Image

അപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കുന്നത് മംഗ്ളീഷ് ആണ് ! അല്ലേ സാര്‍?

കെ.പി. പ്രേംകുമാര്‍ Published on 12 May, 2012
അപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കുന്നത് മംഗ്ളീഷ് ആണ് ! അല്ലേ സാര്‍?
പന്തീരായിരം വട്ടം പറഞ്ഞുപഴകിയ കഥയാണ്. പന്ത്രണ്ടാംക്ളാസിലെ ഇംഗ്ളീഷ് ചോദ്യപേപ്പര്‍ വായിച്ചുപോയപ്പോള്‍ അറിയാതെ ഓര്‍ത്തുപോയതാണ്. ഗുരുജനങ്ങളേ, കരിക്കുലം പരമ്പര ദൈവങ്ങളേ, പൊറുത്തു മാപ്പാക്കണേ.
പ്രീഡിഗ്രി ക്ളാസില്‍ വലിയ ബഹളം. അവരെയൊന്ന് അടക്കിയിരുത്താന്‍, ഇംഗ്ളീഷ്  അധ്യാപകന്‍െറ സഹായം തേടുന്നു പ്രിന്‍സിപ്പല്‍. ക്ളാസില്‍ പോകാന്‍ കൈയില്‍ ഗ്രാമര്‍ പുസ്തകമില്ലെന്ന് ടിയാന്‍. ‘‘Don’t worry; you please go to the class, dictate some of your sentences and ask the students to correct them.’’ പ്രിന്‍സിപ്പലിന്‍െറ നിര്‍ദേശത്തിന്‍െറ പൊരുള്‍ മാഷിന് പിടികിട്ടിയെന്നോ ഇല്ലെന്നോ നിങ്ങള്‍ക്ക് പൂരിപ്പിക്കാം. ഗ്രാമര്‍മാഷിന്‍െറ പേര്‍ ഗോവിന്ദന്‍ എന്നോ ജോസഫ് എന്നോ അബ്ദുറഹ്മാന്‍ എന്നോ ആവാം. ഒരല്‍പം സ്ത്രീവിരോധിയാണെങ്കില്‍ അത് പങ്കജാക്ഷി ടീച്ചര്‍ ആവട്ടെ. കഥാതന്തു മാറാന്‍ പാടില്ല. കുട്ടികളെ ഇംഗ്ളീഷ് പഠിപ്പിക്കാന്‍ ഏറ്റവും നല്ല ‘ടൂള്‍’ അധ്യാപകരുടെ സ്വന്തം രചനകള്‍തന്നെ. അത് കഥയോ കവിതയോ ലേഖനമോ ആവാം. വേണമെങ്കില്‍ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുമാവാം. ഈ പറയുന്നവനെ തല്ലാന്‍ വരുന്നതിനുമുമ്പ് ഒന്നെടുത്തു വായിച്ചുനോക്കാം. ഈ മാര്‍ച്ച് മാസം നടന്ന 12ാം തരം ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍.
ഒരു ചതുരക്കള്ളിയില്‍ അടക്കംചെയ്ത General Instructions മുതലാണ് നമ്മള്‍ വായിച്ചുതുടങ്ങുന്നത്. ആറു നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം നിശ്ചയമായും എഴുതപ്പെട്ടിരിക്കുന്നത് സായിപ്പിന്‍െറ ഭാഷയില്‍ kerbstone English എന്നു വിളിക്കുന്ന വകഭേദത്തില്‍. മലയാളത്തില്‍ നമ്മള്‍ ഇതിനെ ‘വക്കുപൊട്ടിയ ഇംഗ്ളീഷ്’ എന്നു പറയും. രഞ്ജിനി ഹരിദാസിന്‍െറ മലയാളത്തിന്‍െറ ഒരു ആംഗലേയ വകഭേദം (അവിടെ മലയാളത്തില്‍ ഇംഗ്ളീഷ് മായം; ഇവിടെ ഇംഗ്ളീഷില്‍ മലയാളം മായം).
There is a‘cool off time’ of 15 minutes in addition to the ‘writing time’ of 2.30 hrs.
‘cool off time’, ‘writing time’ ഇവ രണ്ടും Indish usages ആണെന്ന് സമ്മതിക്കാം. എന്നാല്‍തന്നെയും അതൊന്ന് വൃത്തിയായി എഴുതിക്കൂടെ? അഞ്ചാമത്തെ നിര്‍ദേശം വായിച്ചാല്‍ തലകറങ്ങിപ്പോവും. സത്യം പറയട്ടെ, എന്താണ് സംഗതി എന്ന് എനിക്കിനിയും പിടികിട്ടിയിട്ടില്ല.
When you select a question, all the sub -questions must be answered from the same question itself. എല്ലാ sub questionsഉം answer ചെയ്യണം എന്നാണോ അതോ രണ്ടു sub question ഇവിടന്നും രണ്ടെണ്ണം അടുത്തതില്‍നിന്നും എന്ന പരിപാടി ഇവിടെ നടക്കില്ല എന്നാണോ? ‘Cool off time’ ഉണ്ടായിരുന്നത് ഭാഗ്യം.
നാലാമത്തെ ചോദ്യത്തിലെത്തുമ്പോഴേക്ക് ചോദ്യകര്‍ത്താവ് അല്‍പംകൂടി ‘ലിബറല്‍’ ആവുന്നത് കാണാം. Grama Panchayat has decided to cut down the trees in your school campus. ‘കാമ്പസില്‍’ എന്ന് മലയാളത്തില്‍ ചിന്തിക്കുന്നതിന്‍െറ നല്ല ഇംഗ്ളീഷ് ‘on the campus’ എന്നു തന്നെയാണ്. അതും സാരമില്ല, പോട്ടെ എന്നുവെക്കാം.
അഞ്ചാമത്തെ ചോദ്യത്തില്‍ കാര്യം ഇത്തിരികൂടി ഗൗരവത്തിലാണ്. The seminar is to be conducted according to the given programme chart.
The seminar is to be conducted as per the programme given below എന്നായിരുന്നെങ്കില്‍ എന്തു വൃത്തിയായേനെ മാഷേ? ഈ ചോദ്യത്തിന് താഴെ കൊടുത്തിരിക്കുന്നത് ‘programme chart’ അല്ല ‘programme’ ആണ്. അതവിടെ നിങ്ങള്‍തന്നെ എഴുതിയിട്ടുമുണ്ട്. ‘According to’ എന്നുള്ളത് ഇവിടെ എത്രത്തോളം ഉചിതമാണെന്നതും ആലോചനാമൃതം.
മലയാളത്തില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അതേപടി പകര്‍ത്തിവെക്കുന്നതാണ് നമ്മുടെ English വികലമാവുന്നതിന്‍െറ പ്രധാന കാരണങ്ങളിലൊന്ന്. മലയാളത്തില്‍ ‘ഗോപാലകൃഷ്ണന്‍ ഡോക്ടര്‍’ എന്നുപറയും. ഇംഗ്ളീഷില്‍ അത് Doctor Gopalakrishnan എന്നുതന്നെയാവണം. അല്ലാതെ നമ്മുടെ ഗോപാലകൃഷ്ണന്‍ ഡോക്ടറെ ഇംഗ്ളീഷിലും അങ്ങനെ തന്നെ വിളിക്കാന്‍ പഠിപ്പിക്കുന്നത് വിവരംകെട്ട വാശിയാണ്. അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ പഠിപ്പിക്കുന്നത് manglish ആണെന്ന് സമ്മതിക്കണം. ഒന്നു ‘തലകുളിച്ചു’ എന്നുള്ളതിന് ‘I took a head bath’ എന്നു പറയുന്നതുപോലെതന്നെ ഭീകരമാണിത്. (മോഹന്‍ലാലിന്‍െറ salt mango treeക്ക്  എന്ത് സ്വാദ്!) അഞ്ചാമത്തെ ചോദ്യത്തില്‍തന്നെ വായിക്കാം. Venue: Govt. Higher Secondary School Jubilee Hall, Ottappalam. ഇങ്ങനെയല്ലല്ലോ ഇംഗ്ളീഷില്‍ പറയാറ്. ആയിരത്തിത്തൊള്ളായിരത്തി നാല്‍പത്തിയേഴ് ആഗസ്റ്റ് 15 എന്ന് നമ്മള്‍ ആവേശംകൊള്ളുമ്പോള്‍ സായിപ്പ് തലതിരിച്ചാ പറയുക (ദുഷ്ടന്‍) ‘‘15th August nineteen forty seven’’ Jubilee Hall, Govt. Higher Secondary School, Ottappalam. ശരിയായെഴുതാം നമുക്ക്; ശരിയായി വായിക്കട്ടെ കുട്ടികള്‍.
ഇതുവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് തര്‍ക്കിക്കാമായിരുന്നു ചോദ്യകര്‍ത്താവിന്. അഞ്ചാം ചോദ്യത്തിന്‍െറ അവസാനഭാഗം കാണൂ. Write the report of the seminar in not less than 80 words for your school magazine.
‘a/an/the’ ഈ മൂന്നു സാധനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചുരുങ്ങിയത് നാലാം ക്ളാസ് മുതലെങ്കിലും നമ്മള്‍ പഠിച്ചുവന്നതല്ലേ?  ഇതൊക്കെ ഇപ്പോഴും തെറ്റിച്ചുകൊണ്ടിരുന്നാലോ? എത്രായിരം കുട്ടികളാ ഇതുംനോക്കി പരീക്ഷയെഴുതുന്നേ! MA, BEd, SET, DRG, SRG ഇതൊന്നും വേണ്ട പത്താംതരം പാസായ ആ പഴയ ക്ളര്‍ക്ക് മതിയായിരുന്നൂലോ ഇതൊന്നു തിരുത്തിത്തരാന്‍? DTP പയ്യന്‍  നെറ്റി ചുളിച്ചേനേ. ബില്‍ഗേറ്റ്സിന്‍െറ MS Word സൗജന്യമായി ‘അടിവര’യിട്ടേനെ.
ദ പിന്നേം വരുന്നു! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ പെണ്‍കുട്ടികളല്ല വിളിച്ചുപറയുന്നത്. ആറാമത്തെ ചോദ്യം വായിക്കുന്ന ശരാശരി ഇംഗ്ളീഷ് അറിയാവുന്ന ഏത് കുട്ടിയും പറയും. കാരണം, അവനും അവളും ഇത് പലവട്ടം എഴുതി തിരുത്തി പഠിച്ചതാണ്. നാട്ടുകാരെ, വായിച്ചോളൂ;
He is in the habit of writing diary. Draft the diary entry for him. Draft a diary entry എന്നല്ലേ പാടുള്ളൂ? എന്താ ചെയ്യാ!
അടുത്തത് കളി നോട്ടീസ് ബോര്‍ഡിനോടാണ്. Here is a notice put  up in the school notice board. ‘നോട്ടീസ് ബോര്‍ഡില്‍’ എന്നുതന്നെയാണ് മലയാളം. ഇംഗ്ളീഷിലോ? നമ്മുടെ ന്യായമനുസരിച്ച് ‘In the notice board’. അങ്ങനെയല്ലന്നേ. അതു മാത്രവുമല്ല; ‘on the notice board’ എന്നാണ് ശരിയെന്ന് പലതവണ നമ്മള്‍തന്നെ പഠിപ്പിച്ചിട്ടുമുണ്ടാവും. Drive ചെയ്യുന്ന ആളിനെ ‘Driver’ എന്നു കേട്ടുപഠിക്കുന്ന കുട്ടി ‘Cook’ ചെയ്യുന്ന ആളിനെ ‘Cooker’ എന്നു വിളിച്ചുനോക്കും. സ്വാഭാവികമാണത്. ആ പദോല്‍പത്തിയിലെ അയുക്തിയുടെ യുക്തി പറഞ്ഞു മനസ്സിലാക്കാനല്ലേ ഈ മാഷന്മാരും ടീച്ചര്‍മാരും. അല്ലാതെ, കുട്ടിയുടെ യുക്തിയില്‍തന്നെ ചിന്തിച്ച് പിറകോട്ട് നടക്കാനല്ലല്ലോ?
‘In the notice board’ എന്നു പറയുന്നത് ശരിയല്ല്ളല്ലോ എന്നു ചോദിച്ചിരുന്നുവത്രെ SCERTയിലെ ഒരു ഇംഗ്ളീഷ് ഭാഷാവിദഗ്ധനോട് ഈയടുത്തിടെ ഒരു ടീച്ചര്‍. പണ്ഡിതശിരോമണിയുടെ വ്യാഖ്യാനം ഇപ്രകാരം: ‘‘ഫ്ളാറ്റ് ആയ, ഡോര്‍ ഇല്ലാത്ത നോട്ടീസ് ബോര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന കാലത്തെ ഭാഷാശൈലിയാണ് ‘on the notice board’ എന്നത്. ഇപ്പോള്‍ നോട്ടീസ് ബോര്‍ഡുകള്‍ക്കൊക്കെ ചില്ലുവാതിലുണ്ട്. ബോര്‍ഡിന് ആഴവുമുണ്ട്. അങ്ങനെ വരുമ്പോള്‍ ‘in the notice board’ എന്നതു ശരിയാണ്’’ (എങ്ങനെയുണ്ട് ബുദ്ധി!). അല്ല മാഷേ, നിങ്ങള്‍ പഠിപ്പിക്കുന്നത് ആശാരിപ്പണിയോ അതോ ആംഗലേയ വ്യാകരണമോ? പെരുന്തച്ചന്‍െറ കല മഹനീയംതന്നെയാണ്; ഒരു സംശയവുമില്ല. അതു ചെയ്യുമ്പോള്‍ അതാണെന്നറിയണം; അതു പറയണം. ആ പണിക്കു കൂലി വാങ്ങണം; അതേ വാങ്ങാവൂ.
ഏഴാമത്തെ ചോദ്യത്തില്‍ പരീക്ഷാര്‍ഥി കറക്ട് ചെയ്യേണ്ടുന്ന ഒരു ഭാഗമുണ്ട്. അതിനകത്ത് ചുരുങ്ങിയത് നാലു തെറ്റുകള്‍. ശരിയാക്കിയാല്‍ പ്രതിഫലം നാലു സ്കോര്‍. ഗംഭീരം; കൃത്യം. അതിനുമുമ്പുതന്നെ ചോദ്യകര്‍ത്താവ് വരുത്തിവെച്ച എട്ടു പിശകുകള്‍ കണ്ടുപിടിക്കുന്ന പാവം കുട്ടിക്ക് എത്ര സ്കോര്‍ നല്‍കും?
ഒന്നുരണ്ടിടത്ത് ‘the’ വേണ്ടാതെ ചെലവാക്കിയതുകൊണ്ടാണോ എന്നറിയില്ല ഒമ്പതാമത്തെ ചോദ്യത്തില്‍ article തന്നെ വേണ്ട എന്ന് കക്ഷി അങ്ങു തീരുമാനിച്ചുകളഞ്ഞത്. Examine the diagram and make comparative study of the popularity enjoyed by various programmes-
‘‘Compare the popularity enjoyed by various programmes’’ എന്നെഴുതിയിരുന്നുവെങ്കില്‍ ഭംഗിയായേനെ എന്ന് പറയാതിരിക്കാം. അതുപോട്ടെ, ‘comparative study’ എന്നതിനു മുന്നില്‍ ഒരു article വേണ്ടേ സാര്‍? ഇത് ഒരു കുട്ടി ചൂണ്ടിക്കാണിച്ചാല്‍ എന്താ പറയുക നമ്മള്‍!
മുടന്തനായ രാജാവിന്‍െറ കഥയാണ് 11ാം ചോദ്യത്തില്‍. ചോദ്യത്തിന്‍െറ ആദ്യഭാഗം traditional grammar പ്രകാരം കൃത്യമായി എഴുതിയിട്ടുണ്ട്. നോക്കൂ: ‘‘...decides to give’’ ‘‘...instructions to the palace officials.’’ അവസാനത്തെ വാചകം  Write two instructions that he might give the officials. give to the officials എന്നുവേണ്ടേ? Modern usageല്‍ നിര്‍ബന്ധമില്ല എന്നാണ് നിലപാടെങ്കില്‍ ബഹുമാനിക്കുന്നു.  അങ്ങനെയെങ്കില്‍ ഈ question paper മുഴുവന്‍ അതുപോലെ വേണ്ടേ സര്‍?
12ാമത്തെ ചോദ്യത്തിലെ നായകന്‍െറ കാര്യം അല്‍പം ദയനീയമാണ്. പുള്ളിക്കാരന്‍െറ ഇന്‍ഷുറന്‍സ് പോളിസിഡോക്യുമെന്‍റ്സ് കളഞ്ഞുപോയിരിക്കുന്നു. തന്‍െറ അക്കൗണ്ട് മരവിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് ഓഫിസിലേക്ക് അപേക്ഷ അയക്കണം. അയക്കേണ്ടത് ഒരപേക്ഷയാണ്. ഈ സാധനത്തിന് എന്താണ് ഇംഗ്ളീഷില്‍ പറയുക. ഇത് request ആണോ application ആണോ അതോ complaint ആണോ? ചോദ്യകര്‍ത്താവ് പറയുന്നതിങ്ങനെ: As such, he decides to send an application through email to the insurance office requesting them to freeze his account. ‘Application’ എന്നതിനെ Oxford advanced learners dictionary നിര്‍വചിക്കുന്നതിങ്ങനെ: ‘‘a formal (often written) request for something, such as a job, permission to do something or a place at a college or university.’’ Application എന്ന പദത്തിന്‍െറ അര്‍ഥവ്യാപ്തിയെപ്പറ്റി നമുക്ക് ചര്‍ച്ചയാവാം. ഇവിടെ പ്രശ്നമതല്ല. ഈ പന്ത്രണ്ടാം ക്ളാസുകാരന്‍/കാരി എന്താണെഴുതേണ്ടത്? application ആണോ complaint ആണോ അതോ request വേണോ? ഇതില്‍ ഏതെഴുതിയാലാണ് നിങ്ങള്‍ 5 സ്കോര്‍ കൊടുക്കാന്‍ പോവുന്നത്? ഇത് മൂന്നും മൂന്നെണ്ണമാണെന്ന് അവരോട് പറഞ്ഞുകൊടുത്തത് നിങ്ങള്‍ തന്നെയല്ലേ?
പ്ളസ്ടു ഇംഗ്ളീഷ് അധ്യാപകനാവാന്‍ ചെറുതൊന്നുമല്ല യോഗ്യതകള്‍. ഇംഗ്ളീഷ് ഐച്ഛികവിഷയമായെടുത്ത് BA, MA, BEd എന്നിവ നേടണം. പിന്നെ ഒരു SETകടമ്പ. സര്‍ക്കാര്‍ സ്കൂളിലെത്താന്‍ പി.എസ്.സിയുടെ വക പിന്നെയും ഒരു പരീക്ഷ, ഇന്‍റര്‍വ്യൂ. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന യോഗ്യരില്‍നിന്ന് കഴിവേറിയവര്‍ DRGയില്‍ എത്തും; അതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മിടുക്കന്മാര്‍/മിടുക്കികള്‍ SRG മെംബര്‍മാരാവും. State Resourse Groupല്‍പെട്ട ഗംഭീരന്മാരില്‍നിന്നുമാണ് ചോദ്യങ്ങള്‍ തയാറാക്കുന്ന പുള്ളികളെ തെരഞ്ഞെടുക്കുന്നത്. എന്നിട്ടിതാണ് കഥ!
ഈ പൊരിവെയിലത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്ളസ്ടു അധ്യാപകര്‍ തിരക്കിട്ട് പേപ്പര്‍ വാല്വേഷനിലാണ്. ഇത്രയും അശ്രദ്ധയോടെ തയാറാക്കപ്പെട്ട ഒരു ചോദ്യപേപ്പറിനെപ്പറ്റി എന്തുകൊണ്ട് ഇതുവരെയും നമ്മളാരുമറിഞ്ഞില്ല! പരിചയമുള്ള കുറെ അധ്യാപകരോട് ചോദിച്ചുനോക്കി. എന്തൊരു ലാഘവത്തോടെയാണവര്‍ പ്രതികരിക്കുന്നത്! അതിനുള്ളിലുമുണ്ടത്രെ കളികള്‍! സാധാരണ പ്ളസ്ടു ചോദ്യങ്ങള്‍ തയാറാക്കിവന്നിരുന്നത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കാള്‍ ഉയര്‍ന്ന യോഗ്യതയുള്ളവരായിരുന്നുവത്രെ. എന്നാല്‍, ഇത്തവണ അധ്യാപക സംഘടനകള്‍  നടത്തിയ സമ്മര്‍ദത്തിന്‍െറ ഫലമായി ഈ അവകാശം അവര്‍തന്നെ നേടിയെടുത്തിരിക്കുന്നു. ചോദ്യകര്‍ത്താവാകാന്‍ രണ്ടുയോഗ്യതകളില്‍ ഒന്നുണ്ടാവണം. ഒന്നുകില്‍ നിങ്ങള്‍ ഒരു റിട്ടയേര്‍ഡ് പ്ളസ്ടു ഇംഗ്ളീഷ് അധ്യാപകനാവണം; അല്ലെങ്കില്‍ പത്തുവര്‍ഷം പ്രവൃത്തിപരിചയം ഉണ്ടാവണം. പ്ളസ്ടുവില്‍ നേരിട്ട് ജോലിക്ക് ചേര്‍ന്നവരാരും റിട്ടയര്‍ ചെയ്യാറായിട്ടില്ല; എന്നുവെച്ചാല്‍ യു.പി/ ഹൈസ്കൂള്‍ മേഖലയില്‍നിന്ന് പ്രമോഷന്‍ വഴി വന്ന് ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവരാകണം അവര്‍. അതിലും മോശമൊന്നും പറയാന്‍മാത്രം ദോഷൈകദൃക്കൊന്നുമല്ല ഈയുള്ളവന്‍. എന്നാലും ചോദ്യപേപ്പര്‍ തയാറാക്കുമ്പോള്‍ ഇത്തിരി ശ്രദ്ധവേണ്ടേ?
‘വാല്വേഷന്‍ ഫെസ്റ്റിവല്‍’ പരിപാടികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ചില സുഹൃത്തുക്കളോട് ഈ ചോദ്യപേപ്പറിനെപ്പറ്റി അന്വേഷിക്കാനിടയായി. വിചിത്രവും അപ്രതീക്ഷിതവുമായ മറുപടികളായിരുന്നു പലതും. ചിലരുടെ മറുപടി കേട്ടാല്‍ ഒന്നു കരണക്കുറ്റിക്കിട്ട് പൊട്ടിക്കാനാണ് എത്ര സമാധാനപ്രിയനായ രക്ഷിതാവിനും തോന്നിപ്പോവുക. ‘‘അക്ഷരത്തെറ്റും ഗ്രാമറും ആരുമിപ്പോള്‍ കാര്യമാക്കുന്നില്ലല്ലോ’’ എന്ന് മറുപടി പറയുന്ന മാഷിനെ പിന്നെന്തുചെയ്യണം, സര്‍. രണ്ടു കാര്യങ്ങള്‍ ഈ പ്രതികരണത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ‘‘അക്ഷരത്തെറ്റും ഗ്രാമറും കാര്യമല്ല’’ എന്നങ്ങ് തീരുമാനിക്കാന്‍ കേരളത്തിലെ പ്ളസ്ടു കരിക്കുലം കമ്മിറ്റിക്ക് ആരാണ് അധികാരം നല്‍കിയത്? ഈ പരീക്ഷ പാസായി പുറത്തിറങ്ങുന്ന ഒരു കുട്ടി ആശയവിനിമയം നടത്തേണ്ടുന്നത് മുഴുവന്‍ ലോകത്തോടുമാണ്. ഇവര്‍ എഴുതാന്‍ പോവുന്ന, പറയാന്‍ പോവുന്ന വാക്കുകള്‍, വാചകങ്ങള്‍ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും സാര്‍വദേശീയ നിലവാരത്തില്‍ ഇംഗ്ളീഷ് ഉപയോഗിക്കുന്ന ഒരു വലിയ സമൂഹമാണ്. ‘‘അക്ഷരത്തെറ്റും ഗ്രാമറും കാര്യമല്ല’’ എന്ന് അവരെയൊക്കെ നിങ്ങള്‍ ബോധ്യപ്പെടുത്തിക്കഴിഞ്ഞോ?
ചോദ്യപേപ്പറിലേക്ക് മടങ്ങിവരാം. ഏഴാമത്തെ ചോദ്യത്തില്‍ ഒരു നോട്ടീസ് കറക്ട് ചെയ്യാനാണുള്ളത്. ആദ്യഭാഗം ഇങ്ങനെ: The School is decided to bring out a new magazine (തുടക്കത്തില്‍ തന്നെയുള്ള ‘The’ അസ്ഥാനത്താണെന്ന് വ്യക്തം. മിടുക്കന്മാര്‍ ഇത് കറക്ട് ചെയ്യും. Answer keyയില്‍ ഇല്ലാത്ത പിശക് കുട്ടി ശരിയാക്കിയത് കാണുന്ന അധ്യാപകന്‍ മേലോട്ടുനോക്കും. അവര്‍ മേലോട്ട് നോക്കട്ടെ, തല്‍ക്കാലം). ഈ വാചകത്തിലെ ‘ഔദ്യാഗികമായ’ പിശക് ‘is decided’ എന്നതിലാണ്. ലോകം മുഴുവന്‍ ഇപ്പോള്‍ അംഗീകരിക്കപ്പെട്ട രീതിപ്രകാരം ‘has decided’ എന്നുവേണം. എന്നാല്‍ ‘The School has been decided’ എന്നെഴുതിയാലും മാര്‍ക്ക് കൊടുക്കാം എന്നാണ് MA, BEd, SET വിദഗ്ധരുടെ മതം. അതെങ്ങനെയാണ് ശരിയാവുക? ‘The School has decided’ എന്നത് active voice, മറ്റേത് passive voice. അര്‍ഥം നേരെ വിപരീതമാവാനേ വഴിയുള്ളൂ (School has been decided എന്നത് വ്യാകരണത്തിലെ ഒരുദാഹരണം മാത്രമായേ നിലനില്‍ക്കു; അത് അര്‍ഥപൂര്‍ണമല്ല തന്നെ).
ചോംസ്കി /ഫ്രെയര്‍/ ഇല്ലിച്ച് മൂര്‍ത്തികളെ വിശ്വസിച്ചോ അവിശ്വസിച്ചോ നിങ്ങള്‍ എത്ര ചര്‍ച്ചകള്‍ വേണമെങ്കിലും നടത്തിക്കോളൂ, TA/DA ആവോളം ആസ്വദിച്ചോളൂ, ട്യൂഷനും ഇന്‍ട്യൂഷനുംകൊണ്ട് പകിടകളിച്ചോളൂ ഈ പാവം പിള്ളാരെ വെറുതെ വിട്ടുകൂടെ? മുകളില്‍ പറഞ്ഞ രണ്ടു വാചകങ്ങള്‍ (active/passive) തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നു വിശ്വസിച്ച് വശമാവുന്ന പഠിതാവ് പ്ളസ്ടു കഴിഞ്ഞ് ഈ കേരളത്തിനു വെളിയില്‍ചെന്ന് ഇതുപോലെ ഇംഗ്ളീഷ് ഉപയോഗിക്കാന്‍ തുടങ്ങും. Have you finished your work? എന്ന് ചോദ്യംവന്നാല്‍ അവന്‍ കൂളായി പറയും: ‘‘I have been finished, Sir.’’ പഠിതാവിന്‍െറയും അവനെക്കാത്തിരിക്കുന്ന വിവരദോഷിയായ, ചോംസ്കി വായിക്കാത്ത രക്ഷിതാവിന്‍െറയും കാര്യം കട്ടപ്പൊക. ഈ പരീക്ഷയും കഴിഞ്ഞ് കോവളത്ത് കടലവില്‍ക്കാനാണ് പോവുന്നതെങ്കില്‍ കുഴപ്പമൊന്നുമില്ല. ആനന്ദം; പരമാനന്ദം.
രണ്ടാമതായി, വ്യാകരണനിയമങ്ങള്‍ പൊളിച്ചെഴുതുന്ന കാര്യം. ആവട്ടെ. അതിനുള്ള വഴി ഇതാണോ? വ്യാകരണമേ വേണ്ട എന്ന് സമര്‍ഥിക്കുന്ന ഒരു ലേഖനമെഴുതുകയാണ് നിങ്ങള്‍ എന്നു വിചാരിക്കുക. ആ ലേഖനത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ വ്യാകരണപ്രകാരമായിരിക്കില്ലേ? അല്ലാതെ ഒരാള്‍ക്കിത് മനസ്സിലാവില്ലല്ലോ. പാഠഭാഗത്തിനകത്തോ അനുബന്ധ പ്രവൃത്തികളിലോ നിങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നോളൂ. ഇവിടെ പിശകുകള്‍ മുഴുവന്‍ ചോദ്യപേപ്പറിലെ നിര്‍ദേശങ്ങളിലും പിന്നെ ചോദ്യങ്ങളിലും തന്നെയാണ്. ഇതെവിടത്തെ ഏര്‍പ്പാടാണ് ഹേ! പോക്കറ്റിലൊളിപ്പിച്ച iphoneല്‍ dailywritingtips.com നോക്കിക്കൊണ്ടിരിക്കുന്ന പയ്യന്‍സാണ് മുന്നിലിരിക്കുന്നത്.
മൂന്നു തരത്തിലുള്ള പിശകുകളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. ഒന്നാമതായി വ്യാകരണ/ ഉപയോഗ നിയമങ്ങള്‍ അറിയാതിരിക്കുക എന്നത്  (ഉദാ: Draft the diary entry). രണ്ടാമത്, എന്ത് തെറ്റ് എഴുതിപ്പോയാലും എനിക്കൊന്നും സംഭവിക്കാനില്ല എന്ന അഹന്തയില്‍നിന്നുണ്ടാവുന്ന അക്ഷന്തവ്യമായ അശ്രദ്ധ. ഭരണം മാറുന്നതിനനുസരിച്ച്, യൂനിയന്‍ ഷോട്ട്കട്ടുകള്‍ വഴി തലപ്പത്തെത്തുന്നവര്‍തന്നെയാണ് എല്ലായിടത്തും. ഇക്കാര്യത്തില്‍ കരിക്കുലം കമ്മിറ്റിയും കരിക്ക് വികസനസമിതിയും തമ്മില്‍ അന്തരമൊട്ടുമില്ലതന്നെ. ശിപാര്‍ശക്കത്തെഴുതുന്ന ലാഘവത്തോടെതന്നെയാണിവന്മാര്‍ ചോദ്യപേപ്പറുകളും തയാറാക്കുന്നത് എന്നുവേണം കരുതാന്‍. അല്ലാതെ പിന്നെങ്ങനെയാണ് ‘‘here is a notice put up in the school notice board’’ എന്നെഴുതിവിടാന്‍ കഴിയുന്നത് 40,000ത്തിലധികം രൂപ മാസശമ്പളം പറ്റുന്ന സീനിയര്‍ പ്ളസ്ടു ടീച്ചര്‍ക്ക്?
മൂന്നാമത്തെ കാര്യം, നമ്മളിപ്പോഴും ചെയ്യുന്നത് മലയാളത്തില്‍നിന്ന് മലയാളത്തിന്‍െറ ശൈലിയില്‍  ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് എന്നതാണ്. ‘‘Govt Higher Secondary School Jubilee Hall Ottappalam’’ എന്ന് ഒറ്റശ്വാസത്തില്‍ തട്ടിവിടുന്നത് ഇതുകൊണ്ടുതന്നെ. വിവര്‍ത്തനം ചെയ്യുന്നതും പരിശീലനം ചെയ്യുന്നതും നല്ലതുതന്നെ; എന്നാലത് ലക്ഷ്യഭാഷയെ മാനഭംഗപ്പെടുത്താനാവരുത് സര്‍.
ആംഗലേയ വ്യാകരണത്തില്‍ അഗാധമായ അറിവുണ്ടെന്ന ഒരു തെറ്റിദ്ധാരണയും ഈ ലേഖകനില്ല; ഒരു സാധാരണനായി ഈ ചോദ്യപേപ്പര്‍ വായിച്ചുനോക്കിയപ്പോള്‍ തോന്നിയതും ഏതൊരു ശരാശരി പ്ളസ്ടു വിദ്യാര്‍ഥിക്കും തോന്നാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ പറയാന്‍ ഒന്നു ശ്രമിച്ചതാണ്. SCERT ആണ് പ്രസ്തുത ചോദ്യപേപ്പറുകളടക്കം പ്ളസ് ടുവരെയുള്ള സകല വിദ്യ- അഭ്യാസ പരിപാടികളുടെയും കേന്ദ്രം എന്നോര്‍ത്തപ്പോഴാണ് അവരുടെ ഹോം പേജില്‍ ഒന്നു ചെന്നുനോക്കിയത്. ഇങ്ങനെ അശ്രദ്ധമായി ഭാഷ കൈകാര്യംചെയ്യുന്ന കാര്യത്തെപ്പറ്റി വല്ലവരെയും ഒന്നു തെര്യപ്പെടുത്താന്‍ പറ്റിയാല്‍ തരക്കേടില്ല എന്നും ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ. ആദ്യപേജില്‍തന്നെ SCERTയുടെ പൂര്‍ണരൂപം കൊടുത്തിരിക്കുന്നു. അതു കണ്ടപ്പോ പൂര്‍ണ ബോധ്യായി ‘‘ഉണ്ണി ഇല്ലത്തേതുതന്നെ’’ എന്ന്.
പേപ്പര്‍ വാല്വേഷന്‍ കഴിഞ്ഞ്,  ചുമ്മാ ഇരിക്കുന്ന അധ്യാപികാധ്യാപക സുഹൃത്തുക്കള്‍ക്കും ഡി.ആര്‍.ജി, എസ്.ആര്‍.ജി ശിങ്കങ്ങള്‍ക്കും SCERT വെബ്സൈറ്റില്‍ പോയാല്‍ പൂര്‍ണരൂപം കൊടുത്തതില്‍ വിട്ടുപോയ വാക്ക് കണ്ടുപിടിച്ച് കളിക്കാം. എന്തെഴുതിയാലും എഴുതിയില്ലേലും പിള്ളേര്‍ പാസാവും; അല്ല പിന്നെ!
http://www.madhyamam.com/weekly/1291
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക