Image

ഫൊക്കാനയ്‌ക്ക്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെക്‌സിക്കൊയുടെ പിന്തുണ

മണ്ണിക്കരോട്ട്‌ Published on 16 May, 2012
ഫൊക്കാനയ്‌ക്ക്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെക്‌സിക്കൊയുടെ പിന്തുണ
മോണ്‍ടെറി (മെക്‌സിക്കൊ): ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യുസ്റ്റനില്‍ അരങ്ങേറുന്ന 15-ാ മത്‌ ഫൊക്കാന കണ്‍വന്‍ഷന്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെക്‌സിക്കൊ (മാം) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മെക്‌സിക്കൊയിലെ മോണ്‍റിയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ വിനോദ്‌ കണ്ണനാണ്‌ പ്രസ്‌തുത പ്രഖ്യാപനം നടത്തിയത്‌.

അമേരിക്കയിലെപ്പോലെ മെക്‌സിക്കൊയില്‍ മലയാളികളുടെ കുടിയേറ്റം ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു കുടിയേറ്റത്തിന്‌ മെക്‌സിക്കൊയില്‍ സാധ്യതയുമില്ല. അവിടെ മലയാളികള്‍ ഉണ്ടോയെന്നുതന്നെ ഒരുപക്ഷെ പലരും സംശയിച്ചേക്കും. മലയാളികള്‍ ലോകത്തിന്റെ എവിടെയും ഉണ്ടെന്നു പറയുന്നതുപോലെ മെക്‌സിക്കൊയിലും ചില കുടുംബങ്ങള്‍ ഉണ്ടെന്നുമാത്രം.

1987-മുതല്‍ മോണ്‍ടെറിയില്‍ ചുരുക്കം ചില മലയാളികള്‍ കുടിയേറിയിട്ടുണ്ട്‌. അമേരിക്കന്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്‌തുണ്ടായ അവസരമാണ്‌ അവര്‍ക്ക്‌ മെക്‌സിക്കൊയില്‍ കുടിയേറ്റത്തിന്‌ അവസരമൊരുക്കിയത്‌. അവരെ അനുഗമിച്ച്‌ മറ്റു ചില കുടുംബങ്ങളും അവിടെയെത്തി. ഇപ്പോള്‍ മോണ്‍ടെറിയില്‍ പതിനഞ്ച്‌ മലയാളി കുടുംബങ്ങള്‍ ഉള്ളതായി സെക്രട്ടറി ഹരീന്ദ്രനാഥ്‌ വെങ്ങിലാട്ട്‌ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ്‌ ജി.കെ.പിള്ള, മാംമിന്റെ പരിപാടിയില്‍ മുഖ്യഅതിഥിയായി എത്തിയതായിരുന്നു. ജി.കെ. പിള്ളയോടൊപ്പം ഫൊക്കാനയുടെ മറ്റ്‌ പ്രതിനിധികളും ഉണ്ടായിരുന്നു. ഫൊക്കാന പ്രതിനിധികള്‍ക്ക്‌ മാം ഹൃദ്യമായി സ്വീകരണം നല്‍കി അനുമോദിച്ചു.

ജി.കെ. പിള്ളയുടെ ഉദ്‌ഘാടന പ്രസംഗത്തില്‍ അവിടെയുള്ള മലയാളികള്‍ക്ക്‌ അമേരിക്കയില്‍നിന്നും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാമെന്ന്‌ ഉറപ്പു നല്‍കി. കൂടാതെ ഫൊക്കാനയുടെ ചരിത്രത്തിലാദ്യമായിട്ടാണ്‌ രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ഇത്രയും ഉദാരവും ചിലവു കുറഞ്ഞതുമായ കണ്‍വന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. നാലുദിവസം സ്റ്റാര്‍ ഹോട്ടലില്‍ താമസം, ഭക്ഷണം, നാലു ദിവസവും നാട്ടില്‍നിന്നെത്തുന്ന കലകാരന്മാര്‍ നടത്തുന്ന പരിടപാടികള്‍, ബാങ്ക്വറ്റ്‌ അതോടൊപ്പം കണ്‍വന്‍ഷന്റെ മറ്റെല്ലാ പരിപാടികളും ചേര്‍ത്ത്‌ നാലുപേര്‍ക്ക്‌ കേവലം 1200 ഡോളര്‍ മാത്രമെന്ന്‌ ജി.കെ. പിള്ള അറിയിച്ചു.

മാം ഫൊക്കാനയ്‌ക്ക്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം അവിടെയുള്ള എല്ലാം കുടുംബങ്ങളും കണ്‍വന്‍ഷനില്‍ സംബന്ധിക്കാമെന്ന്‌ ഭാരവാഹികള്‍ ഉറപ്പു നല്‍കുകയും ചെയ്‌തു. ട്രഷറര്‍ നവീന്‍ സി. ജെ. ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഫൊക്കാനയ്‌ക്ക്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെക്‌സിക്കൊയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക