Image

വ്യാജ രേഖ ചമച്ച കേസ്‌: തൃശൂര്‍ സ്വദേശിയെ കോടതി വെറുതെ വിട്ടു

Published on 14 May, 2012
വ്യാജ രേഖ ചമച്ച കേസ്‌: തൃശൂര്‍ സ്വദേശിയെ കോടതി വെറുതെ വിട്ടു
ദുബൈ: കൃത്രിമ രേഖകള്‍ ചമച്ച്‌ മലയാളിയുടെ പേരില്‍ ബാങ്കില്‍ നിന്ന്‌ ചെക്ക്‌ ബുക്ക്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തൃശൂര്‍ ചാലക്കുടി സ്വദേശി അജീഷ്‌ ഗിരിജനെ കോടതി വെറുതെ വിട്ടു. ജോലി വാഗ്‌ദാനം ചെയ്‌ത്‌ പാസ്‌പോര്‍ട്ട്‌ പകര്‍പ്പും ബയോഡാറ്റയും വാങ്ങിയ മറ്റൊരു സംഘം ഇയാളുടെ പേരില്‍ തട്ടിപ്പ്‌ നടത്തുകയായിരുന്നുവെന്ന്‌ കണ്ടാണ്‌ കോടതി അജീഷിനെ കുറ്റമുക്തനാക്കിയത്‌.

അജ്‌മാനിലെ അല്‍ ഹൂത്ത്‌ എന്ന സ്ഥാപനത്തിന്‍െറ പേരില്‍ ലെറ്റര്‍ പാഡും സീലും നിര്‍മിച്ച്‌ വ്യാജ ഒപ്പിട്ട്‌ സ്വാദിറാത്‌ ഇറാന്‍ ബാങ്കില്‍ നിന്ന്‌ ചെക്ക്‌ ബുക്ക്‌ തട്ടിയെടുക്കാനാണ്‌ സംഘം അജീഷിനെ ഉപയോഗപ്പെടുത്തിയത്‌. സംഭവ ദിവസം കൃത്യ സമയത്ത്‌ ബാങ്കിലെത്തിയതിനാല്‍ അല്‍ ഹൂത്ത്‌ കമ്പനി ഉടമ കണ്ണൂര്‍ സ്വദേശി മോഹനന്‍ തട്ടിപ്പില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നു. അബൂദബി കമ്പനിയിലെ ജോലി നഷ്ടപ്പെട്ട അജീഷ്‌ ഗിരിജന്‍ പുതിയ ജോലിക്കായി ഇംഗ്‌ളീഷ്‌ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന്‌ ഒരു സംഘം ഇയാളെ ഇന്‍റര്‍വ്യൂവിന്‌ എന്ന പേരില്‍ ദുബൈ ബുര്‍ജുമാന്‍ സെന്‍ററിലേക്ക്‌ വിളിച്ചുവരുത്തി പാസ്‌പോര്‍ട്ട്‌ പകര്‍പ്പും മറ്റും വാങ്ങി. രണ്ട്‌ ദിവസത്തിന്‌ ശേഷം ജോലിക്കെന്നു പറഞ്ഞ്‌ പലയിടങ്ങളിലായി കാറില്‍ കൊണ്ടുപോകുകയും കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചയക്കുകയും ചെയ്‌തു. പിന്നീട്‌ മറ്റൊരു ദിവസം ഒരു രേഖ വാങ്ങാനെന്ന പേരില്‍ ഇവര്‍ അജീഷിനെ സ്വാദിറാത്ത്‌ ബാങ്കിലേക്ക്‌ അയക്കുകയായിരുന്നു. ഇതിനാവശ്യമായ കടലാസുകളും സംഘം ഏല്‍പിച്ചിരുന്നു. ബാങ്കില്‍ നിന്ന്‌ ചെക്ക്‌ ബുക്ക്‌ സ്വീകരിക്കുന്നതിന്‌ അല്‍ഹൂത്ത്‌ സ്ഥാപനത്തിന്‍െറ ഉടമ തനിക്ക്‌ അനുമതി നല്‍കുന്നതായി തയാറാക്കിയ വ്യാജ രേഖയാണ്‌ ഇതെന്ന്‌ അജീഷ്‌ അറിഞ്ഞിരുന്നില്ല.

അപേക്ഷ ഒറിജിനലാണെന്ന ധാരണയില്‍ പുതിയ ചെക്ക്‌ ബുക്ക്‌ അനുവദിക്കുന്നതിനിടെ മോഹനന്‍ ബാങ്കിലെത്തിയതാണ്‌ ഇയാള്‍ വന്‍ തട്ടിപ്പില്‍ നിന്ന്‌ രക്ഷപ്പെടാനിടയായത്‌. അജ്‌മാനില്‍ അഞ്ച്‌ സ്ഥാപനങ്ങള്‍ നടത്തുന്ന മോഹനന്‍ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായുള്ള യാത്രക്കിടെ മിക്ക ദിവസവും രാവിലെ ബാങ്കില്‍ എത്താറുണ്ട്‌. സംഭവ ദിവസം ഉച്ച 12ന്‌ ബാങ്കിലെത്തി പുതിയ ചെക്ക്‌ ബുക്കിന്‌ അപേക്ഷ നല്‍കിയപ്പോഴാണ്‌ ഇതേ ആവശ്യവുമായി മറ്റൊരാള്‍ എത്തിയത്‌ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ മോഹനന്‍െറ ശ്രദ്ധയില്‍പെടുത്തിയത്‌. ഇയാളുടെ കൈയില്‍ ചെക്ക്‌ ബുക്ക്‌ സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെടുത്തി കൊണ്ടുള്ള കമ്പനിയുടെ ലെറ്റര്‍ പാഡും ഉണ്ടായിരുന്നു. എന്നാല്‍ കമ്പനി ഉടമയായ മോഹനന്‌ ഇയാളെ പരിചയമുണ്ടായിരുന്നില്ല. സംഭവത്തില്‍ പന്തികേട്‌ തോന്നിയ ബാങ്കുകാര്‍ അജീഷിനെ തടഞ്ഞുവെക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ജാബിര്‍, അമീര്‍ എന്നീ രണ്ടു പേരാണ്‌ തന്നെ ബാങ്കില്‍ അയച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇവര്‍ പുറത്ത്‌ കാത്തുനില്‍ക്കുന്നതായും അജീഷ്‌ അറിയിച്ചു. ഇയാളുടെ മൊബൈലില്‍ നിന്ന്‌ പുറത്ത്‌ കാത്തുനില്‍ക്കുന്നവരെ വിളിച്ച്‌, ചെക്ക്‌ ബുക്ക്‌ വാങ്ങാന്‍ അകത്തേക്ക്‌ വരണമെന്ന്‌ ബാങ്കുകാര്‍ ആവശ്യപ്പെട്ടെങ്കിലും പന്തികേട്‌ തോന്നിയ രണ്ടുപേരും മൊബൈല്‍ ഓഫ്‌ ചെയ്‌ത്‌ സ്ഥലം വിടുകയുമായിരുന്നു. ഇതോടെയാണ്‌ ബാങ്കുകാര്‍ അജീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്‌.

തൊഴില്‍ അന്വേഷണത്തിനിടെ തട്ടിപ്പ്‌ സംഘത്തിന്‍െറ കെണിയില്‍ കുടുങ്ങിയ അജീഷ്‌ സഹോദരീ ഭര്‍ത്താവ്‌ സജേഷിന്‍െറ സഹായത്തോടെ തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ദുബൈ യൂനിവേഴ്‌സല്‍ ലീഗല്‍ അസോഷ്യേറ്റ്‌സിലെ അഡ്വ. ടി.കെ ഹാഷികാണ്‌ ഇവര്‍ക്ക്‌ നിയമ സഹായം ലഭ്യമാക്കിയത്‌. ഫോറന്‍സിക്‌ ലാബില്‍ നടത്തിയ പരിശോധനയില്‍ ചെക്ക്‌ ബുക്ക്‌ അപേക്ഷയിലെ ഒപ്പ്‌ അജീഷിന്‍േറത്‌ അല്ലെന്ന്‌ തെളിഞ്ഞതും പുതിയ തൊഴില്‍ തേടി ഇംഗ്‌ളീഷ്‌ പത്രത്തില്‍ നല്‍കിയ പരസ്യം കോടതി തെളിവായി സ്വീകരിച്ചതുമാണ്‌ ഇയാള്‍ക്ക്‌ അനുകൂലമായത്‌. പുതിയ തൊഴില്‍ അപേക്ഷകള്‍ക്കൊപ്പം രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ സ്ഥാപനത്തെക്കുറിച്ച്‌ വിശദമായി പഠനം നടത്തണമെന്നും വിശ്വാസ്യയോഗ്യമല്ലാത്ത സ്ഥാപനങ്ങള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ അടക്കമുള്ള രേഖകള്‍ നല്‍കരുതെന്നും അഡ്വ. ഹാഷിക്‌ നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക