Image

ചീയമ്പത്തും ഇരുളത്തും ഭൂമി കയ്യേറ്റം

Published on 16 May, 2012
ചീയമ്പത്തും ഇരുളത്തും ഭൂമി കയ്യേറ്റം
പുല്പള്ളി: ആദിവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പുല്പള്ളിക്ക് സമീപം ചീയമ്പത്തും ഇരുളത്തും ആദിവാസികള്‍ വനഭൂമി കയ്യേറി കുടില്‍ കെട്ടി. എകെഎസിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഭൂസമരം നടക്കുന്നതിന് പുറമെയാണ് ഇപ്പോഴത്തെ സമരം ആരംഭിച്ചത്. വ്യത്യസ്തമായ രീതിയിലായിരുന്നു ചീയമ്പത്തെ സമരം. കയ്യേറുന്ന ഭൂമിയില്‍ നിന്നും കാട്ടുതേന്‍ ശേഖരിച്ച് അത് എല്ലാവര്‍ക്കും വിതരണം ചെയ്തു കൊണ്ടായിരുന്നു ഇവിടെ കൈയ്യേറ്റം ആരംഭിച്ചത്. ഭൂമിക്ക് വേണ്ടി 230 ആദിവാസികളാണ് സമരത്തില്‍ പങ്കെടുത്ത് നേതാക്കള്‍ക്ക് ഒപ്പിട്ട് നല്‍കിയിരിക്കുന്നത്. 100-ല്‍ പരം പേര്‍ ഓരോ ഏക്കര്‍ ഭൂമി വീതം അളന്നെടുത്ത് കുടില്‍ കെട്ടി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ എകെഎസിന്‍രെ കൂട്ടത്തില്‍ ചേര്‍ന്ന് ഭൂസമരത്തില്‍ പങ്കെടുത്ത ചില ആദിവാസികളും ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇവിടെ സമരത്തിനെത്തിയിട്ടുണ്ട്. സംഘടന നേതാക്കളായ വി.ഡി.ജോസ്, സണ്ണി തോമസ്, പി.ബി.ബോളന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൈയ്യേറ്റ സമരം. 50-ഓളം ആദിവാസി കുടുംബങ്ങളാണ് ആദിവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇരുളത്ത് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം തലപ്പുഴ പഞ്ചായത്തിലെ തവിഞ്ഞാലിലും ആദിവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വനഭൂമി കൈയ്യേറ്റ സമരം ആരംഭിച്ചു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വയനാടിന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക