മലയാളി നഴ്‌സുമാരുടെ മനോസമ്മര്ദം
nursing ramgam
12-May-2012
മറുനാട്ടില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ മാനസിക
സമ്മര്‍ദം വര്‍ധിക്കുന്നതായി വിദഗ്ധര്‍. മരണത്തിന്റെ മാര്‍ഗം തിരഞ്ഞെടുക്കുന്നവരും
ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നവരും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. അധിക
സമയം ജോലി ചെയ്യുക, ശമ്പളക്കുറവ്, പുറത്തു നിന്നും ആശുപത്രി
അധികൃതരില്‍ നിന്നുമുള്ള പീഡനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദത്തിനു
കാരണമാകുന്നതായി പറയുന്നു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ചൂഷണങ്ങള്‍
ഏറെയും. ബോണ്ട് പേപ്പറില്‍ ഒപ്പുവച്ചതിനു ശേഷം ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍
പ്രതികരിക്കാനും ഭയമാണ്. വ്യക്തിജീവിതങ്ങളിലെ പ്രശ്‌നങ്ങളും പിരിമുറുക്കത്തിനും
കാരണമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സുമാരുടെ കണക്ക്
കേട്ടാല്‍ നാമൊന്ന് ഭയക്കും. എല്ലാം മാനസിക സമ്മര്‍ദത്തിന്റെയും പീഡനങ്ങളുടെയും
പരിണതഫലങ്ങളായിരുന്നു. ഇതു കേട്ടാല്‍ ഏതു നഴ്‌സാണ് ആത്മധൈര്യത്തോടെ വിദേശത്ത്
പണി എടുക്കാന്‍ സന്നദ്ധത കാണിക്കുന്നത്?
സ്വകാര്യമേഖലയില്‍ ഡല്‍ഹിയില്‍ മാത്രം ഇരുപതിനായിരത്തിലധികം
മലയാളി നഴ്‌സുമാരുണ്ട്. ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍
സഹായിക്കാന്‍ ആരുമില്ലെന്ന അവസ്ഥയാണ് നിരാശയിലേക്കു നയിക്കുന്നത്. സര്‍ക്കാര്‍
തലത്തില്‍ കൗണ്‍സലിങ്ങിനും മറ്റും സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ മാനസികസമ്മര്‍ദം ഒഴിവാക്കാം.
എട്ടു മണിക്കൂറാണ് ജോലിയെങ്കിലും ചില ആശുപത്രികളില്‍ 16
മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരാറുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കായി പ്രത്യേക
നിയമ വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ ആരും ചോദ്യം ചെയ്യാറില്ല. ജോലിക്ക് അനുസരിച്ച്
വേതനമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാറുമില്ല.
ബോണ്ടില്‍ ഒപ്പിട്ടുവെന്ന കാരണത്താല്‍ നിശ്ചയിച്ച കല്യാണം
മാറിപ്പോയവരുമുണ്ട്. വിവാഹത്തിന്റെ തീയതി നിശ്ചയിച്ചതിനു ശേഷം അവധി അപേക്ഷയുമായി
അധികൃതരെ സമീപിക്കുമ്പോള്‍ അവഗണനയാണ് പലപ്പോഴും ലഭിക്കുന്നത്. രാജി വച്ചു പോകാനാണ്
അവര്‍ ഉപദേശിക്കുക. രാജി വയ്ക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള
വിലപ്പെട്ട രേഖകള്‍ തിരികെ നല്‍കാന്‍ പണവും ആവശ്യപ്പെടും.
ഈ അനുഭവങ്ങള്‍ ഡല്‍ഹിയുടേത് മാത്രമല്ല. കേരളത്തിനു പുറത്ത്
സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരെല്ലാം അനുഭവിക്കുന്ന
ദുരിതങ്ങളാണിവ. ശക്തമായ നിയമത്തിലൂടെ ചൂഷണങ്ങളെ പടിക്കു പുറത്തു നിര്‍ത്താം.
ആരോഗ്യവനിതാ മന്ത്രാലയങ്ങളുടെ ഇടപെടലും നിയമനിര്‍മാണവും കാലതാമസം കൂടാതെ
നടത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments