Image

പ്രതിപക്ഷ നേതാവായിരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ വി.എസിന്റെ കത്ത്‌

Published on 20 May, 2012
പ്രതിപക്ഷ നേതാവായിരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ വി.എസിന്റെ കത്ത്‌
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ കാണിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‌ കത്തയച്ചു. സിപിഎം സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, സീതാറാം യെച്ചൂരി എന്നിവരുടെ പേരിലാണ്‌ അയച്ചത്‌.

കത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ ചില നേതാക്കള്‍ക്കുള്ള പങ്ക്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പാര്‍ട്ടി വലതുപക്ഷവത്‌ക്കരണത്തിലേക്ക്‌ പോകുകയാണെന്നും അണികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ കാര്യക്ഷമമായ നടപടികള്‍ നേതൃത്വം സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. നയപരമായ കാര്യങ്ങള്‍ പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കുണ്ട്‌ എന്ന കാര്യം മറക്കരുതെന്നും കൊലപാതകരാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്ന കത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വം തന്നെ സംഘടനാ കാര്യങ്ങള്‍ അറിയിക്കാറില്ലെന്നും വി.എസ്‌ ആക്ഷേപിച്ചു.

കത്ത്‌ ലഭിച്ച കാര്യം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചതായി ചില ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെങ്കിലും നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്‌ ശേഷം മാത്രമേ ഇക്കാര്യം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്ന നിലപാടാണ്‌ കേന്ദ്രനേതൃത്വം കൈക്കൊണ്ടിട്ടുള്ളത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അറിയാത്ത കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എസിന്റെ കത്തിനെ കുറിച്ച് അറിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു.

ചന്ദ്രശേഖരന്‍  വധത്തില്‍ കോണ്‍ഗ്രസിനെതിരെ പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനയച്ച കത്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നം എന്നതിനപ്പുറം വി.എസിന്റെ കത്തിന് പൊതു പ്രാധാന്യമുണ്ട്. പ്രതികളെ സംരക്ഷിക്കാനുള്ള സി.പി.എം ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. എന്നാല്‍ സി.പി.എമ്മിന്റെ വെല്ലുവിളികള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയതിലൂടെ വി.എസിന്റെ നിസ്സാഹായവസ്ഥയാണ് വ്യക്തമാകുന്നതെന്ന് മന്ത്രി കെ.എം മാണി കോട്ടയം പ്രസ് ക്ളബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.എസ് ഭീരുവാകാതെ സി.പി.എം ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുവന്ന് സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടിയെ നയിക്കാന്‍ പിണറായിക്ക് കഴിയില്ലെന്ന് ബോധ്യമായതോടെ വി.എ.സിനെപ്പോലെ ആയിരക്കണക്കിന് ആള്‍ക്കാര്‍ പുറത്തേക്ക് പോകാന്‍ തയാറാകുകയാണെന്നും മാണി ചൂണ്ടിക്കാട്ടി.

വി.എസിന്റേത് ധീരമായ നിലപാടാണെന്നും ഇത് അക്രമരാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ സഹായിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. എന്നാല്‍ വി.എസ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക