Image

'ലോക്കര്‍ബി' പ്രതി മെഗ്രാഹി മരിച്ചു

Published on 20 May, 2012
'ലോക്കര്‍ബി' പ്രതി മെഗ്രാഹി മരിച്ചു
ട്രിപ്പോളി : കുപ്രസിദ്ധമായ ലോക്കര്‍ബി വിമാനസ്‌ഫോടനക്കേസിലെ ലിബിയക്കാരനായ പ്രതി അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) മരിച്ചു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്നു.

270 പേരുടെ ജീവനെടുത്ത ലോക്കര്‍ബി സ്‌ഫോടനക്കേസില്‍ ബ്രിട്ടനിലെ സ്‌കോട്ട്‌ലന്‍ഡില്‍ 23 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മെഗ്രാഹിയെ അസുഖബാധിതനായതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. 2001ല്‍ ശിക്ഷിക്കപ്പെട്ട മെഗ്രാഹിയെ 2009 ആഗസ്ത് 20ന് സ്‌കോട്ടിഷ് ജയിലില്‍ നിന്ന് ലിബിയയ്ക്ക് വിട്ടുകൊടുക്കുമ്പോള്‍ മൂന്ന് മാസത്തെ ആയുസ്സ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. 

ലിബിയയില്‍ തിരിച്ചെത്തിയ മെഗ്രാഹിക്ക് വന്‍ സ്വീകരണമാണ് ഭരണത്തലവനായിരുന്ന മു അമര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നല്‍കിയത്. തലസ്ഥാന നഗരിയില്‍ അത്യാഡംബര വീട്ടില്‍ താമസിപ്പിച്ച മെഗ്രാഹിക്ക് എല്ലാ സൗകര്യങ്ങളും ഗദ്ദാഫി ഭരണകൂടം നല്‍കിയിരുന്നു. 

അമേരിക്കയുടെ പാനാം 103 എന്ന വിമാനം 1988 ഡിസംബറില്‍ ന്യൂയോര്‍ക്കിലേക്ക് പറക്കുന്നതിനിടെയാണ് സ്‌കോട്‌ലന്‍ഡിലെ ലോക്കര്‍ബിക്കു മുകളില്‍ സ്‌ഫോടനത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ 189 പേര്‍ അമേരിക്കക്കാരായിരുന്നു. ലിബിയന്‍ നഗരങ്ങളില്‍ 1986ല്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പ്രതികാരമായി ഗദ്ദാഫിയാണ് ലോക്കര്‍ബി പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ആരോപണം. പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദം ഏറെക്കാലം ചെറുത്തശേഷമാണ് മെഗ്രാഹിയെ വിചാരണയ്ക്കായി വിട്ടുകൊടുക്കാന്‍ ഗദ്ദാഫി തയ്യാറായത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വന്‍ നഷ്ടപരിഹാരം നല്‍കാനും തയ്യാറായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക