Image

ചോരയുടെ ഭൂപടമായി കേരളരാഷ്ട്രീയം ചുരുളുകയാണോ?

വി.ജി. തമ്പി Published on 18 May, 2012
ചോരയുടെ ഭൂപടമായി കേരളരാഷ്ട്രീയം ചുരുളുകയാണോ?
സഹജീവനത്തിന്റെ മൂല്യസമൃദ്ധിയെക്കുറിച്ചും ഭൂമിരാഷ്ട്രീയത്തെക്കുറിച്ചും സ്വതന്ത്രഭാവനയുടെ കാറ്റിനെയും വെളിച്ചത്തെയും കുറിച്ചും ഭാവിയിലേയ്ക്ക്‌ വിതറേണ്ട വിത്തുകളെക്കുറിച്ചും ബദല്‍ജീവിത സാധ്യതകളെക്കുറിച്ചും സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുവാൻ ആഗ്രഹിച്ചുകൊണ്ടാരംഭിച്ച പ്രസിദ്ധീകരണമാണ്‌ ശ്രദ്ധ. എന്നാല്‍ ആറുമാസം പോലും കഴിഞ്ഞില്ല, മലയാളിജീവിതം അത്തരം സ്വപ്നങ്ങളുടെ സാധ്യതകള്‍ പോലും തല്ലിതകര്‍ക്കുകയാണല്ലോ. കേരളം ഒരു തോറ്റ ജനതയുടെ ശവപ്പറമ്പാണെന്ന്‌ വിശേഷിപ്പിക്കുവാന്‍ ഇനി അധികം കാത്തുനില്‍ക്കേണ്ടിവരില്ല. വിയോജിപ്പിനും വിമര്‍ശനത്തിനും വഴി തിരിയലിനും ഇത്രയും കഠിനമായ കറുത്ത വിധി നടപ്പിലാക്കുന്ന നമ്മുടെ നാടിനെ ഒരു ജനാധിപത്യരാജ്യമെന്ന്‌ ഇനി ആരെങ്കിലും പറയുമോ? പകയും പ്രതികാരമോ ഇത്രയും നിഷ്ഠൂരമായ ചോരക്കലിയാക്കി, ശാന്തവും നിര്‍മ്മലവുമായ ഒരു ഗ്രാമത്തെരുവിനെ ഒറ്റരാത്രികൊണ്ട്‌ വെട്ടിവീഴ്ത്തിയ ദാരുണത നമുക്കെന്ത്‌ തിരിച്ചറിവുകളാണ്‌ തരുന്നത്‌? ഇങ്ങനെയാണ്‌ രാഷ്ട്രീയം മനുഷ്യര്‍ക്ക്‌ വിലയിടുന്നതെങ്കില്‍ ഒരു പിടി ചാരത്തില്‍ ഈ ഭൂമിയെ അടക്കം ചെയ്യുകയായിരിക്കും നല്ലത്‌. അല്‍പ്പം ചോര തളിച്ചുകൊടുക്കുകയും ചെയ്യാം. ചോരക്കറയുടെ ആ രാത്രിയില്‍ സഹജീവിയായ ഒരു മനുഷ്യന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വെട്ടിത്തകര്‍ത്തു. തലയോട്‌ പൊട്ടിച്ചിതറി. ഇനി നമ്മുടെ ജനാധിപത്യത്തെ കശാപ്പെന്നും കുരുതിയെന്നും ഉ‍ൂലനമെന്നും മാറ്റിപ്പറയേണ്ടിവരും. വിയോജിക്കുന്നവരെല്ലാം വര്‍ഗ്ഗവഞ്ചകരെങ്കില്‍ അവരെ കശാപ്പു ചെയ്യുന്നതെങ്കില്‍ വിമോചന രാഷ്ട്രീയമെങ്കില്‍ നമുക്കിനി മറ്റൊരു നരകത്തീയുടെ ആവശ്യമില്ല. ജീവനെക്കുറിച്ച്‌ ആകുലതകളില്ലാത്ത മരണരാഷ്ട്രീയത്തിനു മുമ്പിലാണ്‌ ജനമിപ്പോള്‍ പകച്ചുനില്‍ക്കുന്നത്‌. ജനതയുടെ പരമമായ നിസ്സഹായതയിലാണ്‌ ഹിംസ മുട്ടയിട്ട്‌ പെറ്റുപെരുകുന്നത്‌. രാഷ്ട്രീയത്തിനുള്ളില്‍ ഗുണ്ടകളെ പെറ്റുവളര്‍ത്തുന്നതിന്‌ അനുവദിച്ചുകൊടുക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ക്കുചുറ്റും മതില്‍ പണിയുന്ന അണികളുടെ നിസ്സഹായതയിലാണ്‌ ഈ ചോരക്കലിയുടെ കൊലക്കത്തി മൂര്‍ച്ചകൂട്ടുന്നത്‌. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച്‌ സാംസ്കാരികകേരളത്തിന്റെ പ്രതികരണങ്ങൾക്കായി എഴുത്തുകാരായ കുറെ മിത്രങ്ങളെ സമീപിച്ചു. മിക്കവരും ഒരൊറ്റസ്വരത്തിലാണ്‌ ഹൃദയഭേദിയായ ഈ ജനാധിപത്യഹിംസയോട്‌ പ്രതികരിച്ചത്‌. ചിലര്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. മൗനം കൊണ്ട്‌ അശ്ളീലം കാണിച്ചു. പാര്‍ട്ടിയോട്‌ നിര്‍ല്ലജ്ജം കൂറുപ്രഖ്യാപിച്ചുകൊണ്ട്‌ മനുഷ്യരല്ലെന്ന്‌ തെളിയിച്ച ചില എഴുത്തുമിത്രങ്ങളുടെ മുമ്പില്‍ ഹൃദയം തോറ്റുപോയി. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രതികരിക്കാനല്ല കരയാനാണ്‌ ഇഷ്ടപ്പെടുന്നതെന്ന്‌ പറഞ്ഞു. ജനം സ്വയം രക്ഷിക്കട്ടെയെന്നാണ്‌ കടുത്ത ആത്മരോക്ഷത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തത്‌. ജനാധിപത്യത്തിന്റെ പുറംകുപ്പായമണിഞ്ഞ നാടുവാഴിഏകാധിപത്യത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ആസുരതകള്‍ക്കു മുമ്പിൽ ഭയന്നുവിറച്ചിരിക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ല എന്നദ്ദേഹം പറയുമ്പോള്‍, നിസ്സഹായരായ ജനത്തിന്റെ മുഴുവന്‍ പേടിയും കുറ്റബോധവും സ്വയം വരിച്ച്‌ സത്യസന്ധനാവുകയായിരുന്നു ബാലചന്ദ്രന്‍. കൊല ചെയ്തവരേയും കൊല്ലിച്ചവരേയും സാമാന്യബുദ്ധിയുള്ള മലയാളികള്‍ക്കെല്ലാം അറിയാമായിരുന്നിട്ടും രക്തസാക്ഷിയായവനെപ്പോലും പുച്ഛിച്ചുകൊണ്ട്‌ പ്രേതതുല്യമായ മുഖഭാവത്തോടെ ധാര്‍ഷ്ട്യത്തോടെ ആക്രോശിക്കുന്നവരെ മാധ്യമങ്ങള്‍ കാണിച്ചു തന്നപ്പോഴാണ്‌ ഞാന്‍ യഥാര്‍ത്ഥത്തില്‍ കരഞ്ഞുപോയത്‌. ഒരേ രാഷ്ട്രീയാദര്‍ശങ്ങള്‍ക്കൊപ്പം ഒരു മിച്ചു കൈകോര്‍ത്തു ജീവിച്ച ഒരു മനുഷ്യനെ അയാള്‍ വിയോജിക്കുന്നു എന്നതിന്റെ പേരിൽ ഒറ്റരാത്രിയില്‍ വകവരുത്തുവാൻ കയ്യറപ്പില്ലെങ്കില്‍ ഈശ്വരാ, പൈശാചികതയ്ക്ക്‌ ഇനി മറ്റെന്തു വിശേഷണം? കൊല്ലിച്ചവരുടെ മനസ്സില്‍ എത്രതവണ ആ കൊല അരങ്ങേറിയിട്ടുണ്ടാകും. കേരളത്തിന്റെ ഭൂപ്രകൃതിക്കിപ്പോള്‍ ഒരു ശവപ്പറമ്പിന്റെ വെട്ടിത്തകര്‍ന്ന മുഖം. മനുഷ്യർക്കോ മൃതസാക്ഷികളുടെ ശിലാകാഠിന്യം. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ കൊലക്കത്തികൊണ്ട്‌ കോറി വരക്കാനുള്ള ചോരയുടെ ഭൂപടമായി കേരളരാഷ്ട്രീയം ചുരുളുകയാണോ? ഇതിനെനോക്കി ശപിക്കണോ കരയണോ എന്നറിയാതെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ പറഞ്ഞുവല്ലോ, കൊന്നാലും തന്റെ ഭര്‍ത്താവിനെ തോല്‍പ്പിക്കാനാവില്ലെന്ന്‌. അതിവേഗം അഴുകിച്ചീയുന്ന നമ്മുടെ രാഷ്ട്രീയസമൂഹത്തെയും മതസമൂഹത്തെയും തിരുത്തുവാനുള്ള ഒരു പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്ലായ്മയ്ക്കു മുമ്പിലാണ്‌ ആകുലപ്പെടേണ്ടതും പേടിക്കേണ്ടതെന്നും തോന്നുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക