Image

ഇറ്റാലിയന്‍ മന്ത്രി മുഖ്യമന്ത്രിയുമായും ആര്‍ച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി

Published on 19 May, 2012
ഇറ്റാലിയന്‍ മന്ത്രി മുഖ്യമന്ത്രിയുമായും ആര്‍ച്ച് ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കപ്പല്‍ വെടിവെയ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കണമെന്നാ വശ്യപ്പെട്ട് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റഫാന്‍ ദേ മിസ്തുറയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു.

രാവിലെ അവര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യവുമായും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തിയാണ് ഇറ്റാലിയന്‍ സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

കടലില്‍ വെടിവെയ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്ന മുന്‍ നിലപാട് സംഘം ആവര്‍ത്തിച്ചു. കൊലക്കുറ്റത്തിന് സൈനികര്‍ക്കെതിരെ ഇറ്റലിയില്‍ നിയമ നടപടി ആരംഭിക്കുന്നുണ്ടെന്നും അതിനാലാണ് ഇന്ത്യയിലെ നിയമനടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം മിസ്തുറ പറഞ്ഞു. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്.

സോമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്ന നിഗമനത്തില്‍ സ്വയരക്ഷയ്ക്കായാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്നും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഇന്ത്യന്‍ തീരത്തോട് ചേര്‍ന്ന് പോകുന്ന കൂറ്റന്‍ കപ്പലുകള്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്നും അതിനാല്‍ കപ്പലുകള്‍ തീരത്തുനിന്ന് നിശ്ചിത അകലം പാലിക്കണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും കൂടിക്കാഴ്ചകള്‍ക്ക് ശേഷം സ്റ്റഫാന്‍ ദേ മിസ്തുറ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക