്തും എമിറേറ്റ്‌സ്‌ ഗ്രൂപ്പിന്‌ ലാഭമുണ്ടാക്കാനായത്‌ കൃത്യതയോടെയുള്ള നിക്ഷേപങ്ങളും ആസൂത്രണത്തോടെയുള്ള ഭരണ നിര്‍വഹണവും കാരണമാണെന്ന്‌ ഗ്രൂപ്പ്‌ ചെയര്‍മാനും ചീഫ്‌ എക്‌സിക്യുട്ടീവുമായ ഷെയ്‌ഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്‌തൂം പറഞ്ഞു. എങ്കിലും ലാഭത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ട്‌. ഇത്തവണ 150 കോടിയാണു ലാഭം.

1400 കോടിയുടെ നിക്ഷേപങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം നടത്തിയത്‌. സ്‌ഥിരതയുള്ളതും ആസൂത്രിതവുമായ പദ്ധതികളിലാണു നിക്ഷേപിച്ചത്‌. കഴിഞ്ഞ വര്‍ഷം പുതുതായി 22 വിമാനങ്ങള്‍ വാങ്ങി. 11 പുതിയ നഗരങ്ങളിലേയ്‌ക്കു കൂടി സര്‍വീസ്‌ തുടങ്ങി. നിലവില്‍ ലോകത്തെ 34 നഗരങ്ങളിലേയ്‌ക്ക്‌ എമിറേറ്റ്‌സ്‌ സര്‍വീസുണ്ട്‌. കൂടുതല്‍ ജോലി അവസരങ്ങളും നല്‍കി.ഡനാട്ട ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി, ട്രാവല്‍ റിപ്പബ്ലിക്‌, വിങ്‌സ്‌ ഇന്‍ഫ്‌ളൈറ്റ്‌ സര്‍വീസസ്‌ എന്നിവയില്‍ മുഖ്യ പങ്കാളികളായി.

ഇന്ധന വിലയില്‍ കഴിഞ്ഞ വര്‍ഷം എമിറേറ്റ്‌സിന്‌ 44.4% വര്‍ധനയാണുണ്ടായത്‌. യാത്രക്കാരുടെ എണ്ണം 34 കോടിയായി ഉയര്‍ന്നു. എമിറേറ്റ്‌സിന്റെ ഏറെ പ്രശംസിക്കപ്പെട്ട ഷോഫര്‍ ഡ്രൈവ്‌ സര്‍വീസ്‌ കഴിഞ്ഞ വര്‍ഷം ചെന്നൈ, ബാങ്കോക്ക്‌ എന്നിവിടങ്ങളിലേയ്‌ക്കും വ്യാപിപ്പിച്ചു. ദുബായില്‍ നാലാമത്തെ പുതിയ ലോഞ്ചും സാന്‍ഫ്രാന്‍സിസ്‌കോ, ഈസ്‌താംബുള്‍, കൊളംബോ എന്നിവിടങ്ങളില്‍ ലോഞ്ചുകളും ആരംഭിച്ചു.

നിലവില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 63,000 ജീവനക്കാരാണ്‌ എമിറേറ്റ്‌സ്‌ ഗ്രൂപ്പിലുള്ളത്‌. എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌, ഫ്‌ളൈ ദുബായ്‌, ഡനാട്ട, സ്‌കൈ കാര്‍ഗോ എന്നിവയും നിരവധി ഉപ സ്‌ഥാപനങ്ങളും ഗ്രൂപ്പിനു കീഴിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക