Image

യെദിയൂരപ്പയുടെ വസതിയില്‍ സിബിഐ റെയ്ഡ്

Published on 15 May, 2012
യെദിയൂരപ്പയുടെ വസതിയില്‍ സിബിഐ റെയ്ഡ്
ബാംഗളൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ ബാംഗളൂരിലെ വസതിയില്‍ സിബിഐ റെയ്ഡ്. അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബാംഗളൂര്‍ ഡോളര്‍ കോളനിയിലെ വസതിയിലാണ് റെയ്ഡ്. ആറംഗ സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ നിരവധി സുപ്രധാന രേഖകള്‍ യെദിയൂരപ്പയുടെ വസതിയില്‍ നിന്നു കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ബംഗളൂരിലെ മറ്റു ചിലയിടങ്ങളിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത ഖനനക്കേസില്‍ യെദിയൂരപ്പയ്ക്കും രണ്ടു മക്കള്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ സിബിഐ അന്വേഷണസംഘം എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തതിനു പിന്നാലെയാണ് റെയ്ഡുണ്ടായത്. കഴിഞ്ഞയാഴ്ചയാണ് അനധികൃത ഖനന കേസില്‍ സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രി സദാനന്ദഗൌഡയെ നീക്കണമെന്ന ആവശ്യവുമായി ഉറച്ചുനില്‍ക്കുന്ന യെദിയൂരപ്പ, മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കംമൂലം ബിജെപി വിടാനുള്ള തീരുമാനം തത്കാലത്തേക്ക് ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്ലി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളും മതമേധാവികളും അഭ്യര്‍ത്ഥിച്ചതിനാലാണ് തീരുമാനം മാറ്റിയതെന്നും യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. അഭിപ്രായഭിന്നതിയുടെ പേരില്‍ പാര്‍ട്ടി പിളര്‍ത്തിയാല്‍ ഖനനകേസിനെ പ്രതിരോധിക്കുന്നതില്‍ തടസമുണ്ടാകുമെന്ന സൂചന യെദിയൂരപ്പയ്ക്കു ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അനധികൃത ഖനനക്കേസ് യെദിയൂരപ്പയെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക