Image

കൊന്നിട്ടും അയാളെ ആഘോഷമാക്കുന്നവര്‍! മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും

Published on 19 May, 2012
കൊന്നിട്ടും അയാളെ ആഘോഷമാക്കുന്നവര്‍! മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും
See in special:
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സഖാക്കള്‍ക്ക്;
രമക്ക് അഴീക്കോടന്റെ വിധവയുടെ മറുപടി

ഒരു കൊലപാതകം രാഷ്‌ട്രീയ ആഘോഷമാകുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കേരളീയ സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്‌. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്നവരെ അനുദിനം അറസ്റ്റ്‌ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനൊപ്പം തന്നെ ചന്ദ്രശേഖരന്‍ വധത്തെചൊല്ലിയുള്ള രാഷ്‌ട്രീയ മുതലെടുപ്പും തകൃതിയായി നടക്കുന്നതാണ്‌ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന മറ്റൊന്ന്‌. രാഷ്‌ട്രീയക്കാര്‍ക്കൊപ്പം തന്നെ കേരളത്തിലെ ചാനല്‍ മാധ്യമങ്ങളും മനോനില തെറ്റിയതുപോലെ പെരുമാറുന്നതും ജനങ്ങള്‍ കാണുന്നുണ്ടാവും. ചുരുക്കത്തില്‍ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും ഒരുപോലെ ചന്ദ്രശേഖരന്‍ എന്ന ധീരനായ സഖാവിനെ വീണ്ടും വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്‌ മാരകമായ ആയുധങ്ങള്‍കൊണ്ടുള്ള 54 വെട്ടുകളേറ്റ ചന്ദ്രശേഖരന്റെ മുഖത്തേക്കാള്‍ ഭീകരമായി തോന്നുന്നു. കൊലപാതകത്തിന്‌ പിന്നിലെ വാര്‍ത്തകളിലേക്ക്‌ പോകാതെ ഈ വിഷയത്തെ തിരഞ്ഞെടുപ്പ്‌ തന്ത്രമാക്കി മാറ്റിയ പാര്‍ട്ടികളുടെ ചര്‍ച്ചകള്‍ക്ക്‌ വേദിയൊരുക്കുന്നതിനാലാണ്‌ ഇവിടെ ചാനല്‍ മാധ്യമങ്ങളും വിമര്‍ശിക്കപ്പെടുന്നത്‌.

എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, ബി.ജെ.പി എന്നിവര്‍ നെയ്യാറ്റികര ലക്ഷ്യം വെച്ച്‌ രാഷ്‌ട്രീയ കൊയ്‌ത്ത്‌ നടത്തുമ്പോള്‍ ചാനലുകള്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ മാനുഷിക വശങ്ങളെക്കുറിച്ച്‌ ഏതാണ്ട്‌ മറന്നു കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ആര്‍.എം.പി നേതാക്കളുടെ പത്രസമ്മേളനം ചാനലുകളില്‍ വലിയ ചര്‍ച്ചയാകാതെ താഴേക്ക്‌ നിന്നത്‌. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം ഏറ്റവും ശ്രദ്ധയമായി മാധ്യമങ്ങള്‍ ഉയര്‍ത്തികാണിക്കേണ്ടിയിരുന്നത്‌ അന്വേഷണത്തെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫും യു.ഡിഎഫിലെ ചില കേന്ദ്രങ്ങളും പോലീസും ചേര്‍ന്ന്‌ ശ്രമിക്കുന്നു എന്ന ഇടതുപക്ഷ ഏകോപന സമതിയുടെ വാര്‍ത്താ സമ്മേളനം തന്നെയായിരുന്നു. എന്നാലും അതിനു പകരം പിണറായിയുടെ വെല്ലുവിളിയും, തിരുവഞ്ചൂരിന്റെ മറുപടിയും വാര്‍ത്താ ക്രമത്തില്‍ ആദ്യസ്ഥാനങ്ങള്‍ നേടുന്നു. ആര്‍.എം.പിയുടെ ആരോപണങ്ങള്‍ താഴേക്ക്‌ തള്ളപ്പെടുന്നു.

ഇടതുപക്ഷ ഏകോപന സമതിയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ച്‌ വീണ്ടും കോണ്‍ഗ്രസിനും സിപിഎമ്മിനും ബി.ജെ.പിക്കും ചര്‍ച്ചകള്‍ക്കായി ചാനല്‍ ഫ്‌ളോറുകള്‍ ഒരുക്കപ്പെടുമ്പോള്‍ ഒരുപക്ഷ തമസ്‌കരിക്കപ്പെട്ടത്‌ ഇടതുപക്ഷ ഏകോപന സമതിയുടെ പുതിയ ആരോപണങ്ങള്‍ക്ക്‌ പിന്നിലെ കാരണങ്ങളാണ്‌. അതിന്റെ വസ്‌തുതകള്‍ അന്വേഷിക്കാന്‍ ഇനിയെങ്കിലും മാധ്യമങ്ങള്‍ ശ്രമിക്കുമെന്ന്‌ കരുതാം.

ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപെടുത്തിയതില്‍ പ്രധാനി എന്നു കരുതുന്ന കൊടിസുനി എന്ന ഗുണ്ട സി.പി.എം പ്രവര്‍ത്തകനാണ്‌ എന്ന വിവരം പുറത്തുകൊണ്ടുവന്നതൊഴിച്ചാല്‍ ഈ കേസില്‍ മാധ്യമങ്ങള്‍ തങ്ങളുടേതായ ഇടപെടുലുകള്‍ നടത്തിയത്‌ വളരെ ചുരുക്കം തന്നെ. മറിച്ച്‌ ഇടതു വലതു രാഷ്‌ട്രീയക്കാരുടെ പ്രസ്‌താവനകള്‍ പെരുപ്പിച്ചു കാട്ടി സമയം ചിലവഴിക്കുക തന്നെയാണ്‌ ചാനലുകള്‍ എന്നു പറയേണ്ടി വരും.

എന്തുകൊണ്ട്‌ ആര്‍.എം.പി നേതാക്കള്‍ പുതിയ ആരോപണങ്ങളുമായി രംഗത്തു വന്നു എന്നത്‌ ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയടക്കം ആര്‍.എം.പി പ്രവര്‍ത്തകരും ഇടതുപക്ഷ ഏകോപന സമതിയുമൊക്കെ കഴിഞ്ഞ രണ്ടാഴ്‌ചക്കാലമായി നീണ്ടുവന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്‌തി പ്രകടിപ്പിച്ചിരുന്നു. രമ തന്ന ചാനലുകള്‍ക്ക്‌ മുമ്പിലെത്തിയപ്പോള്‍ പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്‌തിയെന്ന്‌ പറയുകയുമുണ്ടായി.

എന്നാല്‍ പൊടുന്നനെയാണ്‌ ആര്‍.എം.പി നേതാക്കള്‍ പുതിയ ആരോപണങ്ങളുമായി രംഗത്തു വരുന്നത്‌. ഇതിനു കാരണം അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നും, ഇപ്പോഴുള്ള പ്രഹസനങ്ങള്‍ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ്‌ ലക്ഷ്യം വെച്ചുള്ളതാണെന്നും ആര്‍.എം.പി കേന്ദ്രങ്ങള്‍ക്ക വ്യക്തമായ സൂചന കിട്ടിയിട്ടുള്ളതുകൊണ്ടാണ്‌ എന്നുറപ്പ്‌. കാരണം ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ സത്യസന്ധത പുറത്തു വരണമെന്ന്‌ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്‌ നിഷ്‌പക്ഷരായ കേരള ജനതയും ചന്ദ്രശേഖരന്‍ വളര്‍ത്തിയെടുത്ത ആര്‍എംപിയും പിന്നെ ചന്ദ്രശേഖരന്റെ കുടുംബവുമാണ്‌.

അതുകൊണ്ടു തന്നെ ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഏറ്റവും ശ്രദ്ധേയമാകേണ്ടതും ആര്‍.എം.പിയുടെ പുതിയ ആരോപണങ്ങള്‍ തന്നെ. പ്രവര്‍ത്തരുടെയും ബലം മാത്രമുള്ള സംഘടനയാണ്‌ ആര്‍.എം.പി എന്ന്‌ ഏവര്‍ക്കുമറിയാം. കേരളത്തില്‍ പടര്‍ന്നു പന്തലിച്ച രാഷ്‌ട്രീയ സംവിധാനമോ, ഭരണ കേന്ദ്രങ്ങളിലെ പിടിപാടുകളോ ആ പാര്‍ട്ടിക്കില്ല. എന്നിട്ടും അവര്‍ തങ്ങളുടെ പ്രീയ സഖാവിന്‌ വേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോള്‍ അവരെ കേരളീയ സമൂഹം അവിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല.

ഇടതുപക്ഷ ഏകോപന സമതി ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തില്‍ ഡി.ജി.പി അന്വേഷണം അട്ടിമറിക്കുന്നു എന്നാണ്‌ പ്രധാനമായും എടുത്തു പറഞ്ഞിരിക്കുന്നത്‌. എറണാകുളത്തു നിന്നുള്ള ഒരു കേന്ദ്രമന്ത്രിയും ഒരു മറ്റൊരു കോണ്‍ഗ്രസ്‌ നേതാവും സി.പി.എമ്മിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഇടതു വലതു സംവിധാനങ്ങള്‍ക്കിടയിലുള്ള രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ ഇവിടെ വ്യക്തമാണ്‌. പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയിലുള്ള രഹസ്യധാരണകളെക്കുറിച്ച്‌ ഏവര്‍ക്കും ബോധ്യമുള്ളതുമാണ്‌. ഇത്തരത്തിലുള്ള അട്ടിമറി ശ്രമങ്ങള്‍ ചന്ദ്രശേഖരന്‍ കൊലപാതകത്തിലും നടന്നിട്ടുണ്ടോ എന്നാണ്‌ സ്വഭാവികമായും ആര്‍.എം.പി സംശയിക്കുന്നത്‌.

കൊലപാതകം നടന്ന്‌ രണ്ടാഴ്‌ച പിന്നിട്ടിട്ടും ക്രൈംമില്‍ നേരിട്ട്‌ പങ്കെടുത്ത ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല എന്നത്‌ സംശയത്തിനിടയാക്കാം. വെറും പ്രാദേശിക തലത്തിലുള്ള ആളുകളെ മാത്രമാണ്‌ ഇതുവരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌. ഇത്രയും ഭീകരമായ കൊലപാതകം വെറും സാധാരണക്കാരായ ചിലര്‍ ആസൂത്രണം ചെയ്‌തു എന്നത്‌ വിശ്വാസയോഗ്യവുമല്ല. ചന്ദ്രശേഖരന്റേത്‌ ഉന്നത രാഷ്‌ട്രീയഗൂഡോലോചന നടന്നിട്ടുള്ള രാഷ്‌ട്രീയ കൊലപാതകം തന്നെയെന്ന്‌ ഉറച്ചു വിശ്വസിക്കേണ്ടി വരുന്നത്‌ ഇതുകൊണ്ടാണ്‌. എന്നാല്‍ ഇത്‌ ഒരു രാഷ്‌ട്രീയ കൊലപാതകമല്ല എന്ന്‌ ഡി.ജി.പി പറയുമ്പോള്‍ സ്വാഭാവികമായും പോലീസിന്റെ ഉദ്ദേശ ശുദ്ധിയും സംശയിക്കപ്പെടും. ഇതുവരെ പലരെയും അറസ്റ്റു ചെയ്‌തിട്ടും അനങ്ങാതിരുന്ന സിപിഎം ഒരു ഓഫീസ്‌ സെക്രട്ടറിയെ അറസ്റ്റു ചെയ്‌തപ്പോള്‍ ക്ഷുഭിതരാകുകയും അയാളെ വിട്ടുകിട്ടുന്നതിനായി സമരം ചെയ്യുകയും ചെയ്‌തപ്പോള്‍ അറസ്റ്റ്‌ ചെയ്‌തയാളെ ന്യായങ്ങള്‍ പറഞ്ഞ്‌ വിട്ടുകൊടുക്കുകയാണ്‌ പോലീസ്‌ ചെയ്‌തത്‌ എന്ന ആരോപണവും ശക്തമായി നില്‍ക്കുന്നു.

ഇതുപോലെ രമേശ്‌ ചെന്നിത്തല വടകരയില്‍ നടത്തിയ ഉപവാസവും യു.ഡി.എഫിന്റെ രാഷ്‌ട്രീയ മുതലെടുപ്പ്‌ എന്ന തന്ത്രത്തിന്‌ ആക്കം കൂട്ടുന്നത്‌ തന്നെയായിരുന്നു. വടകര ഉപവാസ വേദി മുതല്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ നടത്തുന്ന വാക്‌പോര്‌ ഇലക്ഷന്‍ ലക്ഷ്യം വെച്ചു മാത്രമുള്ളതാണ്‌. പരല്‍മീനുകള്‍ മാത്രം കുടുങ്ങിയെന്നും ഇനിയും സ്രാവുകളുണ്ടെന്നും പറയുന്നത്‌ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി. ഇതിനെ കേരള ആഭ്യന്തര മന്ത്രി തിരുത്തുന്നു. അപ്പോള്‍ ഭരണകൂടം തന്നെ രണ്ടു തട്ടിലാകുന്നു. ഇങ്ങനെയുള്ള നാടകങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതാണ്‌ ഇപ്പോള്‍ കേരളത്തിലെ മുന്നണി രാഷ്‌ട്രീയം.

ലിഗ്‌ പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധിക്കപ്പെട്ടപ്പോള്‍ പോലും കാണാതിരുന്ന വൈകാരിക പ്രകടനങ്ങള്‍ എന്തിനാണ്‌ ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ കാണിക്കുന്നത്‌ എന്ന ചോദ്യങ്ങള്‍ ഉയരുന്നത്‌ ഇവിടെയാണ്‌. അഞ്ചാം മന്ത്രിസ്ഥാനം യു.ഡി.എഫിന്‌ നല്‍കിയ നാണക്കേട്‌ അല്‌പമൊന്നുമായിരുന്നില്ല. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം കാലുമാറിയവന്റെ ആര്‍ത്തി മാത്രമായിട്ടാണ്‌ ജനങ്ങള്‍ ആദ്യം കണ്ടിരുന്നത്‌. എന്നാല്‍ സെല്‍വരാജ്‌ വരുത്തിയ കറ ചന്ദ്രശേഖരന്റെ രക്തം കൊണ്ട്‌ കഴുകിയിരിക്കുന്നു. ചന്ദ്രശേഖരന്റെ കൊലപാതകം സെല്‍വരാജിന്റെ കാലുമാറ്റത്തിന്‌ ഒരു നീതികരണം നല്‍കുന്നുവെന്ന്‌ യു.ഡി.എഫ്‌ പ്രചരിപ്പിക്കുന്നു. അഞ്ചാം മന്ത്രിയും ജാതീ പ്രീണനവുമെല്ലാം ജനങ്ങള്‍ മറന്നുപോകുകയും ചെയ്‌തിരിക്കുന്നു. എല്ലാത്തിനും സാക്ഷികളാകേണ്ടി വരുന്ന ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്ക്‌ പറയാനുള്ളത്‌ തുറന്നു പറയുമ്പോള്‍ അതെല്ലാം പിണറായിയുടെയും ഉമ്മന്‍ചാണ്ടിയുടെയുടെയും പി.സി ജോര്‍ജ്ജിന്റെയുമൊക്കെ വാക്‌പോരിന്‌ മുമ്പില്‍ ശ്രദ്ധ കിട്ടാതെ തമസ്‌കരിക്കപ്പെടുന്നു.

ഇവിടെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ, ഒരു സാധാരണക്കാരന്റെ മരണം യഥാര്‍ഥത്തില്‍ ആഘോഷിക്കപ്പെടുക മാത്രമല്ല ഉപയോഗിക്കപ്പെടുക കൂടിയാണ്‌ ചെയ്യുന്നത്‌. രാഷ്‌ട്രീയ ലാഭത്തിനുള്ള ഉപകരണമായി ഒരുവന്റെ ഓര്‍മ്മകള്‍ വലിച്ചിഴയ്‌ക്കപ്പെടുന്നു. ഇതിനെല്ലാം കേരളീയ സമൂഹം മാപ്പു നല്‍കില്ല എന്നു മാത്രം ഓര്‍മ്മപ്പെടുത്താം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക