Image

കുലംകുത്തികള്‍ കൊല്ലപ്പെടുന്നു?

ബിനോയി സെബാസ്റ്റ്യന്‍ Published on 13 May, 2012
കുലംകുത്തികള്‍ കൊല്ലപ്പെടുന്നു?
കമ്യൂണിസത്തിന്റെ സര്‍വ്വസത്യവാചകങ്ങള്‍ ഏറ്റുചൊല്ലി സമത്വത്തിന്റെ പ്രവാചകസ്വരങ്ങള്‍ക്കു പിന്നാലെ പാതിമെയ്യും പാതിമനസുമായി സഞ്ചരിച്ചവരുടെ അഥവാ സഞ്ചരിക്കുന്നവരുടെ ചോരവീഴുന്ന മണ്ണാണ്‌ ഇന്ന്‌്‌ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലുള്ളത്‌ എന്നു പറയുന്നതു ശരിയാകുമോ? അറിയില്ല! അമ്പതിനായിരം കോടി രൂപയുടെ മൂലധനവും അകക്കാമ്പിലൊന്നുമില്ലാത്ത ആയിരങ്ങളുടെ പിന്‍ശക്തിയുമായി ഇന്‍ഡ്യന്‍ ജനാധിപത്യഭ്രമണവേദിയില്‍ കൊലവെറിപൂണ്ട ബാലിശനേതൃത്വത്തോടെ നീങ്ങുന്ന ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്‌)ക്ക്‌ ബീജാവാപം ചെയ്‌തത്‌ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളിലൊന്നായിരുന്ന സഖാവ്‌ പി കൃഷ്‌ണ പിള്ളയാണെന്ന്‌ വിശ്വസിക്കുവാനേ കഴിയുന്നില്ല! ലാല്‍ സലാം!

ഇന്‍ഡ്യന്‍ കമ്യണിസ്റ്റു പ്രസ്ഥാനം അധോഗതിയിലാണെന്നും അതിന്റെ പല സംപൂജ്യരായ നേതാക്കളും തികഞ്ഞ അധമന്മരാണെന്നും പറഞ്ഞാല്‍ അതില്‍ പതിരും തെറ്റുമുണ്ടെന്നു പറയുന്നവര്‍ അവര്‍ തന്നെയായിരിക്കും എന്ന കാര്യത്തില്‍ ലവലേശം സംശയമില്ല! കൃരമായ കൊലയ്‌ക്കു ശേഷം സ്വതസിദ്ധമായ ശൈലിയില്‍ വൈരുദ്ധ്യാത്‌മകഭൗതീകപ്രകാരം പ്രസ്‌താവനകള്‍ തട്ടി വിടുവാന്‍ ഇവര്‍ക്കു മാത്രമേ കഴിയുകയുള്ളു! അതിന്റെ ഉത്തമമായ ഉദാഹരണമാണ്‌ ഓഞ്ചിയത്തെ കമ്യൂണിസ്റ്റുവിമത നേതാവായ സ. ചന്ദ്രശേഖരന്റെ അതിദാരുണമായ കൊലപാതകം. ഇതിനുത്തരം പറയേണ്ടവര്‍ ആരുമില്ല! കാരണം ഇതു കേരളമാണ്‌! ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന അനാഥകേരളം! വികൃത ചിന്തകളുള്ള നേതാക്കളാണ്‌ നമ്മുടെ കേരളത്തിന്റെ നവയുഗ യമകിങ്കരന്മാര്‍!

മനുഷ്യനെന്തിനു ഹൃദയംകൊടുത്തുവെന്നും ഹൃദയവികാരങ്ങള്‍കൊടുത്തുവെന്നും മനഷ്യത്വമില്ലാത്തവരോടു ചോദിച്ചിട്ടു കാര്യമില്ല! മനുഷ്യത്വം എന്നതു തിരിച്ചറിയാതെ നമ്മളുകൊയ്യുന്ന വയലെല്ലാം നമ്മടെതാണെന്നു ദരിദ്ര മനുഷ്യരെ പറഞ്ഞു പഠിപ്പിച്ചു ആഡംബരജീവിതം നയിക്കുന്ന ആധുനീകഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകള്‍ക്കറിയില്ല അവഗണിക്കപ്പെടുന്നവരുടെ ജീവിതവൃത്താന്തം? കമ്യൂണിസം കാലഹരണപ്പെട്ടുവെന്നു തിരിച്ചറിഞ്ഞിട്ടും സ്വന്തം ആത്‌മസുഖത്തിനും ആമാശയസംതൃപ്‌തിക്കുമായി ചുവപ്പിന്റെ കൊടിയുമേന്തി അത്താഴപ്പട്ടിണിക്കാരുടെ അഭിലാഷങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു വര്‍ഷത്തെ വരുമാനമെത്രയെന്ന്‌ ഏതെങ്കിലുമൊതു ദര്‌ിദ്ര അനുയായി ചോദിച്ചിട്ടുണ്ടോ? അങ്ങനെ ചോദിച്ചാല്‍ അവന്‍ വിരുദ്ധനും കുലംകുത്തിയും കുലദ്രോഹിയുമാകും! അല്ലേ?

കണ്ണൂര്‍ ലോബി നയിക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടി എന്തിനുവേണ്ടി സ. ചന്ദ്രശേഖരനെ വധിച്ചു എന്ന്‌ ജനമനസാക്ഷി പറയുന്നു. കൊലയ്‌ക്കുശേഷം വിവരംകെട്ട ഭീകരനേതാക്കള്‍ എന്തു പറഞ്ഞാലും സത്യം സത്യമല്ലാതാകുന്നില്ല. സ.അഴിക്കോടു രാഘവനെ കൊന്നതും സ്വന്തം പാര്‍ട്ടിക്കാരായിരുന്ന കമ്യൂണിസ്റ്റുകാര്‍ തന്നെയെന്ന വിവാദം വിസ്‌മരിക്കാറായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങള്‍ പഠിച്ചികൊണ്ടിരിക്കുന്ന ഒരു പ്രൈമറി ക്ലാസില്‍ കയറിച്ചെന്നു ആ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചു അദ്ധ്യാപകനായിരുന്ന ജയകൃഷ്‌ണനെ വെട്ടിക്കൊന്ന കമ്യണിസ്റ്റു ഗുണ്ടകളുടെ ചരിത്രം കേരളം മറക്കുമോ? ഇതാണോ കമ്യൂണിസ്റ്റുകള്‍ വാഗ്‌ദാനം ചെയ്യുന്ന സംരക്ഷിതകേരളം?

കാലം മാറിപ്പോയി! കാലം നല്‍കിയ സാക്ഷരസങ്കല്‌പവും മാറിപ്പോയി! മലയാളി ഒരിക്കലും കാണാത്ത, ഭാവനയില്‍പ്പോലും ദര്‍ശിക്കുവാനാകാത്ത ദുര്‍നിമിത്തങ്ങളിലൂടെ, ഭീഭല്‍സങ്ങളായ കാണിക്കകളിലൂടെ, അറ്റുപോയ ഒരു ദേശസംസ്‌ക്കാരസ്വപ്‌നങ്ങളിലൂടെ മലയാളി ഇന്നു ജീവിക്കുകയാണ്‌. സ്വയം മനസിലാക്കാതെ! ഇവിടെ നന്മകള്‍ കൊല ചെയ്യപ്പെടുന്നു. നന്മചെയ്യുന്നവര്‍ കൊല്ലപ്പെടുന്നു. അതേ! അയാള്‍ കൊല്ലപ്പെടുകയാണ്‌! അനാഥത്വത്തില്‍ ജീവിച്ചിട്ടും സ്വന്തം പൗരാണീകതയുടെ ഉടയാത്ത സാംസ്‌ക്കാരികതയും സ്‌നേഹവും മനസില്‍ സുക്ഷിക്കുന്നവര്‍ വധിക്കപ്പെടുന്ന എന്റെ മണ്ണില്‍ വിവേകമില്ലാത്ത ഹൃദയവിരല്‍പ്പാടുകളോടെ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ശിഖണ്‌ഡികളായ, വൃഷ്‌ണങ്ങള്‍ നഷ്ടപ്പെട്ട നേതാക്കള്‍! കഷ്ടം! നേതാക്കള്‍ സ്റ്റാലിനിസ്റ്റു വി
കാരങ്ങളില്‍ നിന്നും രക്ഷപെട്ട്‌ ഇന്‍ഡ്യന്‍ രാഷ്‌ട്രീയധാര്‍മ്മീകതയുടെ തീരത്തണയുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സ്റ്റാലിന്‍ ഭരിച്ച സോഷയറ്റ്‌ യൂണിയന്‍ കാലപ്രവാഹത്തില്‍ ഒലിച്ചു പോയി എന്ന്‌ തിരിച്ചറിയുവാന്‍ ഇനിയും എത്രനാള്‍ ഈ നേതാക്കള്‍ക്കു വേണം? ഒരര്‍ത്‌ഥത്തില്‍ മാനവജന്മത്തില്‍ പിറവികൊണ്ടവരെല്ലാം തന്നെ കുലംകുത്തികളല്ലേ?

സ.ചന്ദ്രശേഖരന്റെ സഹധര്‍മ്മണിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തങ്ങളാകുന്നു! കൊല്ലുവാനേ കഴിയു. തോല്‌പിക്കുവാന്‍ കഴിയില്ല! അതേ.. ജനങ്ങളെ കൊല്ലുവാനേ കഴിയൂ.. ജനാധിപത്യവിശ്വാസങ്ങളെ തോല്‌പിക്കുവാന്‍ കഴിയില്ല! ലാല്‍ സലാം!
കുലംകുത്തികള്‍ കൊല്ലപ്പെടുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക