Image

പരിഷ്‌കരണ ആഹ്വാനം അവഗണിച്ചത്‌ അറബ്‌ ലോകത്തിന്‍െറ ചരിത്രഗതി മാറ്റി: അമീര്‍

Published on 21 May, 2012
പരിഷ്‌കരണ ആഹ്വാനം അവഗണിച്ചത്‌ അറബ്‌ ലോകത്തിന്‍െറ ചരിത്രഗതി മാറ്റി: അമീര്‍
ദോഹ: പരിഷ്‌കരണത്തിനുള്ള ആഹ്വാനം തള്ളിയതാണ്‌ അറബ്‌ മേഖലയുടെ ചരിത്ര ഗതിയെ മാറ്റിയതെന്ന്‌ ഖത്തര്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനി. പന്ത്രണ്ടാമത്‌ ദോഹ ഫോറവും പശ്ചിമേഷ്യന്‍ സാമ്പത്തിക സമ്മേളനവും ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന്‌ അറബ്‌ ലോകത്തും പുറത്തും നടക്കുന്ന മിക്ക സംഭവ വികാസങ്ങളും ഇതിനകം തന്നെ ഫോറത്തില്‍ ചര്‍ച്ചാ വിഷയമായവയാണ്‌. ഉദാഹരണത്തിന്‌ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്ന്‌ 2004ല്‍ നടന്ന നാലാമത്‌ ഫോറം ആഹ്വാനം ചെയ്‌തിരുന്നു. അന്ന്‌ ആ വാക്കുകള്‍ ബധിര കര്‍ണങ്ങളില്‍ പതിച്ചില്ലായിരുന്നെങ്കില്‍ അറബ്‌ മേഖലയുടെ കഴിഞ്ഞ എതാനും വര്‍ഷങ്ങളിലെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പൂര്‍ണ സങ്കുചിതത്വവും അപ്രായോഗികമായ നയങ്ങളും കാരണമുണ്ടായ ജനരോഷമാണ്‌ മേഖലയിലെ സ്വാതന്ത്യ പ്രക്ഷോഭങ്ങള്‍ക്ക്‌ വഴിയൊരുക്കിയത്‌. ഇത്തരം സൂചനകള്‍ തീര്‍ത്തും അവഗണിച്ച ചിലര്‍, അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കിയ വിപ്‌ളവങ്ങളുണ്ടായപ്പോള്‍ ആശ്ചര്യപ്പെട്ടു.

ചില അറബ്‌ പ്രക്ഷോഭങ്ങള്‍ വിജയിച്ചിരിക്കുന്നു. ചിലത്‌ വിജയത്തിന്‍െറ പാതയിലാണ്‌. എന്നാല്‍ ഇതോടൊപ്പം നിരപരാധികളുടെ വിലപ്പെട്ട രക്തമൊഴുകുന്നത്‌ ഏറെ വേദനാജനകമാണ്‌. ചില ഭരണകൂടങ്ങള്‍ ഇപ്പോഴും പെട്ടെന്നുള്ള ഭരണ പരിഷ്‌കാരങ്ങള്‍ക്ക്‌ നേരെ മുഖംതിരിച്ച്‌ നില്‍ക്കുന്നതിനാല്‍ അത്തരം രാജ്യങ്ങളില്‍ ഇപ്പോഴും രക്തമൊഴുകുകയാണ്‌. സ്വാതന്ത്ര്യവും അന്തസും സംരക്ഷിക്കുന്നതിനായി അറബ്‌ ജനത രംഗത്തിറങ്ങിയതായി അമീര്‍ ചൂണ്ടിക്കാട്ടി.
അറബ്‌ രാജ്യങ്ങളുടെയും പൗരന്‍മാരുടെയും സ്വാതന്ത്യമാണ്‌ പൊതുജനം ആവശ്യപ്പെടുന്നത്‌. ഫലസ്‌തീനാണ്‌ അറബ്‌ ലോകത്തെ സ്വാതന്ത്യം നിഷേധിക്കപ്പെട്ട അവസാനത്തെ രാജ്യം. ഈ വിഷയം പരിഹരിക്കപ്പെടാത്ത രാജ്യാന്തര അജണ്ടയായി ഇനിയും വിട്ടേക്കുന്നത്‌ വലിയ തെറ്റാണ്‌. ഇനിയൊരിക്കലും അറബ്‌ ജനത അതിന്‌ അനുവദിക്കില്ല.

അനീതിയും അധിനിവേശവും അറബ്‌ ജനത ഒരിക്കലും അംഗീകരിക്കില്ല. തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ സമാധാനം പുനഃസ്ഥാപിക്കുന്നതിന്‌ ഇസ്രായേല്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്‌ ഹമദ്‌ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കണ്‍ട്രോള്‍ ആന്‍റ്‌ ട്രാന്‍സ്‌പരന്‍സി അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഹമദ്‌ അല്‍ അതിയ്യ എന്നിവരും ഭരണ രംഗത്തെ പ്രമുഖരും ഫോറത്തിന്‍െറ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശ്രീലങ്കന്‍ പ്രസിഡന്‍റ്‌ മഹീന്ദ്ര രാജപക്‌സെ, സെനഗല്‍ മുന്‍ പ്രസിഡന്‍റും ലാ ഫ്രാങ്കോഫോണി എന്ന രാജ്യാന്തര സംഘടനയുടെ സെക്രട്ടറി ജനറലുമായ അബ്ദു ദിയൂഫ്‌ എന്നിവര്‍ ഉദ്‌ഘടന സമ്മേളനത്തില്‍ മുഖ്യാതിഥികളായിരുന്നു. 84 രാജ്യങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച്‌ 660ലേറെ പേരാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക