Image

വിളപ്പില്‍ശാല: നഗരസഭ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യും

Published on 16 May, 2012
വിളപ്പില്‍ശാല: നഗരസഭ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യും
തിരുവനന്തപുരം: വിളപ്പില്‍ശാല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാത്തതിനാല്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പ്രതിപക്ഷ ബഹളത്തിനിടെ കൌണ്‍സില്‍ പാസ്സാക്കി. മരാമത്ത്കാര്യ സ്റ്റാന്‍്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് പദ്മകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ സ്പെഷ്യല്‍ കൌണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം കൌണ്‍സിലില്‍ ബഹളം വച്ചു. ബഹളത്തിനിടെ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാതെ മേയര്‍ കൌണ്‍സില്‍ യോഗം അവസാനിപ്പിച്ചു. വിളപ്പില്‍ശാല വിഷയത്തില്‍ സ്ഥിരമായി കൌണ്‍സില്‍ യോഗം അലങ്കോലപ്പെടുന്നതിനെതിരെ സ്വതന്ത്ര കൌണ്‍സിലര്‍ വിജയകുമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും പതിവു പല്ലവി തന്നെ ആവര്‍ത്തിച്ചു. വിളപ്പില്‍ശാല പ്രശ്നത്തില്‍ സര്‍ക്കാരും നഗരസഭാ നേതൃത്വവും നഗരത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ വേദിയായിട്ടുള്ള കൌണ്‍സിലില്‍ നാട്ടിലെ ഒരു വിഷയവും ചര്‍ച്ച ചെയ്യുന്നില്ലെന്നും വിജയകുമാര്‍ കുറ്റപ്പെടുത്തി. വിളപ്പില്‍ശാല പ്രശ്നം രൂക്ഷമാക്കിയത് മേയറാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യുന്നുണ്െടന്നും പ്രതിപക്ഷാംഗങ്ങള്‍ വാദിച്ചതോടെ കൌണ്‍സിലില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളമായി. ഇതിനിടെ സര്‍ക്കാരും നഗരസഭയും വിളപ്പില്‍ശാല വിഷയത്തില്‍ ഒരു പോലെ കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. മാലിന്യ വിഷയത്തില്‍ പോലും രാഷ്ട്രീയം കടന്നുവരുന്നത് കൌണ്‍സില്‍ യോഗത്തില്‍ തുടര്‍ക്കഥയാകുകയാണ്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഡിപിസിയുടെ അംഗീകാരത്തിന് അയയ്ക്കേണ്ട പ്രോജക്ടുകള്‍ അജണ്ടയില്‍ വിശദമായി പ്രതിപാദിക്കാത്തതിനെതിരെയും കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. അജണ്ടയില്‍ കാര്യങ്ങള്‍ വെറുതേ സൂചിപ്പിച്ചു പോകുന്ന രീതി കൌണ്‍സിലിന് ചേര്‍ന്നതല്ലെന്നും ഇത്തരം കാര്യങ്ങള്‍ പോലും ശരിയായ രീതിയില്‍ ചെയ്യാന്‍ കഴിയാത്ത നഗരസഭാ നേതൃത്വം നാടിന് ഗുണകരമല്ലെന്നും കൌണ്‍സിലര്‍മാര്‍ പറഞ്ഞു. പൂജപ്പുര മണ്ഡപത്തിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നോക്കിനടത്താന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരേയും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ട് കമ്മിറ്റി രൂപീകരിക്കണമെന്ന കൌണ്‍സിലര്‍ മഹേശ്വരന്‍ നായരുടെ പ്രമേയം കൌണ്‍സില്‍ പാസ്സാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക