Image

ഇനി മലയാളം വായിച്ചിട്ടും പഠിച്ചിട്ടുമൊക്കെ എന്ത് ഗുണം? ബിജോ ജോസ് ചെമ്മാന്ത്ര

ബിജോ ജോസ് ചെമ്മാന്ത്ര Published on 18 May, 2012
ഇനി മലയാളം വായിച്ചിട്ടും പഠിച്ചിട്ടുമൊക്കെ എന്ത് ഗുണം? ബിജോ ജോസ് ചെമ്മാന്ത്ര
പ്രവാസി മലയാളികളുടെ സൗഹൃദകൂട്ടായ്മകളില്‍ വിരളമായെങ്കിലും ഗൗരവതരമായ ചില വിഷയങ്ങള്‍ വഴിതെറ്റിയെത്താറുണ്ട്. ഇങ്ങനെ യാദൃശ്ചികമായാണ് സംസാരമധ്യേ മലയാളഭാഷയും സാഹിത്യവുമൊക്കെ ചിലപ്പോള്‍ കടന്നുവരുന്നത്. ഈ അവസരങ്ങളില്‍ ഇനി മലയാളം വായിച്ചിട്ടും പഠിച്ചിട്ടുമൊക്കെ എന്ത് ഗുണം? എന്ന് തുടങ്ങി നിര്‍ദോഷമെന്ന് തോന്നാവുന്ന പല അഭിപ്രായങ്ങളുമുയരാറുണ്ട്. പൊതുവെ ഭാഷ്‌യ്‌ക്കെതിരായ സമാന അഭിപ്രായപ്രകടനങ്ങളില്‍ നേരിയ പുച്ഛത്തിന്റേയും പരിഹാസത്തിന്റേയും ധ്വനി നിഴലിക്കുന്നതായി കാണാം. പ്രായോഗിക ലോകത്തിലെ മഹദ്വചനമായാണ് പലരും ഈ അഭിപ്രായങ്ങളെ കരുതുന്നത്. പ്രയോജനവാദാധിഷ്ഠിതമായി കാര്യങ്ങളെ വിലയിരുത്തുന്ന ഈ കാലത്ത് അധികമാളുകളും മനസ്സില്‍ കരുതുന്നത് മദ്യലഹരിയില്‍ ചിലര്‍ ഉറക്കെ പറയുന്നുവെന്ന് മാത്രം.

തങ്ങളുടെ വേരുകളിലേക്കുള്ള യാത്ര ഭാഷയിലൂടെയാണെന്ന സത്യം നമ്മളില്‍ പലരും വിസ്മരിക്കുന്നു. ഉപരിതലത്തില്‍ പ്രകടമാകുന്ന കെട്ടുകാഴ്ചകളില്‍ ജീവിതം വിലയിരുത്തപ്പെടുന്ന വര്‍ത്തമാനകാലത്ത് പലപ്പോഴും മാതൃഭാഷ അപ്രസക്തമാകുന്നു. മാതൃഭാഷയെന്നത് ഒരു സമൂഹത്തിന്റെ ആശയസംവേദന ഉപാധി മാത്രമല്ല, അത് അനേകം തലമുറകള്‍ കൈമാറിവരുന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യത്തിന്റെ തിരുശേഷിപ്പ് കൂടിയാണ്. മാതൃസ്‌നേഹം തുളുമ്പുന്ന താരാട്ടുപാട്ടിന്റെ ശബ്ദവീചികള്‍ കാതുകളിലെത്തിച്ച ആ മധുരഭാഷയാണ് നമ്മുടെ അസ്തിത്വത്തിന് തുടക്കം കുറിച്ചത് എന്ന് നാം ബോധപൂര്‍വ്വം മറക്കുന്നു. നമ്മുടെ ഇളംമനസ്സില്‍ ആദ്യമായി പ്രകൃതിയേയും ജീവജാലങ്ങളേയും കുറിച്ചുള്ള വര്‍ണ്ണനകള്‍ നിറച്ചതും ഇന്ന് നാം അവഗണിക്കുന്ന അമ്മമലയാളം തന്നെ. മാതൃഭാഷ ചിന്തയുടെയും ആശയരൂപീകരണത്തിന്റേയും ഭാഷയാണ്. ഇതിലെ ഓരോ അക്ഷരവും അതിനെ രൂപപ്പെടുത്തിയ സംസ്‌കൃതിയുടെ കനലുകള്‍ ഒളിപ്പിച്ചുവെയ്ക്കുന്നു. മാതൃഭാഷയുടെ ആവിഷ്‌കാരശേഷി നഷ്ടമാകുന്നതോടെ ആ സമൂഹത്തിലെ വ്യക്തികള്‍ പരസ്പരം അപരിചിതമാവുകയാണ്.

ലോകത്തെമ്പാടുമുള്ള പ്രാദേശികഭാഷകള്‍ അധിനിവേശ സ്വാധീനം സൃഷ്ടിച്ച കടുത്ത ഭാഷാവിവേചനത്തില്‍ വീര്‍പ്പുമുട്ടുകയാണ്. നിലവില്‍ മൂന്നുപേര്‍ മാത്രം സംസാരിക്കുന്ന ദുസ്‌നര്‍ എന്ന ഇന്‍ഡോനേഷ്യന്‍ ഭാഷയുള്‍പ്പെടെ 6000-ത്തിലധികം ഭാഷകള്‍ ലോകത്തിലിന്ന് നിലവിലുണ്ട്. ഇതില്‍ 90ശതമാനത്തിലധികം ഭാഷകളും ലോകജനസംഖ്യയിലെ അഞ്ച് ശതമാനത്തില്‍ താഴെവരുന്ന ജനങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്. ഈ ഭാഷകളില്‍ പകുതിയിലധികവും നൂറ്റാണ്ടിന്റെ അവസാനത്തോടെ പൂര്‍ണ്ണമായി നശിച്ച് ചരിത്രത്തിന്റെ താളുകളില്‍ ഒതുങ്ങും. എല്ലാ ഭാഷാസ്‌നേഹികള്‍ക്കും വേദനയുളവാക്കുന്ന ഒരുയാഥാര്‍ത്ഥ്യമാണിത്. ഓരോഭാഷയും ഓരോജീവിതസംസ്‌കാരമാണ്. ഓരോസമൂഹവും നൂറ്റാണ്ടുകളായി വളര്‍ത്തിക്കൊണ്ട് വന്ന സംസ്‌കൃതിയാണ് ഭാഷയുടെ അന്ത്യത്തിലൂടെ മണ്‍മറയുന്നത്. സ്വന്തം സംസ്‌കാരത്തില്‍നിന്നും അന്യമാക്കപ്പെട്ട ജനതയെ ഏതു ശക്തിക്കും കീഴ്‌പ്പെടുത്താനാവും.

കേരളീയര്‍ക്ക് ഇതരസംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് മാതൃഭാഷയോട് വൈകാരികബന്ധം പൊതുവെ കുറവാണെന്ന് തോന്നാറുണ്ട്. മാതൃഭാഷ സംസാരിച്ചാല്‍ ശിക്ഷിക്കപ്പെടുകയും, ചെലവ് ചുരുക്കലിന്റെ ഭാഗമായി ഭാഷാധ്യാപക തസ്തികള്‍ കുറയ്ക്കുകയും ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് നമുക്ക് പുതിയ തലമുറയിലേക്ക് ഭാഷ പകര്‍ന്നുകൊടുക്കാനാവുന്നത്. ആഗോള ഉപഭോക്തൃസംസ്‌കാരത്തില്‍ അധിഷ്ഠിതമായ ജീവിതസാഹചര്യങ്ങളില്‍ മലയാളം അപര്യാപ്തമാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതേസമയം വിജ്ഞാനത്തിന്റെയും അധികാരത്തിന്റെയുമൊക്കെ അടയാളമായി കടന്നുവന്ന ആംഗലേയ ഭാഷയെ ഭക്തിയാദരവോടെയാണ് പൊതുസമൂഹം നോക്കിക്കണ്ടത്. വിശാലമായ ലോകത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള വാതായനമായി കരുതി ഭാരതീയര്‍ ഈ അധിനിവേശഭാഷയെ ഇരുകൈകളും നീട്ടിവരവേറ്റു. പുതിയ ആഗോള ജീവിതവീക്ഷണത്തില്‍ ഇംഗ്ലീഷിന്റെ സ്ഥാനത്തെ ഒട്ടും കുറച്ച് കാണാനാവില്ല. ഏതു പുതിയ ഭാഷാപഠനവും അറിവിന്റെ ലോകത്തേക്കുള്ള യാത്രയുടെ തുടക്കമാണെന്നതില്‍ തര്‍ക്കമില്ല. എല്ലാഭാഷയും ആദരവര്‍ഹിക്കുന്നു. പക്ഷെ അത് സ്വന്തം ജന്മഭാഷയെ തള്ളിക്കളഞ്ഞു കൊണ്ടാവരുത് എന്ന് മാത്രം.

ഒരു ജനതയുടെ സ്വതഃപാരമ്പര്യത്തിലെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്. മലയാളഭാഷ ഇന്ന് അനുഭവിക്കുന്ന വിവേചനവും അവഗണനയും വളരെ പരിതാപകരമാണ്. ഭാഷാ സര്‍വ്വകലാശാല കേരളത്തില്‍ സ്ഥാപിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും എവിടെയുമെത്താതെ നില്‍ക്കുന്നു. നമ്മുടെ അയല്‍സംസഥാനങ്ങളായ കര്‍ണ്ണാടകത്തിലും, തമിഴ്‌നാട്ടിലും, ആന്ധ്രപ്രദേശിലും മാതൃഭാഷാസര്‍വ്വകലാശാലകള്‍ സ്ഥാപിതമായിട്ട് ഇരുപതിലധികം വര്‍ഷങ്ങളായി. തമിഴ് പോലെയുള്ള പ്രാദേശിക ഭാഷകളെ മുഖ്യഭാഷയായി ഉറപ്പിക്കുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍തുടരുന്ന മാതൃഭാഷാനയം ശ്ലാഘനീയമാണ്. ഇവരുടെ മാതൃഭാഷയോടുള്ള ആത്മബന്ധത്തെയും ഭാഷാഭിമാനത്തേയും നാം പരിഹസിക്കുകയാണ് പതിവ്. വിദ്യാഭ്യാസം, ഭരണം, നീതിന്യായം തുടങ്ങിയ മേഖലകളില്‍ മലയാളം നിര്‍ബന്ധിതമായി ഉപയോഗിക്കേണ്ടത് ജീവല്‍ഭാഷയായി അതിന്റെ നിലനില്‍പ്പിന് അത്യന്താപേഷിതമാണ്.

ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളമെങ്കിലും മാതൃഭാഷയില്‍ സംസാരിച്ചു എന്ന കാരണത്താല്‍ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ കേരളീയരായ ജീവനക്കാരെ പിരിച്ചുവിട്ട വാര്‍ത്ത ഭാഷാസ്‌നേഹികളെ ഞെട്ടിച്ചിരുന്നു. പ്രദേശിക ഭാഷകളോട് അധികാരവര്‍ഗ്ഗത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സമീപനം ഈ സംഭവത്തില്‍ നിന്നും വളരെ വ്യക്തമാണ്.

മലയാളിക്കിന്ന് ഗതകാലസ്മരണകള്‍ അയവിറക്കാന്‍ മാത്രമായി മലയാളത്തിന്റെ ഉപയോഗം ചുരുങ്ങിയിരിക്കുന്നു. ഗൃഹാതുരത്വത്തിന്റെ ബിംബങ്ങളായ കാവും, തൊടിയും, പുഴയും, പൂക്കളുമൊക്കെ നിറഞ്ഞ മനോവ്യാപാരത്തില്‍ മാത്രം സമ്പന്നമാവുകയാണ് ഇന്ന് മലയാള ഭാഷ, പഴമയുടെ കുറ്റിയില്‍ തളച്ചിട്ടാല്‍ ഒരിക്കലും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വളരാന്‍ ഭാഷയ്ക്കാവില്ല. കാലാകാലങ്ങളിലെ സാമൂഹ്യജീവിത വ്യതിയാനങ്ങളും, പുതിയ സൈദ്ധാന്തികകളും, വൈകാരിക അനുഭവങ്ങളും സൂക്ഷ്മമായി പ്രതിഫലിപ്പിക്കുവാന്‍ ഭാഷയ്ക്ക് കഴിയണം. ശാസ്ത്രസാങ്കേതിക പദാവലിയുടെ പരിമിതിയെ പദസമ്പത്ത് വിപുലീകരിച്ചും മറ്റ് ഭാഷകളില്‍നിന്ന് വാക്കുകള്‍ കടംകൊണ്ടും ആധുനികലോകത്തിലേക്ക് ഭാഷയെ പുനഃക്രമീകരിക്കാനാവും, ശാസ്ത്രസാങ്കേതിക വ്യവഹാര മേഖലകളിലെ വ്യക്തമായ സംവേദനത്തിലൂടെയോ ഭാഷയ്ക്ക് ഇനി നിലനില്‍ക്കാനാവുകയുള്ളൂ. ഭാഷയുടെ ഏറ്റവും ഉദാത്തവും സമ്പന്നവുമായ രൂപമാണ് സാഹിത്യം. അതിന് ഭാഷയുടെ നവീകരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ സാധിക്കും.

അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം തന്നെ ശബ്ദ ദൃശ്യമാധ്യമങ്ങളും നല്ല ഭാഷ ജനങ്ങളിലെത്തിക്കാന്‍ ശ്രദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പലപ്പോഴും വളരെ വികലമായ ഒരു ഭാഷാസംസ്‌കാരമാണ് ഇന്ന് ഇവ മുന്നോട്ടുവയ്ക്കുന്നത്. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും സഹായത്താല്‍ കാലദേശനിയന്ത്രണങ്ങള്‍ക്കപ്പുറത്ത് ഭാഷയ്ക്ക് ചെന്നെത്താനാവുന്നു. പുതിയ വിവരസാങ്കേതികവിദ്യ മലയാളിയെ ഭാഷയുടേയും സംസ്‌കാരത്തിന്റേയും മണ്ഡലത്തില്‍ തിരിച്ചെത്തിക്കുമെന്നുള്ളത് തീര്‍ച്ചയായും ഒരു ശുഭസൂചനയാണ്.

മാതൃഭാഷയുടെ സംസ്‌കാരിക പ്രതീകങ്ങളായ നാടന്‍ശൈലികളും, പഴഞ്ചൊല്ലുകളും, കാവ്യശകലങ്ങളുമൊക്കെ പുതുതലമുറക്ക് പകര്‍ന്നു നല്‍കാനാവാതെ ഒരു തലമുറ കടന്നുപോവുകയാണ്. സ്വന്തം ഭാഷയേക്കുറിച്ചും സംസ്‌കാരത്തേക്കുറിച്ചും അഭിമാനമില്ലാത്ത ഒരു പൗരസമൂഹം ഇവിടെ വളര്‍ന്നുവരുന്നു. മലയാളമറിയാത്തവരേയും മലയാളിയെന്ന് വിളിക്കാനാവുമ്പോള്‍ ഭാഷാപാരമ്പര്യത്തില്‍ അധിഷ്ഠിതമല്ലാത്ത ഒരു സമൂഹമായി കേരളസമൂഹം പരിണമിക്കുകയാണ്. ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതുകൊണ്ടോ, ഭാഷാസര്‍വ്വകലാശാലകള്‍ നിലവില്‍ വന്നതുകൊണ്ടോ മലയാളം പോലെ ഒരു ഭാഷ കല്പാന്തകാലം നിലനില്‍ക്കുമെന്നുറപ്പിക്കാനാവില്ല. അതിന് മലയാളത്തില്‍ സംസാരിക്കുവാനും വായിക്കുവാനും എഴുതാനുമുള്ള ഒരു ആത്മാര്‍ത്ഥശ്രമം മലയാളികളില്‍ നിന്നുണ്ടാകേണ്ടിയിരിക്കുന്നു. നമ്മെ നാമാക്കിയ അമ്മമലയാളത്തിനായി അത്രയെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയില്ലേ?...
ഇനി മലയാളം വായിച്ചിട്ടും പഠിച്ചിട്ടുമൊക്കെ എന്ത് ഗുണം? ബിജോ ജോസ് ചെമ്മാന്ത്ര
Join WhatsApp News
JOMY JOSE 2013-06-11 22:19:13
നല്ല ലേഖനം .ആശംസകൾ
യു.പി.എസ്.സി.  സിവിൽ സർവീസ് പരീക്ഷയിൽ   മലയാളത്തിൽ എഴുതാനും മലയാളത്തിൽ  അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട്  പരീക്ഷ എഴുതുന്ന വ്യക്തിക്ക്  തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം  നടത്താൻ  സാധിക്കുന്നുണ്ടോ ?കേരളത്തിൽ  സർവകലാശാലകളിലും  പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം....
http://malayalatthanima.blogspot.in/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക