Image

വാഷിംഗ്ടണില്‍ സിഖ് പോലീസുകാര്‍ക്ക്തലപ്പാവ് ധരിക്കാന്‍ അനുമതി; ഒബാമയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തില്‍ ഇടിവ്

Published on 16 May, 2012
വാഷിംഗ്ടണില്‍ സിഖ് പോലീസുകാര്‍ക്ക്തലപ്പാവ് ധരിക്കാന്‍ അനുമതി; ഒബാമയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തില്‍ ഇടിവ്
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ സിഖ് വംശജരായ പോലീസുകാര്‍ക്ക് ജോലിസമയത്ത് തലപ്പാവും മറ്റു മത ചിഹ്നങ്ങളും ധരിക്കാന്‍ വാഷിംഗ്ടണ്‍ ഡിസി പോലീസ് അനുമതി നല്‍കി. സിഖ് വംശജര്‍ക്ക് മതചിഹ്നങ്ങള്‍ ധരിക്കാന്‍ അനുമതി നല്‍കുന്ന യുഎസിലെ ആദ്യ സംസ്ഥാനമാണ് വാഷിംഗ്ടണ്‍. വാഷിംഗ്ടണ്‍ ഡിസി പോലീസ് മേധാവി കാത്തി ലാനിയര്‍ ആണ് സംസ്ഥാനത്തെ പുതിയ പോലീസ് നയം പ്രഖ്യാപിച്ചത്. പോലീസിന് നല്‍കുന്ന തൊപ്പിയിലെ അതേ നിറത്തിലുള്ളതും അടയാളങ്ങളെല്ലാമുള്ളതുമായ തലപ്പാവ് ധരിക്കാനാണ് പോലീസ് സിഖ് വംശജരായ പോലീസുകാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സിഖ് വംശജരായ പോലീസുകാര്‍ക്ക് മാന്യമായ രീതിയില്‍ താടി വളര്‍ത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. മറ്റു പോലീസുകാര്‍ക്ക് പ്രത്യേക അനുമതിയോടെ മാത്രമെ താടി വളര്‍ത്താനാവു. എന്നാല്‍ വാഷിംഗ്ടണ്‍ ഡിസിയിലെ 3,800 പോലീസുകാരില്‍ ഒരാള്‍ പോലും നിലവില്‍ സിഖ് മതവിശ്വാസിയല്ല. എന്നാല്‍ ഓഗസ്റ്റില്‍ പോലീസ് അക്കാഡമിയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരില്‍ സിഖ് വംശരുണ്ട്. പുതിയ പോലീസ് നയത്തോടെ കൂടുതല്‍ കഴിവുറ്റ യുവാക്കളെ പോലീസിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാത്തി ലാനിയര്‍ വ്യക്തമാക്കി. യുഎസില്‍ ആകെ ഏഴു ലക്ഷത്തോളം സിഖ് വംശജരുണ്‌ടെന്നാണ് കണക്കാക്കുന്നത്.

ഒബാമയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തില്‍ ഇടിവ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏപ്രിലിലെ കണക്കു പ്രകാരം 43.6 മില്യണ്‍ ഡോളറാണു ഡെമോക്രറ്റുകള്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിച്ചത്. മാര്‍ച്ചിലെ ഫണ്ടു ശേഖരണത്തിന്റെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു കുറവാണ്. മാര്‍ച്ചില്‍ 50.23 മില്യണ്‍ ഡോളറാണു ശേഖരിച്ചത്. 98 ശതമാനം സംഭാവനകള്‍ സ്വീകരിച്ചതില്‍ 250 ഡോളറിന്റെ കുറവുണ്ടായെന്നു പ്രചാരണ കമ്മിറ്റി മാനേജര്‍ ജിം മെസിന പറഞ്ഞു. ട്വിറ്ററില്‍ നല്‍കിയ വിഡിയൊയിലാണു ജിം ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രിലില്‍ 4,37,000 പേരില്‍ 1,69,500 പേര്‍ ആദ്യമായാണു സംഭാവന നല്‍കിയവരാണ്. രണ്ടു മില്യണ്‍ പേരാണു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈയാഴ്ച സംഭാവനകള്‍ നല്‍കിയത്. നവംബറിലാണു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

പസഫിക്കില്‍ യുഎസ് കപ്പലുകള്‍ കൂട്ടിയിടിച്ചു

വാഷിംഗ്ടണ്‍: പസഫിക് സമുദ്രത്തില്‍ യുഎസ് കപ്പലുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമില്ല. എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. യുഎസ്എസ് എസെക്‌സ് എന്ന യുദ്ധക്കപ്പലും യുഎസ്എന്‍എസ് യുകോണ്‍ എന്ന ഓയില്‍ ടാങ്കറുമാണു കൂട്ടിയിടിച്ചത്. തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്നു 120 മൈല്‍ അകലെയാണു സംഭവം. എസെക്‌സ് എന്ന കപ്പലാണ് യുകോണില്‍ ഇടിച്ചതെന്നു നാവികസേന അറിയിച്ചു. ജപ്പാനിലെ സസെബോയില്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനം അനുഷ്ഠിച്ച ശേഷം സാന്റിയാഗൊയിലേക്കു വരികയായിരുന്നു എസെക്‌സ്. പസഫിക് സമുദ്രത്തിലെ യുഎസ് നാവിക കപ്പലുകള്‍ക്ക് ഓയില്‍ നിറയ്ക്കാന്‍ പോകുകയായിരുന്നു 677 അടി നീളമുള്ള യുകോണ്‍.

ഒറിഗോണ്‍, നെബ്രാസ്ക പ്രൈമറികളിലും റോംനി ജേതാവ്

്‌ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തോട് അടുത്തുകൊണ്ടിരിക്കുന്ന മിറ്റ് റോംനി ഒറിഗോണ്‍, നെബ്രാസ്ക സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ പ്രൈമറികളിലും ജേതാവായി. ഒറിഗോണില്‍ അദ്ദേഹം 73 ശതമാനവും നെബ്രാസ്കയില്‍ 70.9 ശതമാനവും വോട്ട് നേടി. എതിര്‍ സ്ഥാനാര്‍ഥികളായ റോണ്‍ പോളിനു 12.2, 9.9 ശതമാനം വീതവും ന്യൂട്ട് ഗിംഗ്‌റിച്ചിന് 5.7, 5.2 ശതമാനം വീതവും വോട്ട് മാത്രം. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യു ബുഷും റോംനിക്കു പിന്തുണ മുന്‍കൂട്ടി പ്രഖ്യാപിച്ചത് റോംനിക്ക് ആവേശമായി.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളോട് പീഡനങ്ങള്‍ വിവരിച്ച് ചെന്‍

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ്പ് സ്വീകരിച്ച് യുഎസിലേക്ക് വരാന്‍ തയാറെടുക്കുന്ന ചൈനീസ് വിമതന്‍ ചെന്‍ ഗുയാങ്‌ചെങ് (40) തനിക്കും കുടുംബാംഗങ്ങള്‍ക്കും ചൈനീസ് അധികൃതരില്‍ നിന്നു നേരിടേണ്ടിവന്ന പീഡനങ്ങള്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളോടു ചൈനയില്‍ നിന്ന് ഫോണില്‍ വിശദീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ 26ന് താന്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ടശേഷം പ്രാദേശിക ഗവണ്‍മെന്റ് അധികൃതരുടെ നേതൃത്വത്തില്‍ ഒരു സംഘം തന്റെ സഹോദരന്‍ ചെന്‍ ഗുവാങ്ഫുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയും കാരണമൊന്നും കൂടാതെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തുവെന്ന് ചെന്‍ അറിയിച്ചു.

തുടര്‍ന്ന് അനന്തരവന്‍ ചെന്‍ കെഗുയിക്കു നേരെയായി ആക്രമണം. അടിയേറ്റ് തലയും മുഖവും പൊട്ടി രക്തമൊഴുകിയിട്ടും ആക്രമണം നിര്‍ത്തിയില്ല. കെഗുയിയുടെ ഭാര്യയ്ക്കും മര്‍ദനമേറ്റു. ഒടുവില്‍ സ്വയരക്ഷയ്ക്കായി പ്രതിരോധിച്ച അദ്ദേഹത്തിനെതിരെ മനപ്പൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തിയിരിക്കയാണെന്ന് ചെന്‍ അറിയിച്ചു. വീട്ടുതടങ്കലില്‍ നിന്നു രക്ഷപ്പെട്ട് ബെയ്ജിങ്ങിലെ യുഎസ് എംബസിയില്‍ അഭയം തേടിയ ചെന്നിനെ ഒരാഴ്ചയ്ക്കുശേഷം എംബസി അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അന്ധനായ ചെന്‍ അഭിഭാഷകനാണ്. യുഎസില്‍ അദ്ദേഹം അഭയം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ചെന്നിന് ഫെലോഷിപ്പോടെ യുഎസില്‍ കഴിയാന്‍ അവസരമൊരുങ്ങിയത്. രാജ്യം വിട്ടു പോകുന്നതിന് ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ചെന്നിനും കുടുംബത്തിനുമുള്ള യുഎസ് വീസ റെഡിയായിട്ടുണെ്ടന്ന് വിദേശകാര്യവകുപ്പിന്റെ വക്താവ് വിക് ടോറിയ നുലന്‍ഡ് അറിയിച്ചു. ചൈനയിലെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാലുടനെ അവര്‍ക്ക് യുഎസിലേക്ക് പോരാനാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക