Image

അറിയപ്പെടാത്ത ആരാധകന്‍ (മീനു എലിസബത്ത്‌ )

Published on 21 May, 2012
അറിയപ്പെടാത്ത ആരാധകന്‍ (മീനു എലിസബത്ത്‌ )
ചില പാട്ടുകള്‍ കാതുകളിലൂടെ ഹൃദയത്തിലേക്ക്‌ ഒഴുകിയെത്തുമ്പോള്‍ ഒപ്പം അപ്പനുമെത്തും. അപ്പന്റെ ഗന്ധവും ചലനങ്ങളുമെല്ലാം ആ പാട്ടിലുണ്ടാവും. കാലങ്ങളുടെ പിന്നാമ്പുറത്തേക്ക്‌, അപ്പന്റെ വിരല്‍ത്തുമ്പില്‍പ്പിടിച്ച്‌ നടന്ന വഴികളിലേക്ക്‌ പാട്ടുകള്‍ക്കൊപ്പം ഓര്‍മകള്‍ സഞ്ചരിക്കും. അപ്പനും എനിക്കുമിടയില്‍ സംഗീതവും താളവും എപ്പോഴുമുണ്ടായിരിക്കും. അപ്പനിലൂടെ അറിഞ്ഞ സംഗീതവും ആദ്യത്തെ റോഡിയോയും ഒരേ ആവേശത്തില്‍ ഓര്‍മകളുടെ ജാലകം തുറക്കുകയാണ്‌ ഇപ്പോള്‍.

എഴുപതുകളുടെ ആദ്യം ഞങ്ങള്‍ താമസിച്ചിരുന്നത്‌ ചങ്ങനാശേരിയില്‍ പെരുന്ന എന്ന സ്ഥലത്തായിരുന്നു. ഒരു നായര്‍ കുടുംബത്തിന്റെ വക വാടകവീടായിരുന്നു അത്‌. വെള്ളപൂശിയ നരച്ച മതില്‍, ഗേറ്റിനോട്‌ ചേരുന്ന രണ്ടിടങ്ങളും പൊക്കം കുറഞ്ഞ്‌ ഒട്ടൊന്നു വളഞ്ഞായിരുന്നു മതില്‍. ഗേറ്റിനു രണ്ടു വശത്തായി രണ്ടു സിംഹങ്ങളും, അതിനു പുറകിലായ്‌ ഒരു ചെറിയ മാവും. എനിക്ക്‌ കയറാന്‍ പാകത്തിന്‌ അതിന്റെ ഒരു കവരം നിലത്തു മുട്ടിയാണ്‌ നില്‍പ്പ്‌. എന്റെ സ്ഥിരം കളിസ്ഥലം ആണ്‌ ആ മാഞ്ചുവട്‌.

എനിക്ക്‌ താഴെയായി ഇളയ കുട്ടി ഉള്ളതിനാല്‍ അമ്മയ്‌ക്ക്‌ എപ്പോഴും എന്നെ ശ്രദ്ധിക്കാന്‍ പറ്റില്ല. .അന്നത്തെ കാലത്ത്‌ ഇരുപത്തിനാല്‌ മണിക്കൂറും ആര്‌ കുട്ടികളെ ശ്രദ്ധിക്കുന്നു. അവധി ദിവസങ്ങളില്‍ ഞാന്‍ മിക്കവാറും പറമ്പിലും അയല്‍പക്കത്തും ആയി കറങ്ങി നടക്കും. കൂട്ടുകാരുമായി തോട്ടുവക്കത്ത്‌ പോയി വരാലിനേം പാര്‍പ്പിനേം കാണും. അവരുമായി കണ്ടത്തിലിറങ്ങി കുഞ്ഞുമീന്‍ പിടിക്കും. ചേറും ചെളിയും ഉടുപ്പില്‍ തേച്ച്‌, കപ്പല്‌ മാങ്ങക്കറയും ചക്കയരക്കും മുഖത്ത്‌ പറ്റിച്ച്‌, കര നിരങ്ങി നടക്കും.

ഒന്നും ചെയ്യാനില്ലങ്കില്‌ഡ ഈ ഗേറ്റിന്റെ അരികില്‍ വന്ന്‌ വഴിയിലോട്ടും നോക്കി ഇരിക്കും. മടുക്കുമ്പോള്‍ ഗേറ്റില്‍ ഞാലും. ഒരു ദിവസം ഗേറ്റില്‍ വലിഞ്ഞു കയറുമ്പോഴാണ്‌ അപ്പന്‍ ഒരു പെട്ടിയും നെഞ്ചോടു ചേര്‍ത്തുവെച്ച്‌ നടന്നു വരുന്നത്‌ കണ്ടത്‌.

`അയ്യോ ഇതെന്നാപ്പാ?.. കളി സാമാനം ഇടുന്ന പെട്ടിയാണോ?` ഞാന്‍ ചോദിച്ചു. എനിക്കാകെ അന്നുള്ള `ടോയ്‌സ്‌` എന്നു പറയുന്നത്‌ ഒരു തടിപ്പാവയും, ഒരു തടിക്കുതിരയും ആണ്‌. പിന്നെ ചില പഴയ കുപ്പി, ബിസ്‌ക്കറ്റ്‌ തകരം, കുട്ടിക്കൂറയുടെ ഒഴിഞ്ഞ ടിന്നുകള്‍. ഇതെല്ലം സദാ സമയവും നിരത്തി ഇടുന്നതിന്‌ അമ്മയാണ്‌ അപ്പനോട്‌ പറഞ്ഞത്‌ ഒരു കളിസാമാനപ്പെട്ടി വാങ്ങിച്ചു കൊടുക്കാന്‍. അടുത്ത പാക്കില്‍ `ചംക്രാന്തി'ക്കാവട്ടെ എന്ന്‌ അപ്പന്‍ സമ്മതിക്കുകയും ചെയ്‌തതാണ്‌.

`അല്ലെടാ..ഇതേ..ഇതാണ്‌ റേഡിയോ!....കൊച്ചു കേട്ടിട്ടില്ലെ? റേഡിയോയിന്ന്‌?
അന്നുവരെ അങ്ങനെ ഒരു സാധനത്തെക്കുറിച്ച്‌ കേട്ട്‌ കാണാന്‍ വഴിയില്‍...ഞാന്‍ കണ്ണ്‌ മിഴിച്ച്‌ അപ്പനെ നോക്കി.

`എടീ. ഇതില്‍ കൂടെയാണ്‌, പാട്ടും, വാര്‍ത്തയും എല്ലാം വരുന്നത്‌...ഇപ്പം കണ്ടോണം...!!!`

അമ്മയുടെ മുഖത്തും സന്തോഷം. അമ്മയ്‌ക്കും പാട്ടുകള്‍ ഇഷ്‌ടമായിരുന്നു. അപ്പന്റെ ഇഷ്‌ടങ്ങള്‍ എല്ലാവരുടെയും സന്തോഷം തന്നെ ആയിരുന്നു.

`എങ്ങനെയാ ഇതേന്ന്‌ പാട്ട്‌ വരുന്നെ...എപ്പളാ പാട്ടു വരുന്നെ ?!.. ആരാ പാട്ടു പാടുന്നെ...' ..എനിക്ക്‌ പാട്ട്‌ കേള്‍ക്കാന്‍ ധൃതിയായി... അന്ന്‌ വരെ ഉള്ള എന്റെ ജീവിതത്തിലെ, വലിയ പാട്ടുകാരന്‍ അപ്പനാണ്‌. പിന്നെ പള്ളീലച്ചനും. അപ്പന്‍ എപ്പോഴും പഴയ മലയാളം, ഹിന്ദി, തമിഴ്‌ പാട്ടുകള്‍ എല്ലാം പാടി നടക്കും. എന്നെ ഉറക്കാനും ചോറൂട്ടാനും എല്ലാം പാട്ടും കഥകളും ഉണ്ടാവും.

വീട്ടിലെ ഓരോ സന്ദര്‍ഭത്തിനനുസരിച്ചും അപ്പന്‍ പാടിയിരിക്കും. അമ്മ ഓഫിസില്‍ പോകാന്‍ സാരി ഞൊറിഞ്ഞുടുക്കുമ്പോള്‍ `പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു... പോകാന്‍ ഒരുങ്ങുകയാണല്ലോ..' എന്ന വരികള്‍ മൂളി അമ്മയെ കെട്ടിപ്പിടിക്കുന്ന അപ്പന്‍...

അമ്മയുടെ മുഖത്ത്‌ നാണവും ചിരിയും. അത്‌ കാണാനായി തന്നെയാവണം അപ്പന്‍ പാടിയിരുന്നത്‌... ഞാനും അപ്പനും കൂടി സന്ധ്യക്ക്‌ എവിടെയെങ്കിലും പോയിട്ട്‌ വരുമ്പോള്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയെ നോക്കി അപ്പന്‍ പാടും.

`താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന മോനി സാറേ?.. പൂമുഖക്കിളി വാതില്‍ അടയ്‌ക്കുകില്ല.. മോനമ്മേ നിന്നെ ഞാന്‍ ഉറക്കുകില്ലാ!!.....' അമ്മ നാണിച്ചു അടുക്കളയിലോട്ട്‌ പോകും. അപ്പന്‍ പുറകെയും.

`പഞ്ചാര പാല്‌ മുട്ടായി...പുഞ്ചിിരി പഞ്ചാര പാല്‌ മുട്ടായി..` ആര്‍ക്കു തരും ആര്‍ക്കു തരും ആര്‍ക്കു തരും..ഒഹ്‌ഹ്‌ഹ പഞ്ചാര പാല്‌ മുട്ടായി.. യാത്ര പോയി വരുമ്പോള്‍ കൊണ്ടുവരുന്ന മിട്ടായി തരുന്നതിനു മുന്‍പ്‌ അപ്പന്‍ എന്നെ കോരിയെടുത്തു പാടും.. `എനിക്കൊരുമ്മാ എനിക്കൊരുമ്മാ` എന്ന്‌്‌ പറയുമ്പോള്‍ കൃത്യമായി അപ്പന്‌ രണ്ടു കവിളിലും ഉമ്മ കിട്ടിയിരിക്കണം. അതാണതിന്റെ ഒരു രീതി.

മന്നാഡെയുടെയും ജെയം രാജയുടെയും സ്വരം അനുകരിക്കാന്‍ അപ്പന്‌ പ്രത്യേക വിരുതായിരുന്നു...

അപ്പന്‍ റേഡിയോ സ്വീകരണ മുറിയിലെ ചെറിയ മേശപ്പുറത്തു വെച്ച്‌ പ്ലഗ്‌ കുത്തി. അങ്ങോട്ടും ഇ ങ്ങോട്ടുമെല്ലാം എന്തെല്ലാമോ തിരിച്ചു, മറിച്ചു. ആദ്യം കുറെ പൊട്ടലും ചീറ്റലും. ഞാന്‍ കാതു കൂര്‍പ്പിച്ചു പിടിച്ചു നില്‍ക്കുകയാണ്‌. അങ്ങനെ, പല തിരിമറികള്‍ നടത്തി. അവസാനം. ...മലയാളം മധുരമായി ഒഴുകുവാന്‍ തുടങ്ങി.... എല്ലാവരും സോഫയില്‍ ഇരുന്നു. ഞാന്‍ അപ്പന്റെ മടിയിലായി ഇരുപ്പുറപ്പിച്ചു. അതാ ഒഴുകി എത്തുന്നു അപ്പന്റെ എപ്പോഴത്തെയും പ്രിയപെട്ട പാട്ട്‌...

`ദേവീ..ശ്രീദേവീ...തേടി വരുന്നു ഞാന്‍......നിന്‍ ദേവാലയ വാതില്‍...... തേടി വരുന്നു ഞാന്‍...' ആ പാട്ട്‌ മുഴുവന്‍ കേട്ട്‌ ഞാന്‍ അപ്പന്റെ നെഞ്ചില്‍ ചാരിക്കിടന്നു. ഞങ്ങളുടെ വീട്ടില്‍ ആദ്യമായി റേഡിയോ പാടിയ ആ പാട്ട്‌ `ദേവി ശ്രീദേവി'യായിരുന്നു....

പാട്ട്‌ കഴിഞ്ഞപ്പോള്‍... അപ്പന്‍ എന്നോട്‌ ചോദിച്ചു..`മോളെ ഇതാരാ ഈ പാടുന്നത്‌ അറിയാമോ?`

`ഞാന്‍ അപ്പന്റെ മുഖത്തു നോക്കി ചിരിച്ചു..` എനിക്കറിയാല്ലോ, അപ്പയല്ലെ..'
അപ്പന്‍ പൊട്ടിച്ചിരിച്ചു എന്നെ പൊക്കിയെടുത്ത്‌ നിലത്തു നിര്‍ത്തി.

`ഉയ്യോ, കൊച്ചേ അത്‌ നമ്മടെ കൊയിത്തറയിലെ, ഔസേപ്പച്ചന്റെ, കൊച്ചു മോളെ കെട്ടിയേക്കുന്ന ആളാ അത്‌. യേശുദാസ്‌!!!! വലിയ പാട്ടുകാരനല്ലെ.... അപ്പ പാടുന്ന മിക്കപാട്ടുകളുംപാടിയേക്കുന്നതീയേശുദാസല്ലെ..കച്ചേരിക്കൊക്കെ നന്നായി പാടും.. ഒന്ന്‌ കേള്‍ക്കെണ്ടിയത്‌ തന്നെയാ.. പാട്ടൊക്കെ പഠിച്ച ആളാ അദ്ദേഹം.`

എനിക്കത്‌ ഒരു പുതിയ അറിവായിരുന്നു. എനിക്കറിയാവുന്ന ഏറ്റവും വലിയ പാട്ടുകാരന്‍ ആ ദിവസം വരെ അപ്പനായിരുന്നു. ഇന്നിപ്പോള്‍ അപ്പന്‍ ആരാധിക്കുന്ന ഒരു പാട്ടുകാരന്‍. ആ പുതിയ അറിവ്‌, ഒരു വലിയ അത്ഭുതമായി ഞാനും ദേവി ശ്രീദേവിയില്‍ മുഴുകി നിന്നു.

അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ള എല്ലാ മലയാളികളെയും പോലെ ഞാനും അന്നു മുതല്‍ യേശുദാസിനെ മനസില്‍ കൊണ്ടു നടക്കാന്‍ തുടങ്ങി.. അപ്പന്‍ സ്‌നേഹിച്ചത്‌ പോലെ തന്നെ ഞാനും അന്നുതൊട്ടു യേശുദാസ്‌ എന്ന ആ സംഗീത സമ്രാട്ടിനെ സ്‌നേഹിക്കാന്‍ തുടങ്ങി. അപ്പന്‍ യേശുദാസിന്റെ പാട്ടുകളെക്കുറിച്ച്‌ പറയുമ്പോള്‍ നൂറു നാവായിരുന്നു.

യേശുദാസിന്റെ ഭാര്യ പ്രഭയുടെ വല്യപ്പനും വല്യമ്മയും ഞങ്ങളുടെ പള്ളിക്കാരായിരുന്നു. അവരെ അടക്കിയിരിക്കുന്നത്‌ പള്ളത്ത്‌ പള്ളിയിലാണ്‌.

അവരുടെ ഓര്‍മദിവസങ്ങള്‍ക്കു ഒന്ന്‌ രണ്ടു പ്രാവശ്യം യേശുദാസും പ്രഭയും കല്ലറയ്‌ക്കല്‍ വന്നതറിഞ്ഞ്‌ അപ്പന്‍ എന്നെയും എടുത്തു കൊണ്ട്‌ പള്ളിയിലേക്ക്‌ കാണാന്‍ പോയത്‌ ഞാന്‍ ഓര്‍ക്കുന്നു. ഒരു പതിനാറുകാരന്റെ ഭാവം ആയിരുന്നു അപ്പന്‌. തന്റെ പ്രിയപ്പെട്ട പാട്ടുകാരനെ കാണാനുള്ള ഉത്സാഹം.. അവര്‍ സെമിത്തേരിയില്‍ നിന്നും ഇറങ്ങി വരുന്നിടം വരെ, മറ്റു ചിലരോടൊപ്പം ഞങ്ങളും കാത്തു നിന്നു.

അദ്ദേഹം വന്ന്‌്‌ അപ്പന്റെയും എന്റെയും മുന്നില്‍ കൂടി കടന്നു പോകുമ്പോള്‍ അപ്പന്‍ കൈകൂപ്പി യേശുദാസിനെ വണങ്ങി... എന്റെയും കൈ കൂപ്പിച്ചു. ബഹുമാനവും സ്‌നേഹവും കൊണ്ട്‌ അപ്പന്‌ കണ്ണ്‌ നിറഞ്ഞോ? യേശുദാസ്‌ ഒരു പുഞ്ചിരിയോടെ എന്റെ തലയിലൊന്നു വിരലോടിച്ചു,. അദ്ദേഹം നടന്നു പോയത്‌ ഞങ്ങള്‍ അവിശ്വാസത്തോടെ നോക്കി നിന്നു. `കണ്ടോ, കണ്ടോ.. ഇതാണ്‌ മോളെ യേശുദാസ്‌..` അപ്പന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.

ഞങ്ങള്‍ നാട്ടിലുള്ള കാലത്തോളം അപ്പന്‍ നിവര്‍ത്തിയുണ്ടെങ്കില്‍ യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നു. അപ്പനെ കാണതെ ഞാന്‍ രാത്രിയില്‍ കിടന്നു കരയുന്നതിനാല്‍ അമ്മ എന്നെയും അപ്പന്റെ കൂടെ പറഞ്ഞു വിടും.

അപ്പനില്ലാതെ ഉറങ്ങുക എന്നുള്ളത്‌ എനിക്ക്‌ ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ അല്ലേ? അപ്പന്റെ കഥകള്‍ കേള്‍ക്കാതെ, താരാട്ട്‌ കേള്‍ക്കാതെ, ഞാന്‍ എന്ത്‌ ചെയ്യും. അപ്പന്റെ കൈയിലല്ലാതെ ഞാന്‍ എങ്ങനെ ഉറങ്ങും?

മനസില്ലാമനസോടെ അപ്പന്‍ എന്നെയും കച്ചേരിക്ക്‌കൊണ്ടു പോകും. വഴിക്ക്‌ കഴിക്കാന്‍ അമ്മ ഒരു കൂട്‌ ബിസ്‌ക്കറ്റും പൊതിഞ്ഞു തരും. കുടയും ഒരു ടര്‍ക്കി ടവ്വലും ഒരു തുണി സഞ്ചിയിലിടും. കോട്ടയത്തിനുള്ള ലാസ്റ്റ്‌ ബസില്‍ കയറി, അന്നത്തെ സ്റ്റാര്‍ തിയെറ്ററിന്റെ അടുത്തിറങ്ങി, തിരുനക്കര അമ്പലത്തിലേക്ക്‌ നടന്നു പോകും.

ഇടയ്‌ക്ക്‌ അപ്പന്‍ എന്നെ എടുത്തു തോളത്തിടും. ടര്‍ക്കി പുതപ്പിക്കും. അമ്പലം അടുക്കുന്നതിനും മുന്‍പേ ഞാന്‍ അപ്പന്റെ തോളില്‍ കിടന്നുറക്കം തുടങ്ങും. മൈതാനത്തു ചെല്ലുമ്പോള്‍ ഉണര്‍ത്തി വീണ്ടും നടത്തും. വഴിയില്‍ അപ്പോള്‍ നല്ല പൊരികടല വറക്കുന്ന മണം. ഓരോ കൂട്‌വാങ്ങി...എനിക്കുള്ളത്‌ തോല്‌ മാറ്റി അപ്പന്‍ തരും. അന്നത്തെ ആ ചൂട്‌ കടല ആയിരുന്നു കടല.!!

മൈതാനത്ത്‌ ആള്‍ക്കാര്‍ വന്നു തുടങ്ങുന്നു. അപ്പന്‍ കഴിയുമെങ്കില്‍ മുന്‍പില്‍ തന്നെ പോയിരിക്കും. ടര്‍ക്കി വിരിച്ചു എന്നെ അതില്‍ ഇരുത്തും. ഒരു കച്ചേരി പോലും ഞാന്‍ തുടക്കമോ ഒടുക്കമോ കണ്ടതായി ഓര്‍മിക്കുന്നില്ല. ഇരുത്തേണ്ട താമസം. ഞാന്‍ അപ്പന്റെ മടിയില്‍ തല വെച്ച്‌, അപ്പന്റെ തോര്‍ത്തു പുതച്ചു നല്ല സുന്ദരമായി ഉറങ്ങും.

ഇടക്കെപ്പോഴോ മയങ്ങിയുണരുമ്പോള്‍ കച്ചേരി കൊഴുക്കുന്നതും, അപ്പനും കൂട്ടുകാരും തുടയില്‍ താളമടിച്ചു എല്ലാം മറന്നു കച്ചേരിയില്‍ ലയിച്ചിരുന്നു ആസ്വദിക്കുന്നതും ഞാന്‍ ഉറക്ക ചടവോടെ കാണും. ആല്‍ത്തറ സ്റ്റേജില്‍, നിരവധി വാദ്യോപകരണങ്ങളുടെയും, പക്കമേളക്കാരുടെയും അകമ്പടിയോടെ, വെള്ളമുണ്ടും ഷര്‍ട്ടും ഇട്ടു പള്ളത്ത്‌ പള്ളീടെ ഭിത്തിയിലെ തോമാശ്ലീഹയെ പോലെയോ, കല്ലറ വാതുക്കലെ മീഖായേല്‍ മാലാഖയെ പോലെയോ നീണ്ട മുടിയും താടിയുമുള്ള സുന്ദരനായ പാട്ടുകാരന്‍..! ! അപ്പന്റെ പ്രിയപ്പെട്ട യേശുദാസ്‌. അന്ന്‌ കേരളക്കാര്‍ യേശുദാസിനെ ദാസേട്ടന്‍ എന്ന്‌ വിളിക്കാന്‍ തുടങ്ങി യിരുന്നില്ല. എല്ലാവര്‍ക്കും അദ്ദേഹം യേശുദാസ്‌ തന്നെ.

വെളുപ്പിനെ, അപ്പന്‍ എന്നെയും തോളിലിട്ടു വീണ്ടും നടപ്പ്‌ തുടങ്ങും. രാവിലെ ഏഴു മണിയാ യിട്ടെ അന്നൊക്കെ ബസ്‌ ഞങ്ങടെ ഭാഗത്തോട്ടു പോകൂ.

ബസ്‌ സ്റ്റാന്റിനടുത്തുള്ള ആനന്ദ മന്ദിരത്തില്‍ ഞങ്ങള്‍ കയറും. അത്‌ ആറു മണിക്കേ തുറക്കും. എന്നെ മുഖം കഴുവിച്ചു, വാ കുലുക്കുഴുവിച്ചു അപ്പന്‍ റെഡി ആക്കും. ആവി പറക്കുന്ന ഇഡലി നല്ല കട്ടിച്ചമ്മന്തിയും സാമ്പാറും മുക്കി അപ്പന്‍ എന്നെ തീറ്റിക്കും. ചൂട്‌ ചായ ആറ്റിക്കാന്‍ തട്ട്‌ പാത്രത്തില്‍ ഒഴിച്ച്‌ വെയ്‌ക്കും. അപ്പന്‌ പ്രിയം മസാല ദോശയാണ്‌. വയറു നിറയെ പ്രാതലും കഴിച്ചു, ഞങ്ങള്‍ അടുത്ത ബസില്‍ കയറി, തിരികെ പോരും.

ഇന്ന്‌ അപ്പന്‍ പോയി. അപ്പന്റെ ആദ്യത്തെ റേഡിയോ, ഏകദേശം മുപ്പതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിനുശേഷം, കേടായി ഇന്നും ഞങ്ങളുടെ വീട്ടിലെ സ്റ്റോര്‍ മുറിയില്‍ ഉണ്ട്‌. അപ്പന്റെ പ്രിയപ്പെട്ട ആ പഴയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആ കാലമെല്ലാം എനിക്കോര്‍മ വരും.
`ഗുരുവായുരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകുമെന്ന പാട്ട്‌' എന്നെ സ്റ്റാര്‍ തീയറ്ററിന്റെ വാതുകള്‍ നിന്നു തിരുനക്കര മൈതാനത്തേക്ക്‌ തിരികെ നടത്തിക്കും. പൊരികടലയുടെ മണം വായില്‍ വെള്ളം നിറയ്‌ക്കും. അപ്പന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ ഇന്നും അപ്പന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കുന്നു.

ഇന്ന്‌ അദ്ദേഹം എന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും പ്രിയ പാട്ടുകാരനാണ്‌. അദ്ദേഹത്തിന്റെ `ഗംഗേ...' എന്ന പാട്ടിലൂടെയാണ്‌ മക്കള്‍ക്ക്‌ അദ്ദേഹം ഒരു അത്ഭുത പ്രതിഭയായത്‌. ഒരിടയ്‌ക്ക്‌ അവര്‍ മത്സരിച്ചു ശ്വാസം പിടിച്ചു ഗംഗേ പാടുമായിരുന്നു.

അമേരിക്കയിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക്‌ എന്റെ വീട്ടില്‍ നിന്ന്‌ മുക്കാല്‍ മണിക്കുര്‍ ദൂരമേയുള്ളു. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ പോയി അദ്ദേഹത്തെ കാണും. ഇത്‌ പോലെ ഒരു ആരാധകന്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന്‌ പറഞ്ഞു അപ്പനെ പരിചയപ്പെടുത്തും. അന്ന്‌്‌ അപ്പന്‍ എന്നെ പള്ളിയില്‍ കൊണ്ടുപോയി അദ്ദേഹത്തെ കാണിച്ചതുപോലെ ഞാനും എന്റെ മക്കളെ കൊണ്ട്‌ പോയി അദ്ദേഹത്തെ കാണിക്കും. പരിചയപ്പെട്ടതും.

`ഇതാണ്‌ മക്കളെ നിങ്ങള്‍ടെ അപ്പച്ചന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍, യേശുദാസ്‌!!!..
അറിയപ്പെടാത്ത ആരാധകന്‍ (മീനു എലിസബത്ത്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക