Image

ടി.പി ചന്ദ്രശേഖരന്‍ വധം പ്രതിരോധിക്കാന്‍ സിപിഎം അരലക്ഷം പേരെ അണിനിരത്തുന്നു

Published on 17 May, 2012
ടി.പി ചന്ദ്രശേഖരന്‍ വധം പ്രതിരോധിക്കാന്‍ സിപിഎം അരലക്ഷം പേരെ അണിനിരത്തുന്നു
കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് സിപിഎമ്മിലുണ്ടായ കൊഴിഞ്ഞുപോക്കിന്റെയും രാജിയുടെയും അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗങ്ങളെ ഒരുമിച്ച് അണിനിരത്തി സിപിഎം പ്രതിരോധിക്കാനൊരുങ്ങുന്നു. ഈ മാസം 19നാണ് കോഴിക്കോട്ടും വടകരയും കേന്ദ്രീകരിച്ച് 60,000 ത്തോളം പാര്‍ട്ടിഅംഗങ്ങളെ അണിനിരത്തി ടിപി വധത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. 

മുതലക്കുളത്ത്് 30,000വും വടകരയില്‍ 30,000വും അംഗങ്ങളെയാണ് രംഗത്തിറക്കാന്‍ പാര്‍ട്ടി പദ്ധതിയിടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് രണ്ടു കേന്ദ്രങ്ങളിലും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നത്. വടകരയില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിനും കോഴിക്കോട്ട് വൈകിട്ട് ആറിനുമാണ് പരിപാടി. ഇ.കെ.നായനാര്‍-കേളുവേട്ടന്‍ അനുസ്മരണ ദിനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെങ്കിലും ടിപി വധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അണികളിലുണ്ടായ മനംമാറ്റം തടയുകയാണ് ലക്ഷ്യമെന്ന് വ്യക്തം.
പാര്‍ട്ടി വിലക്കിയിട്ടും സിപിഎമ്മിലെ ഒരു വിഭാഗം ടി.പി.ചന്ദ്രശേഖരന്‍ അനുസ്മരണവും പ്രതിഷേധക്കൂട്ടായ്മയും കോഴിക്കോട്‌നടത്തുകയും ആയിരത്തിലധികം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തതും നേതൃത്വത്തെ ഞെട്ടിപ്പിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം ഓരോ ദിവസം കഴിയുമ്പോഴേക്കും സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലുമാണ് പരിപാടി. 

പാര്‍ട്ടി അംഗങ്ങള്‍ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. ഒരു ബ്രാഞ്ചില്‍ നിന്ന് പത്തില്‍ കൂടുതല്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്നാണ് കര്‍ശന നിര്‍ദേശം. മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് സൗത്തും കോഴിക്കോട് നോര്‍ത്തും ഏരിയാകമ്മറ്റികളിലുളള പാര്‍ട്ടി മെമ്പര്‍മാരെ പങ്കെടുക്കുന്നുളളൂവെന്നാണ് സിപിഎം ജില്ലാ നേതാക്കള്‍ പറയുന്നത്. എന്നാല്‍ മുതലക്കുളത്തെ പൊതുസമ്മേളനത്തില്‍ പത്ത് ഏരിയാകമ്മറ്റികളില്‍ നിന്നുളളവരെ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, താമരശേരി, ഫറോക്ക്, കക്കോടി, കെയിലാണ്ടി, പേരാമ്പ്ര, ബാലുശേരി എന്നീ ഏരിയാ കമ്മറ്റികള്‍ക്ക് കീഴിലുളള പാര്‍ട്ടിമെമ്പര്‍മാരെ മുതലക്കുളത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊയിലാണ്ടി,പേരാമ്പ്ര,ബാലുശേരി ഏരിയാകമ്മറ്റികള്‍ കോഴിക്കോട് താലൂക്കിലല്ല. സാധാരണ കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കാറുമില്ല. എന്നാല്‍ ഈ ഏരിയാകമ്മറ്റികളെയും ഉള്‍പ്പെടുത്തുന്നതിലൂടെ പരിപാടിയില്‍ വന്‍ ആള്‍ക്കൂട്ടം ഉറപ്പാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. കോഴിക്കോട്ടെ ബാക്കി അഞ്ച് ഏരിയാമ്മറ്റികളില്‍ നിന്നും കണ്ണൂരിലെ ജില്ലാ കമ്മറ്റിക്ക് കീഴിലുളള ഏരിയാകമ്മറ്റികളില്‍ നിന്നുമാണ് വടകരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അംഗങ്ങളെ അണിനിരത്തുക. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ അറസ്റ്റിലായതോടെ കൂടുതല്‍ പ്രതിരോധത്തിലായ പാര്‍ട്ടിക്കുണ്ടായ ക്ഷീണം മാറ്റാന്‍ പരിപാടി സഹായകമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക