Image

സ്വയം കുലംകുത്തുന്ന സിപിഎം

Published on 14 May, 2012
സ്വയം കുലംകുത്തുന്ന സിപിഎം
``ആ ക്വട്ടേഷന്‍ സംഘം അറിഞ്ഞുകൊണ്ട്‌ നടത്തിയത്‌ ഒരു ക്രൂരമായ കൊലപാതകവും അറിയാതെ നടപ്പാക്കിയത്‌ ഒരു വലിയ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ ആത്മഹത്യയുമാണ്‌''.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണിത്‌. ഇതിനു സമാനമായ ചര്‍ച്ചകളും കുറിപ്പുകളും ദിവസേന സജീവമായിക്കൊണ്ടിരിക്കുന്നു. ശക്തിപ്രാപിക്കുന്നു.

രാഷ്‌ട്രീയ കേരളത്തില്‍ വെറും തട്ടിപ്പു നാടകങ്ങള്‍ക്ക്‌ അപ്പുറം ജനം ഭയത്തോടെ വീക്ഷിക്കുന്ന ഒരു രാഷ്‌ട്രീയ കാലാവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. നിക്ഷപക്ഷമായ ഒരു ജനവിഭാഗത്തിന്റെ അക്രമരാഷ്‌ട്രീയം നടപ്പാക്കുന്നവര്‍ക്കെതിരെ പൊടുന്നനെ ഒരു വലിയ ജനരോഷം അണപൊട്ടിയൊഴുകുകയാണിപ്പോള്‍. മാധ്യമങ്ങളുടെ സ്ഥിരം വാര്‍ത്താ ലോകത്തിനപ്പുറം ടി.പി ചന്ദ്രശേഖരന്‍ എന്ന ധീരനായ കമ്മ്യൂണിസ്റ്റുകാരന്റെ മരണം, കൊലപാതകം, ഇന്ന്‌ കേരളത്തിലെ എല്ലാ ജനവിഭാഗത്തിനും ഇടയില്‍ വികാരപരമായ ചര്‍ച്ചയാകുന്നു.

ജനങ്ങളെ സേവിക്കേണ്ട ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ മൂല്യ ശോഷണമാണ്‌ ഇവിടെ പ്രശ്‌നമാകുന്നത്‌. ഇതിനെതിരെ വലിയ തോതില്‍ ഒരു ജനവികാരം കേരളത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. അക്രമ രാഷ്‌ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട്‌ ജ്ഞാനപീഠം ജേതാവ്‌ മഹശ്വേതാദേവി കഴിഞ്ഞ ദിവസം കോഴിക്കോട്‌ എത്തിയപ്പോള്‍ കിട്ടിയ ജനശ്രദ്ധ ഇതിന്റെ ഉദാഹരണമാണ്‌. നിലവില്‍ ഈ ജനരോഷത്തിനു മുമ്പില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്‌ സി.പി.എം ആണെന്നത്‌ ഈ ഇടതുപക്ഷ പാര്‍ട്ടിയെ വല്ലാതെ വലയ്‌ക്കുന്നുണ്ട്‌.

കേസന്വേഷണം പുരോഗമിക്കുമ്പോഴും കൊലപാതകത്തിന്‌ പിന്നില്‍ സി.പി.എം തന്നെയാണോ എന്ന ഔദ്യോഗിക സ്ഥിരീകരണം പോലിസിംഗ്‌ ഏജന്‍സികളില്‍ നിന്നും ഇതുവരെയുണ്ടായിട്ടില്ല. പക്ഷെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്‌ പിന്നില്‍ തങ്ങള്‍ക്ക്‌ സംശയിക്കാന്‍ സി.പി.എമ്മിനെ മാത്രമേയുള്ളു എന്ന ചന്ദ്രശേഖരന്റെ സുഹൃത്തുക്കളുടെ, ഭാര്യയുടെ, സഹപ്രവര്‍ത്തകരുടെ വാക്കുകളാണ്‌ വലിയൊരു പങ്ക്‌ കേരളജനതയെ സിപിഎമ്മിനെതിരെ ഒരു നിമിഷമെങ്കിലും ചിന്തിപ്പിക്കാന്‍ ഇടയാക്കുന്നത്‌. ചന്ദ്രശേഖരന്‌ സിപിഎമ്മില്‍ നിന്ന്‌ ഭീഷണിയുണ്ടായിരുന്നുവെന്നത്‌ പകല്‍പോലെ സത്യമാകുമ്പോള്‍ സംശയത്തിന്‌ ബലമേറുന്നു.

ഇത്രയും വലിയ കുരുക്കിലേക്ക്‌ സി.പി.എം വീണു പോയ മറ്റൊരു കാലഘട്ടവും അടുത്തെങ്ങുമുണ്ടായിട്ടില്ല. ഒരു പൊതുസമൂഹ വികാരം മുഴുവനും സി.പി.എമ്മിന്‌ എതിരായിരിക്കുന്നു. പിറവം ഉപതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ലിഗ്‌ പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ വധമാണ്‌ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയതെങ്കില്‍ നെയ്യാറ്റിന്‍കരയിലെത്തിയപ്പോഴും അക്രമ രാഷ്‌ട്രീയത്തിന്റെ ഭൂതം സി.പി.എമ്മിനെ വിടാതെ പിന്തുടരുകയാണ്‌. സി.പി.എം നേരിടുന്ന ജനരോഷത്തില്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ ഭാഗമായി നിന്ന്‌ തങ്ങളും പ്രശ്‌നത്തിലാകാനില്ല എന്ന നിലപാട്‌ സി.പിഐ അടക്കമുള്ള സഖ്യകക്ഷികളും സ്വീകരിച്ചതോടെ ഇടതു മുന്നണിയില്‍ സി.പി.എം ഒറ്റക്കായതു പോലെയാണ്‌ അവസ്ഥ. സി.പി.എമ്മിനെ അല്‌പം തളര്‍ത്തുവാന്‍ കിട്ടിയ അവസരം സി.പി.ഐ വിദഗ്‌ധമായി ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇതിനു പിന്നാലെയാണ്‌ പാര്‍ട്ടിക്കുള്ളില്‍ വി.എസിന്റെ പടയൊരുക്കം. സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത ശക്തിയോടെയാണ്‌ വി.എസ്‌ ഔദ്യോഗിക പക്ഷത്തെ ജനമധ്യത്തില്‍ കുരിക്കിയിട്ടിരിക്കുന്നത്‌. പിണറായിയെ ഡാങ്കെയെന്ന്‌ വിളിച്ച പത്രസമ്മേളനത്തിനും പിന്നാലെ പിണറായിക്കെതിരെ നടപടി വേണമെന്നും അല്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ വല്ലാതെ ദുര്‍ബലമാകുമെന്നും കാണിച്ച്‌ കേന്ദ്രനേതൃത്വത്തിന്‌ കത്തെഴുതുകയും ചെയ്‌തിരിക്കുന്നു. വി.എസ്‌ കാണിക്കുന്നത്‌ ഒരുവേള രാഷ്‌ട്രീയ ലാഭത്തിനു വേണ്ടിയുള്ള അവസാനവട്ട ശ്രമങ്ങളാണെന്ന്‌ ഔദ്യോഗിക പക്ഷത്തിനു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷെ പിണറായിയുടെ പ്രതിരോധമെല്ലാം അവസാനിച്ചിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

ഇവിടെയാണ്‌ സിപിഎം സ്വയം കുലംകുത്തുന്നത്‌ അല്ലെങ്കില്‍ സ്വന്തം കുഴിതോണ്ടുന്നത്‌. പിണറായിയുടെ കുലംകുത്തി പ്രയോഗത്തിന്റെ ആവര്‍ത്തനം കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതാണ്‌ സിപിഎമ്മിനെ ഏറെ ദുര്‍ബലപ്പെടുത്തിയത്‌ എന്ന്‌ പറയാതെ വയ്യ. ഒരു വലിയ ജനരോഷം നേരിടുമ്പോഴും ശത്രുവിനെതിരെ മയമില്ലാതെ സംസാരിക്കാന്‍ പിണറായി വിജയന്‍ കാട്ടിയ ഉത്സാഹം സിപിഎമ്മിനെ കുറച്ചൊന്നുമില്ല വലച്ചിരിക്കുന്നത്‌. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയെന്ന്‌ കൊല്ലപ്പെട്ട ചന്ദ്രശേഖരനെയും സുഹൃത്തുക്കളെയും കുറിച്ചുള്ള പിണറായിയുടെ പ്രസംഗം കേരളീയ സമൂഹം അല്‌പം അമ്പരപ്പോടെയും അസഹിഷ്‌ണുതയോടെയുമാണ്‌ കേട്ടത്‌. പിണറായിയെ ഹിറ്റ്‌ലറോട്‌ പോലും ഉപമിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകളും ഫേസ്‌ബുക്ക്‌ പോസ്റ്റുകളും നിരവധിയായി പുറത്തുവരുന്നു.

കേരളത്തെ നടുക്കിയ ഒരു കൊലപാതകം നടന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആദ്യം അതിനോട്‌ പ്രതികരിക്കാനെടുത്ത കാലതാമസം തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തോട്‌ സിപിഎമ്മില്‍ നിന്നും ആദ്യം പ്രതികരിച്ചത്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനായിരുന്നു. വൈക്കം വിശ്വന്റെ ന്യായീകരണങ്ങളൊക്കെ വന്നതിനും എത്രയോ വൈകിയാണ്‌ പിണറായി ഈ വിഷയത്തില്‍ സംസാരിച്ചു തുടങ്ങിയത്‌. എന്നാല്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ച്‌ സംസാരിച്ചപ്പോഴൊക്കെ പിണറായിയുടെ വാക്‌മൊഴിയും ശരീരഭാഷയും പിഴച്ചുപോയി എന്നു വ്യക്തം.

സംഭവം നടന്നയുടനെ ഡല്‍ഹിയില്‍ നിന്നും എല്ലാപരിപാടികളും റദ്ദാക്കി കോഴിക്കോടേക്ക്‌ ഓടിയെത്തിയ സംസ്ഥാന മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും യുഡിഎഫ്‌ നേതാക്കള്‍ക്കെതിരെ വാക്‌ശരങ്ങളുതിര്‍ക്കാനുമാണ്‌ പിണറായി ശ്രമിച്ചത്‌. എന്നാല്‍ ഇങ്ങനെയുള്ള പ്രതിരോധങ്ങളെല്ലാം വിപരീത ഫലമാണ്‌ നല്‍കിയത്‌. പിണറായി വിജയന്‍ ഒരു കടുത്ത ജനരോഷം നേരിടുന്നുവെന്ന്‌ വ്യക്തമായി മനസിലാക്കി കൊണ്ടു തന്നെയാണ്‌ വി.എസ്‌ അവസാനം പിണറായിക്കെതിരെ രംഗത്തു വന്നതും.

ചന്ദ്രശേഖരന്റെ കുടുംബം സിപിഎം പ്രതിനിധികള്‍ സന്ദര്‍ശിക്കാത്തത്‌ ഭീഷണി കാരണമെന്ന്‌ പറഞ്ഞൊഴിഞ്ഞ പിണറായിയുടെ ഭാഷയില്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയോടുള്ള ഒടുങ്ങാത്ത പക മാത്രമാണ്‌ ഏവരും കണ്ടത്‌. പാര്‍ട്ടിയില്‍ അഭിപ്രായ വിത്യാസമുള്ളവര്‍ പിരിഞ്ഞു പോയെങ്കില്‍ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊള്ളട്ടെ എന്ന വി.എസിന്റെ പ്രസ്‌താവന ഇവിടെ ശ്രദ്ധേയമാണ്‌. ചെറിയ പാര്‍ട്ടികള്‍ക്കും ഇവിടെ പ്രവര്‍ത്തന സ്വാതന്ത്രമുണ്ടെന്ന്‌ വി.എസ്‌ പറഞ്ഞുവെക്കുന്നത്‌ യഥാര്‍ഥത്തില്‍ പിണറായി വിജയന്റേത്‌ ഒരു ഫാസിസ്റ്റ്‌ നയമാണെന്ന വിമര്‍ശനത്തിലേക്കാണ്‌.

അവസാനം തന്നെ ഡാങ്കെയോട്‌ ഉപമിച്ച വി.എസിനോട്‌ ഒരു മറുപടി പോലും പറയാന്‍ കഴിയാത്ത വിധം ചുരങ്ങിപ്പോകേണ്ടി വന്നിരിക്കുന്നു സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക്‌. ഷൂക്കുറിനെ വധിച്ചത്‌ സി.പി.എം തന്നെയെന്ന്‌ കേരളത്തില്‍ ആരും സംശയമില്ലാതെ പറയുന്ന സാഹചര്യമാണുള്ളത്‌. സി.പി.എം പോലും ഇത്‌ തുറന്ന്‌ എതിര്‍ക്കുന്നില്ല. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പിന്നിലും സാമാന്യജനം സ്വാഭാവികയമായും സംശയിച്ചു പോകുന്നത്‌ സി.പി.എമ്മിനെ തന്നെ.

വി.എസ്‌ പക്ഷം എന്നത്‌ സിപിഎമ്മില്‍ അവസാനിക്കുകയും വി.എസ്‌ പാര്‍ട്ടിക്കുള്ളില്‍ തഴയപ്പെട്ട ഒരുവ്യക്തിയാണെന്ന ധാരണയാണ്‌ പൊതു സമൂഹത്തിനു മുമ്പിലുള്ളത്‌. കേരളത്തെ സംബന്ധിച്ചിടത്താളം സിപിഎം എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന്‍ തന്നെയാണ്‌. ഇവിടെ പിണറായി വിജയന്‍ നേരിടുന്ന പ്രതിസന്ധി പാര്‍ട്ടിയെ മൊത്തത്തിലാണ്‌ പ്രതിസന്ധിയിലാക്കുന്നത്‌. നെയ്യാറ്റിന്‍കരയില്‍ ഇനിയൊരു വിജയം ഇടതുപക്ഷം പ്രതീക്ഷിക്കുമെന്ന്‌ കരുതാന്‍ വയ്യ. തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും വി.എസിനെതിരെയുള്ള അച്ചടക്ക നടപടിയാവും പിന്നീടുള്ള പാര്‍ട്ടി പരിപാടി എന്ന്‌ വ്യക്തം. അതില്‍ നിന്ന്‌ പിന്തിരിയാന്‍ പിണറായി തയാറാവുമെന്ന്‌ തോന്നുന്നുമില്ല. പാര്‍ട്ടിക്ക്‌ പുറത്തേക്ക്‌ വി.എസ്‌ പോയാല്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ പാര്‍ട്ടി തകരുമെന്നതിനും ഒരുപക്ഷെ ഒരു പിളര്‍പ്പ്‌ പോലും സംഭവിച്ചേക്കാമെന്നതിനും രണ്ടുതവണ ആലോചിക്കേണ്ടി വരുന്നതേയില്ല. ഇപ്പോള്‍ തന്നെ സി.പി.എം അണികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യാപക പ്രതിഷേധം അതിന്റെ സൂചനയാണ്‌. ഈ സുചനകള്‍ ഇനിയെങ്കിലും സിപിഎം നേതൃത്വം തിരിച്ചറിയുമെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക