Image

ചന്ദ്രശേഖരന്‍ വധം: വഴിത്തിരിവുണ്ടാക്കുന്ന മൊഴി ലഭിച്ചതായി ആഭ്യന്തരമന്ത്രി

Published on 19 May, 2012
ചന്ദ്രശേഖരന്‍ വധം: വഴിത്തിരിവുണ്ടാക്കുന്ന മൊഴി ലഭിച്ചതായി ആഭ്യന്തരമന്ത്രി
കോട്ടയം: ചന്ദ്രശേഖരന്‍ വധത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന മൊഴി ഇന്നലെ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. കണ്ണൂര്‍ ലോബിയാണ് ഇതിന് പിന്നില്‍. അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ആരെയെങ്കിലും രക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ആ കാലം അവസാനിച്ചതായും മന്ത്രി വ്യക്തമാക്കി. അന്വേഷണ സംഘത്തില്‍ ഭിന്നിപ്പില്ല. ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. എസ്പി ടി.കെ. രാജ്‌മോഹനെ മികച്ച ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

2008 ല്‍ കോടിയേരി ബാലകൃഷ്ണനാണ് അദ്ദേഹത്തിന് ഐപിഎസിന് ശിപാര്‍ശ ചെയ്യുന്ന ഫയലില്‍ ഒപ്പിട്ടത്. 2009 ല്‍ സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്ത് അദ്ദേഹത്തെ എന്‍ഐഎയുടെ പരിശീലനത്തിനായി നിയോഗിച്ചതും കോടിയേരിയും സിപിഎമ്മുമാണെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കാവുന്ന വകുപ്പുകളിലുള്ള കുറ്റമാണ് കേസില്‍ അറസ്റ്റിലായ സിപിഎം ഏരിയാ ഓഫീസ് സെക്രട്ടറി സി. ബാബു ചെയ്തത്. 212 -ാം വകുപ്പനുസരിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അതിനാലാണ് ജാമ്യം നല്‍കിയതെന്നും അതില്‍ മറ്റ് സംശയങ്ങള്‍ വേണ്‌ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണത്തില്‍ ഇടപെടുന്നതും കുറ്റകരമാണെന്നും എം.വി. ജയരാജന്‍ ഈ കുറ്റം ചെയ്തതായും തിരുവഞ്ചൂര്‍ ആരോപിച്ചു. അന്വേഷണം എന്നു പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അവര്‍ക്ക് തൃപ്തിയാകുന്ന തരത്തില്‍ പൂര്‍ണമായി തെളിവുകള്‍ ശേഖരിക്കുമ്പോളെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക