Image

ഫൊക്കാന മതസൗഹാര്‍ദ്ദ സെമിനാര്‍ - ടി.എസ്. ചാക്കോ ചെയര്‍മാന്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 20 May, 2012
ഫൊക്കാന മതസൗഹാര്‍ദ്ദ സെമിനാര്‍ - ടി.എസ്. ചാക്കോ ചെയര്‍മാന്‍
ന്യൂയോര്‍ക്ക്: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഉറവിടം തേടിപ്പോയാല്‍ നമുക്കു കാണാന്‍ കഴിയുന്നത് രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു കൂട്ടം ജനങ്ങളേയാണ്. ശരിയായ പ്രപഞ്ചവീക്ഷണവും ദൈവബോധവുമുള്ള ഒരു ജനസമൂഹത്തിനുമാത്രമേ നന്മ നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണാനും സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വ്വഹിക്കുവാനും കഴിയൂ.

ഒരു ആദര്‍ശ സംഘടനയെന്ന നിലയില്‍ അമേരിക്കന്‍ മലയാളികളോടുള്ള പ്രതിബദ്ധത നിറവേറ്റി ദൗത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥത പ്രകടിപ്പിച്ച് പ്രതാപത്തോടും ആത്മാഭിമാനത്തോടും കൂടി ജാതിമതഭേദമന്യേ എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടുപോകുന്ന ഫൊക്കാന, എല്ലാ കണ്‍വന്‍ഷനുകളിലും 'മതസൗഹാര്‍ദ്ദ സെമിനാറി'ന് എപ്പോഴും മുന്‍തൂക്കം കൊടുക്കാറുണ്ട്. ക്രൈസ്തവ-ഹൈന്ദവ-ഇസ്ലാം മത പണ്ഡിതരും സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കുന്ന ഈ സെമിനാര്‍ ഏറെ ശ്രദ്ധേയവും ചര്‍ച്ചാ വിഷയവുമായിട്ടുള്ളതാണ്.

ഈ വര്‍ഷവും ഹൂസ്റ്റണില്‍ നടക്കുന്ന പതിഞ്ചാമത് ദേശീയ കണ്‍വന്‍ഷനില്‍ മതസൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തുന്ന സെമിനാറില്‍ പ്രഗത്ഭരായ അനേകം വ്യക്തികള്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ ടി.എസ്. ചാക്കോ അറിയിച്ചു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തീവ്രവാദവും ഭീകരവാദവും ഉന്മൂലനം ചെയ്യുവാന്‍ മതസഹിഷ്ണുത അനിവാര്യമാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന ചര്‍ച്ചകളും ഈ സെമിനാറില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ രണ്ടാം തിയ്യതി രാവിലെ 11 മണിക്കാണ് ഈ സെമിനാര്‍ നടക്കുക.

സെമിനാറില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ജാതിമതസംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതര സംഘടനകള്‍ക്കും ഇത്തരം ജനകീയ പ്രശ്‌നങ്ങളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നുള്ള ചര്‍ച്ചയും നടക്കുന്നതായിരിക്കും. എല്ലാവരും കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് ടി.എസ്. ചാക്കോ അഭ്യര്‍ത്ഥിച്ചു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ കഴിവുള്ള ഏതെങ്കിലും വ്യക്തികളോ നേതാക്കളോ ഉണ്ടെങ്കില്‍ ടി.എസ്. ചാക്കോയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 201 262 5979. ഇ-മെയില്‍:  chackots1@gmail.com
ഫൊക്കാന മതസൗഹാര്‍ദ്ദ സെമിനാര്‍ - ടി.എസ്. ചാക്കോ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക