Image

വിലയിടിവ്: കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

Published on 16 May, 2012
വിലയിടിവ്: കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍
ചെമ്പേരി: തേങ്ങയുടെ വില കുത്തനെയിടിഞ്ഞതിനാല്‍ കേരകര്‍ഷകര്‍ പ്രതിസന്ധിയിലായി. ഒരുകിലോ പൊതിച്ച തേങ്ങയ്ക്ക് ഇപ്പോള്‍ പത്തു രൂപ വരെ മാത്രമാണു ലഭിക്കുന്നത്. തൊണ്േടാടുകൂടിയ തേങ്ങ ഒന്നിനു മൂന്നുരൂപവരെ കിട്ടും. രണ്ടു പതിറ്റാണ്ടുമുമ്പുപോലും ഒരു തേങ്ങയ്ക്ക് അഞ്ചുരൂപ കിട്ടിയിരുന്നു. അന്ന് ഒരു തെങ്ങിനു കയറ്റക്കൂലി രണ്ടു രൂപയായിരുന്നു. ഇന്നതു 15 രൂപയായി. തേങ്ങ പൊതിക്കാന്‍ 1,000 എണ്ണത്തിന് 500 രൂപയാണു കൂലി. പറിക്കുന്നതിനും ശേഖരിച്ചു പൊതിക്കുന്നതിനും വര്‍ധിച്ച കൂലിച്ചെലവും വിപണിയിലെത്തിക്കാന്‍ കയറ്റിറക്ക്-വാഹന കൂലിയും കഴിച്ചാല്‍ കര്‍ഷകര്‍ക്കു കിട്ടുന്നതു നിസാര തുക മാത്രം. വളത്തിനും കൃഷി സംരക്ഷണത്തിനും വേറെ പണം കണ്െടത്തേണ്ട അവസ്ഥയിലായി. തെങ്ങുകൃഷിയില്‍ നിന്നുള്ള വരുമാനത്തെ ജീവിത ചെലവിനായി ആശ്രയിക്കുന്ന നിരവധി പേരാണു കടുത്ത സാമ്പത്തിക ദുരിതത്തിലായത്. മറ്റു കൃഷികളില്‍നിന്നു വരുമാനമുള്ളവര്‍ തെങ്ങിനെ ഉപേക്ഷിച്ച മട്ടിലാണ്. പറിക്കാതായതോടെ തേങ്ങ തോട്ടങ്ങളില്‍ വീണു കിടക്കുകയാണ്. ഉത്പാദനം കുറഞ്ഞയിടങ്ങളില്‍ വിളവെടുപ്പും വളപ്രയോഗവും നിര്‍ത്തിവച്ചിരിക്കുകയാണ്. പൊതുവിപണിയില്‍ വിലയിടിഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തി തേങ്ങ ശേഖരിച്ചിരുന്ന ഇടനിലകച്ചവടക്കാരും എത്താതായി. വെളിച്ചെണ്ണ വില 60 രൂപയായി താഴ്ന്നതും കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായി. കേരളത്തിലെ ചെറുകിട കൊപ്ര ഉത്പാദകരും നിരാശയിലാണ്. കൂടിയ വിലയ്ക്കു ശേഖരിച്ച തേങ്ങ കൊപ്രയാക്കാനാവാതെ പലയിടത്തും കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാനത്ത് കൊപ്ര സംഭരണം ഫലപ്രദമായി നടത്താത്തതിനാല്‍ തമിഴ്നാട്ടിലെ കച്ചവടക്കാര്‍ക്കു കുറഞ്ഞ വിലയ്ക്കു കൊടുക്കേണ്ട ഗതികേടിലാണ്. തമിഴ്നാട്ടില്‍നിന്നു വിലക്കുറവില്‍ വെളിച്ചെണ്ണ ഇവിടെയെത്തുന്നതും വിപണിയില്‍ വിലയിടിവിനു പ്രധാന കാരണമാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ എണ്ണ വെളിച്ചെണ്ണയില്‍ ചേര്‍ത്താണ് തമിഴ്നാട്ടിലെ വ്യാപാരികള്‍ കേരള വിപണിയിലെത്തിക്കുന്നതെന്ന പരാതി നിലവിലുണ്ട്. ഇങ്ങനെയെത്തുന്ന വെളിച്ചെണ്ണയുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലാത്തതും സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്കു പ്രതികൂല സാഹചര്യമൊരുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക