Image

ടി.പി. വധം: എഴുത്തുകാര്‍ ഒന്നിക്കണമെന്ന് എം. മുകുന്ദന്‍

Published on 17 May, 2012
ടി.പി. വധം: എഴുത്തുകാര്‍ ഒന്നിക്കണമെന്ന് എം. മുകുന്ദന്‍
ന്യൂഡല്‍ഹി: രാഷ്ട്രീയം മറന്ന് എല്ലാ എഴുത്തുകാരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് പ്രതികരിക്കവെ സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. പരസ്പ്പരം പഴിചാരുന്നതിനു പകരം ഒന്നിച്ചു നിന്ന് ഇതുപോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള വഴികള്‍ കണ്ടെത്തണം. 
  
ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ വധം വളരെ വേദനാജനകമാണെന്ന് മുകുന്ദന്‍ ചൂണ്ടിക്കാട്ടി. അതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടപ്പോള്‍ മനസ്സ് മരവിച്ചു പോയി. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്. ഈ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതുവരെ നാം ഉറങ്ങാന്‍ പാടില്ല. മനുഷ്യസ്‌നേഹം വറ്റാന്‍ നാമൊരിക്കലും അനുവദിക്കരുത്. 
  
ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രമല്ല കാണുന്നതെന്ന് എം.മുകുന്ദന്‍ പറഞ്ഞു. ഈയിടെയാണ് പതിനഞ്ചുകാരനായ ഒരു ബാലനെ സഹപാഠി കഴുത്തറുത്തു കൊന്നത്. അച്ഛന്‍ പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത മകളെ പീഡിപ്പിക്കുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതിലൊക്കെ എന്ത് രാഷ്ട്രീയമാണുള്ളത് ? അതുകൊണ്ട് വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാത്രം സൃഷ്ടിയാണെന്ന് പറയാന്‍ വയ്യ. മനുഷ്യസ്‌നേഹം വറ്റി ഹിംസാത്മകമായി മാറുന്ന നമ്മുടെ സമൂഹമാണ് പ്രധാന കുറ്റവാളി. ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയത്തിനു പുറത്തു കടന്ന് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. ഇവിടെ   രാഷ്ട്രീയമല്ല മാനവിതകയാണ് പ്രശ്‌നം- എം.മുകുന്ദന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക