Image

മാതൃദേവോ ഭവ: (ഒരു മാതൃദിനകുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 12 May, 2012
മാതൃദേവോ ഭവ: (ഒരു മാതൃദിനകുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
അമ്മയുടെ സ്‌നേഹം പോലെ അമ്മയുടെ സാന്ത്വനം പോലെ മാതൃദിനം വന്നെത്തുകയായി. മാതൃദിനമെന്ന്‌ പറയുന്നത്‌ ശിശു-ദിനം കൂടിയാണ്‌. ഒരു കുഞ്ഞിനു ജന്മം കൊടുക്കുമ്പോള്‍ ഒരു സ്‌ത്രീ അമ്മയാകുന്നു. അപ്പോള്‍ അതു മാതൃ-ശിശു ദിനമാണ്‌. അമ്മ ആരാധിക്കപ്പെടുകയും മക്കള്‍ അമ്മയെ ആരാധിക്കുകയും ചെയ്യുന്ന ദിവസം. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന്‌ ഒരു കവി പാടിയിരിക്കുന്നു. അമ്മ ആദരിക്കപ്പെടേണ്ട വ്യക്‌തിയാണ്‌, പൂജിക്കപ്പെടേണ്ട വ്യക്‌തിയാണ്‌. അതു കൊണ്ടാണ്‌ മാതൃദിനം എന്ന പേരില്‍ മക്കള്‍ അതു കൊണ്ടാടുന്നത്‌. നിര്‍വ്വചനാതീതമായ വാക്കാണ്‌ അമ്മ. എങ്കിലും അമ്മയെക്കുറിച്ച്‌ പറയാന്‍ മക്കള്‍ക്ക്‌ നൂറു നാവാണ്‌. `സ്വര്‍ഗ്ഗം എവിടെയാണെന്ന്‌ ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ്‌ നബി മറുപടി പറഞ്ഞത്‌. ഈശ്വരനു എല്ലായിടത്തും പ്രത്യക്ഷപെടാന്‍ കഴിയാത്തത്‌ കൊണ്ട്‌ അമ്മമാരെ സൃഷ്‌ടിച്ചു എന്ന്‌ ജൂതന്മാര്‍ വിശ്വസിക്കുന്നു. തൈത്തീരിയ ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്ന പോലെ (11:3)ഹിന്ദുസ്‌ഥാനിലെ ജനങ്ങള്‍ അമ്മ, അച്ഛന്‍, അതിഥി എന്നിവരെ ദൈവമായി കാണുന്നു. എന്നാല്‍ ഇവരില്‍ അമ്മക്ക്‌ തന്നെ പ്രഥമ സ്‌ഥാനം, ഇരുപത്തിനാലു വയസ്സു വരെ എല്ലാ സ്ര്‌തീകളേയും സ്വന്തം അമ്മയായി കണക്കാക്കാന്‍ ആണ്‍കുട്ടികളെ ഉപദേശിക്കുന്നതായി ഹിന്ദുപുരാണങ്ങളില്‍ കാണുന്നുണ്ട്‌.

ഈശ്വരന്റെ പ്രതിരൂപമായി മക്കള്‍ അമ്മമാരെ കാണുന്നു. ഓരോ മനുഷ്യന്റേയും നല്ല ഓര്‍മ്മകളില്‍ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ അമ്മയാണ്‌. രാവിന്റെ നിശ്ശബ്‌ദ യാമങ്ങളില്‍ നേര്‍മ്മയുള്ള താരാട്ടിന്റെ ഈണം കേട്ടുറുങ്ങുന്ന കുട്ടികളുടെ മനസ്സില്‍ അമ്മയെന്ന രൂപം മായാതെ പതിയുന്നു. ഏത്‌ കുറ്റത്തിനും മാപ്പു കൊടുക്കുന്ന ആ കോടതി മക്കളുടെ സുരക്ഷ സങ്കേതമാണ്‌. ഈശ്വരനെ വിളിക്കുന്നതിനെക്കാള്‍ കൂടുതലായി മനുഷ്യന്‍ `അമ്മേ' എന്നു വിളിക്കുന്നത്‌ അതു കൊണ്ടാണ്‌. അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ പിടിക്കാന്‍, പറക്കുന്ന പക്ഷികളേയും, മേഘങ്ങളുടെ മറവില്‍ ഒളിച്ചുകളിക്കുന്ന മാലാഖമാരേയും ഒന്ന്‌ തൊടാന്‍ കൊതിക്കുന്ന ശൈശവത്തിന്റെ നിഷ്‌ക്കളങ്കതയെ അമ്മമാര്‍ വാത്‌സല്യം കൊണ്ട്‌ എതിരേല്‍ക്കുന്നു. കുഞ്ഞി കൈകള്‍ മുന്നോട്ട്‌ നീട്ടി പിടിച്ച്‌്‌ ഉറയ്‌ക്കാത്ത കാല്‍വെയ്‌പ്പോടെ വേച്ച്‌ വേച്ച്‌ നടന്ന്‌ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിര്‍വൃതി കൊള്ളുന്ന പൈതലിനെ താലോലിക്കുന്ന അമ്മ ത്യാഗത്തിന്റേയും, സഹന ശക്‌തിയുടേയും നിത്യ സത്യമാണ്‌. കോമള ദന്തങ്ങള്‍ കാട്ടി ചിരിക്കുന്ന കുഞ്ഞിനു അറിവിന്റെ ആദ്യപാഠങ്ങള്‍ അമ്മയില്‍ നിന്നും കിട്ടുന്നു. മുലപ്പാല്‍ നുകരുന്ന മധുരിക്കുന്ന ഓര്‍മ്മയില്‍ കുട്ടികള്‍ ചുണ്ട്‌ വിടര്‍ത്തുമ്പോള്‍ `മ്മ' എന്നക്ഷരം പുറപ്പെടുന്നു. അത്‌ കേട്ട്‌ മാതൃഹൃദയങ്ങള്‍ ആനന്ദം കൊള്ളുന്നുണ്ടെങ്കിലും കുട്ടിക്ക്‌ അത്‌ അമ്മയെ സംമ്പോധന ചെയ്യാനുള്ള ശബ്‌ദമാണെന്ന തിരിച്ചറിവ്‌ അപ്പോള്‍ ഇല്ല. ലോകത്തിലെ മിക്ക ഭാഷയിലും അമ്മയെ വിളിക്കാനുള്ള വാക്കില്‍ ഈ `മ്മ' ചേര്‍ന്നിരിക്കുന്നു. മുലപ്പാലിന്റെ മാധുര്യമൂറുന്ന ഈ വിളി അമ്മമാരെ ധന്യരാക്കുന്നു. അതേ സമയം കുട്ടികള്‍ക്ക്‌ അമ്മയോടുള്ള സുദൃഢ ബന്ധത്തിന്റെ കണ്ണികള്‍ ഇത്‌ ഉറപ്പിക്കുന്നു

കയ്യില്‍ നിന്നും അപ്പ കഷണം റാഞ്ചി കൊണ്ടു പോകുന്ന കാക്കയെ നോക്കി സങ്കടത്തോടെ വിതുമ്പി കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന അമ്മ മനസ്സിന്റെ നോവുകള്‍ക്ക്‌ ഒരു ഔഷധമായി ഒരാളുടെ ജീവിതത്തില്‍ അനശ്വരയായി ജീവിക്കുന്നു.സൃഷ്‌ടി-സ്‌ഥിതി-സംഹാരം നിര്‍വ്വഹിക്കാനുള്ള ഊര്‍ജ്‌ജം ദൈവം സംഭരിക്കുന്നത്‌ സ്‌ത്രീ രൂപമുള്ള ശക്‌തിയില്‍ നിന്നാണത്രെ. അതു കൊണ്ട്‌ ഈശ്വരനൊപ്പം ദിവ്യ മാതാവെന്ന സങ്കല്‍പ്പത്തെയും ഹിന്ദു മതത്തില്‍ പൂജിക്കുന്നു. അതെപോലെ മക്കള്‍ അമ്മയെ പൂജിക്കുന്നു. അവരുടെ മനസ്സിലെ ശ്രീകോവിലില്‍ പ്രതിഷ്‌ഠിക്കുന്നു. പ്രക്രുതിയും ഈശ്വരനും ഒരുമിച്ച്‌ ഒരു സ്‌ത്രീയില്‍ വസിക്കുന്നു. ആയിരം ഉണ്ണികനികള്‍ക്ക്‌ തൊട്ടിലും താരാട്ടുമായ്‌ ഉണര്‍ന്നിരിക്കുന്ന (ഒ.എന്‍.വി) ഭൂമിദേവിയെപോലെ അമ്മയും സര്‍വ്വംസഹയാണ്‌.

അമ്മ ഒരു അമ്പലമാണ്‌. അവിടത്തെ പ്രതിഷ്‌ഠ കരുണയാണ്‌, വാത്‌സല്യമാണ്‌ സ്‌നേഹത്തിന്റെ എല്ലാ പര്യായവുമാണ്‌. മക്കള്‍ക്ക്‌ വേണ്ടി സ്വന്തം സുഖവും, സന്തോഷവും ത്യജിക്കാന്‍ എത്ര പെട്ടെന്നാണ്‌്‌ ഒരു പെണ്‍കുട്ടിക്ക്‌ കഴിയുന്നത്‌. ശ്രീ ഒ.എ.ന്‍.വിയുടെ `ചോറൂണ്‌' എന്ന്‌ കവിതയില്‍ കൗമാരത്തിന്റെ കുസൃതി വിട്ട്‌ അമ്മയുടെ ഗൗരവവ്വം വീണ്ടേടുക്കുന്ന ഒരു പത്‌നിയെപ്പറ്റി പറയുന്നുണ്ട്‌. മകനെ തോളിലിട്ട്‌ നടക്കുമ്പോള്‍ വഴിയോരത്ത്‌ നിന്നും ദൂരെ തുടുത്ത തെച്ചിപഴങ്ങള്‍ കണ്ട്‌ അത്‌ വേണമെന്ന്‌ ഭര്‍ത്താവിനോട്‌ അവര്‍ പറയുന്നു. വളര്‍ന്ന്‌ അമ്മയായിട്ടും കൗമാര വാസന വിടാത്ത പത്‌നിക്ക്‌ അത്‌ പറിച്ച്‌ കൊടുത്ത്‌ ഒരെണ്ണം അദ്ദേഹവും തിന്നാന്‍ തുടങ്ങവെ അദ്ദേഹത്തിന്റെ പത്‌നി അതു തിന്നുന്നില്ല. `കുഞ്ഞിമോനിഷ്‌ടാവുമെന്നോതി നിന്റെയാകൈക്കുമ്പിളില്‍ തന്നെയൊതുക്കി നിന്നോഹരി. എത്രവേഗം വീണ്ടുമോമനെ നിന്നിലെക്കാച്ചു കുസൃതികുടുക്കയൊരമ്മയായ്‌. എന്ന്‌ ഭര്‍ത്താവപ്പോളാശ്ചര്യപ്പെടുന്നു.

ഒരു കുഞ്ഞിന്റെ പിറവിയോടെ അമ്മയുടെ എല്ലാം ആ കുഞ്ഞാകുന്നു. കുട്ടികള്‍ വളര്‍ന്ന്‌ അമ്മയില്‍ നിന്ന്‌ അകന്നുപോയാലും അമ്മയെ എന്നും ഓര്‍മ്മിപ്പിക്കുന്ന ഒരടയാളം ദൈവം അവര്‍ക്ക്‌ കൊടുത്തിട്ടുണ്ട്‌. അതാണ്‌ പൊക്കിള്‍കൊടി. മാത്രുദിനത്തിലല്ലാതെ എല്ലാ ദിവസവും അമ്മയെ ഓര്‍ക്കുകയാണ്‌ മക്കളുടെ നന്മ. എങ്കിലും വര്‍ഷത്തില്‍ ഒരു ദിവസം പൂര്‍ണ്ണമായി അമ്മക്ക്‌ വേണ്ടി നീക്കിവക്കുന്നതും മഹത്വരം തന്നെ.

ഉണ്ണീ മറക്കായ്‌ക പക്ഷെയൊരമ്മതന്‍
നെഞ്ചില്‍ നിന്നുണ്ട മധുരമൊരിക്കലും
(ഒ.എന്‍.വി)

എല്ലാ അമ്മമ്മാര്‍ക്കും സന്തോഷകരമായ ഒരു മാതൃദിനം ആശംസിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക