Image

ഇത്‌ ചോരക്കലിയാണ്‌ (സാംസ്‌കാരിക കേരളം പ്രതികരിക്കുന്നു)

Published on 21 May, 2012
ഇത്‌ ചോരക്കലിയാണ്‌ (സാംസ്‌കാരിക കേരളം പ്രതികരിക്കുന്നു)
മഴുകൊണ്ട്‌ വെട്ടിയരിഞ്ഞ അവന്റെ മുഖം കണ്ടിട്ടും ഒന്നുതേങ്ങാത്ത മലയാളത്തിന്റെ സര്‍ഗ്ഗാത്മകതയെയും കാവ്യബോധത്തെയും കുറിച്ച്‌ ആലോചിച്ച്‌ എനിക്ക്‌ പേടിയാകുന്നു.

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം : പ്രതികരണങ്ങള്‍

1. പി. സുരേന്ദ്രന്‍

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സമാനതകളില്ലാത്ത വിധം ദാരുണമാണ്‌. ഹിംസയുടെ ഭയാനകമായ മുഖം. രാഷ്ട്രീയലാഭങ്ങളുടെ കണക്കുപുസ്‌തകങ്ങളില്‍ നിന്നും ചോരയാണ്‌ വാര്‍ന്നൊലിക്കുന്നത്‌. ഒരു ഭാഗത്ത്‌ രക്ഷകന്‍ നഷ്ടപ്പെട്ടതിന്റെ അനാഥത്വം പേറുന്ന ഒരു ദേശത്തിന്റെ വിലാപം. മകന്‍ നഷ്ടപ്പെട്ട അമ്മയുടെയും ഭര്‍ത്താവ്‌ നഷ്ടപ്പെട്ട ഭാര്യയുടെയും പിതാവ്‌ നഷ്ടപ്പെട്ട മകന്റെയും ചോരപടര്‍ന്ന കണ്ണീര്‌. മറുഭാഗത്ത്‌ ഉ!ൂലനം ചെയ്യപ്പെടേണ്ട കുലംകുത്തിയെന്ന ആക്രോശവും കരുണാരഹിതമായ പദപ്രയോഗങ്ങളും ശരീരഭാഷയും. ചന്ദ്രശേഖരന്റെ ചോരയില്‍ നിന്ന്‌ ഒരു തെരഞ്ഞെടുപ്പില്‍ വിജയം സ്വപ്‌നം കാണുന്നുവരുടെ ആഹ്‌ളാദപ്രകടനങ്ങള്‍. സമൂഹത്തില്‍ ശേഷിക്കുന്ന പ്രബുദ്ധഭാവങ്ങള്‍ക്ക്‌ ഇനി എവിടെയാണ്‌ ഇടം.

ചന്ദ്രശേഖരനെ എനിക്കറിയാമായിരുന്നു. ഇരട്ട ചങ്കുള്ള കമ്മ്യൂണിസ്റ്റു മാത്രമായിരുന്നില്ല അയാള്‍. നയുടെ പൂമരമായിരുന്നു. സ്വന്തം നിലപാടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു പ്രസ്ഥാനത്തോട്‌ കലഹിച്ചു. ഒരു ദേശം മുഴുവന്‍ ആ കലഹത്തോട്‌ പിന്തുണച്ചു. ചന്ദ്രശേഖരന്റെ രാഷ്ട്രീയ നിലപാടുകളുടെ ശത്രുവോ മിത്രമോ അല്ല ഞാന്‍. ഒരു മനുഷ്യന്‍ ഒരു വിശ്വാസസംഹിതയിലോ ഒരു പ്രസ്ഥാനത്തിനോ ജീവിച്ചു മരിക്കണമെന്ന്‌ കരുതുന്നില്ല. നിലപാടുകളും ബോധ്യങ്ങളുമൊക്കെ ബഹുസ്വരമാണ്‌. അവയെ ചൊല്ലി എന്തിനാണ്‌ ചോരക്കലി. ആര്‍ക്കുവേണ്ടിയാണ്‌ ചന്ദ്രശേഖരനെ വെട്ടി അരിഞ്ഞ്‌ തള്ളിയത്‌ എന്നെനിക്കറിയില്ല. പക്ഷേ എന്നെ പേടിപ്പിച്ചത്‌ രാഷ്ട്രീയപാര്‍ട്ടികളുടെ ആക്രോശങ്ങളാണ്‌. പാര്‍ട്ടിവിശ്വാസം എല്ലാ ആര്‍ദ്രതകളെയും സഹാനുഭൂതികളെയും മായിച്ചുകളയുകയാണെങ്കില്‍ ഏതു വസന്തത്തെയാണ്‌ നമുക്കിനി സ്‌പ്‌നം കാണാന്‍ കഴിയുക. കലാകാര!ാരുടെയും ബുദ്ധിജീവികളുടെയും കുറ്റകരമായ നിശ്ശബ്ദത നമ്മുടെകാലഘട്ടത്തിന്റെ അശ്‌ളീലമായി മാറുന്നു. മരിച്ചയാള്‍ കുറ്റവാളിയായിരുന്നില്ല. സ്വന്തം വിശ്വാസവുമായി ജീവിച്ച ഒരു പാവം മനുഷ്യനായിരുന്നു. അവന്റെ രാഷ്ട്രീയാദര്‍ശങ്ങളെ നിങ്ങള്‍ തള്ളിക്കളഞ്ഞേക്കൂ. മഴുകൊണ്ട്‌ വെട്ടിയരിഞ്ഞ അവന്റെ മുഖം കണ്ടിട്ടും ഒന്നുതേങ്ങാത്ത മലയാളത്തിന്റെ സര്‍ഗ്ഗാത്മകതയെയും കാവ്യബോധത്തെയും കുറിച്ച്‌ ആലോചിച്ച്‌ എനിക്ക്‌ പേടിയാകുന്നു. ഈ ചോരപാടയിലൂടെ ഒന്നുമെനിക്ക്‌ കാണാനാവുന്നില്ലല്ലോ ഈശ്വരാ.

2. എന്‍. ശശിധരന്‍

തലശ്ശേരിക്കാരായ ഞങ്ങള്‍ക്ക്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു പുതിയ സംഭവമല്ല. രാഷ്ട്രീയ കക്ഷികളുടെ സംരക്ഷണയില്‍ സാധാരണ മനുഷ്യര്‍ അവര്‍ക്കറിയാത്ത നിക്ഷിപ്‌ത താല്‍പര്യങ്ങളുടെ പേരില്‍ വെട്ടിമരിക്കുന്നത്‌ ഞങ്ങള്‍ ഒരു പാട്‌ കണ്ടിട്ടുണ്ട്‌. പക്ഷേ പുതിയ കാലത്ത്‌ ഏതൊക്കെയോ അര്‍ത്ഥത്തില്‍ സാധാരണ മനുഷ്യര്‍ ഇത്‌ തിരിച്ചറിയുകയും കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന്‌ അകന്നു നില്‍ക്കുകയും ചെയ്യുന്നുണ്ട്‌. ഈ പുതിയ സാഹചര്യത്തിലാണ്‌ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ ആരംഭിച്ചത്‌. ഇതേവരെ നടന്നുപോന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ സഖാവ്‌ ടി.പി.യുടേത്‌. ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുകയും ധീരതയും ആര്‍ജവും കൊണ്ട്‌ ശത്രുക്കളുടെ പോലും ആദരം പിടിച്ചുപറ്റുകയും ചെയ്‌ത ചന്ദ്രശേഖരന്‌ ശത്രുക്കളായി ജനങ്ങളില്‍ നിന്നും ആരും ഉണ്ടായിരുന്നില്ല. ഏറ്റവും നിഷ്‌ഠൂരമായ രീതിയില്‍ അദ്ദേഹത്തെ കൊല ചെയ്‌തത്‌ ആരാണെന്ന്‌ രാഷ്ട്രീയബോധമുള്ള എല്ലാ മലയാളികള്‍ക്കുമറിയാം. കൊലപാതകികള്‍ എളുപ്പം തിരിച്ചറിയപ്പെട്ടേക്കും. കൊലക്കുപിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചന എളുപ്പം വെളിപ്പെട്ടു എന്നുവരില്ല. കേരളത്തില്‍ ഏറ്റവും ജനകീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ ആന്തരിക ജീര്‍ണ്ണതയുടെ പരമമായ ആവിഷ്‌ക്കാരമാണ്‌ ഈ കൊലപാതകം. നിയമവ്യവസ്ഥയും ഭരണകൂടവും ഈ ഗൂഢാലോചനയെ വെളിപ്പെടുത്തുവാന്‍ പര്യാപ്‌തമല്ലെങ്കില്‍ ആ ദൗത്യം ഏറ്റെടുക്കേണ്ടത്‌ ജനങ്ങളാണ്‌. രണ്ടുദിവസം മുമ്പ്‌ ചന്ദ്രശേഖരന്റെ വീട്ടില്‍ തടിച്ചുകൂടിയ മനുഷ്യരുടെ മുഖത്ത്‌ വായിക്കാന്‍ കഴിഞ്ഞ വേദനയും വീറും അതു സാധ്യമാക്കുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം.

3. സി.വി. ബാലകൃഷ്‌ണന്‍

നിന്ദ്യവും ക്രൂരവുമായ ഈ കൊലപാതകത്തിനുപിന്നില്‍ രാഷ്ട്രീയമായ പകയല്ലാതെ മറ്റൊന്നുമില്ല. ആശയപരമായ വിയോജിപ്പിനെ തുടര്‍ന്ന്‌ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചു എന്നതും തന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലികൊണ്ട്‌ വിപുലമായ ജനപിന്തുണ ആര്‍ജിച്ചു എന്നതുമായിരുന്നു ടി.പി. ചെയ്‌ത അപരാധം. ചെറുപ്പം മുതല്‍ നെഞ്ചിലേറ്റിയ കമ്യൂണിസ്റ്റ്‌ അവബോധവും അതിന്റെ മൂല്യങ്ങളും മുറുകെ പിടിച്ചാണ്‌ ടി.പി. പ്രവര്‍ത്തിച്ചത്‌. ഒഞ്ചിയത്തെയും അയല്‍ദേശങ്ങളെയും ജനങ്ങള്‍ അത്‌ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അവരുടെ മനസ്സിലെ തീ അണയ്‌ക്കാനാവില്ല. അത്‌ ഇനിയും ആളിക്കൊണ്ടേയിരിക്കും.

4. സിവിക്‌ ചന്ദ്രന്‍

കുലംകുത്തി എന്ന വാക്ക്‌ പഴയ വര്‍ഗ്ഗ വഞ്ചകന്‍ എന്ന വാക്കിന്‌ പകരമായിട്ടാണ്‌ ഉപയോഗിക്കുന്നത്‌. വര്‍ഗ്ഗ വഞ്ചകന്‍ എന്ന പദത്തിന്റെ ഇംഗ്‌ളീഷ്‌ പ്രയോഗം റെനിഗേഡ്‌ എന്നാണ്‌. വര്‍ഗ്ഗശത്രുവിന്‌ മാപ്പുകൊടുക്കാം. എന്നാല്‍ വര്‍ഗ്ഗവഞ്ചകനില്ല, കുലംകുത്തിക്കില്ല മാപ്പ്‌. ഇതാണ്‌ സര്‍വ്വമാന സര്‍വ്വലോക കമ്മ്യൂണിസ്റ്റുകളുടെ എത്തിക്‌സ്‌. കുലംകുത്തി എന്ന പേരുചൊല്ലി പുറത്താക്കപ്പെടുന്ന ഒരാള്‍ക്ക്‌ പിന്നീടെന്തു സംഭവിക്കുന്നു എന്നതിന്‌ മലയാളത്തിലെ നോവല്‍ സാക്ഷ്യം കാക്കനാടിന്റെ ഉഷ്‌ണമേഖലയാണ്‌. ഉഷ്‌ണമേഖലയിലെ ശിവന്‍കുട്ടിയില്‍ നിന്ന്‌ കേരള സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി. പത്രോസിലേയ്‌ക്കും പിന്നീട്‌ കുലംകുത്തികളായ എം.വി.രാഘവനിലേയ്‌ക്കും ഗൗരിയമ്മയിലേയ്‌ക്കും ഒടുവില്‍ ടി.പി. ചന്ദ്രശേഖരനിലേയ്‌ക്കും ദൂരം വളരെ കുറവാണ്‌. വ്യത്യാസം ഈ കുലംകുത്തികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ മാത്രമാണ്‌. ജനകീയ സമരങ്ങള്‍ക്കും ആശയസംവാദത്തിനും പകരം ഇവന്റ്‌ മാനേജ്‌മെന്റും ക്വട്ടേഷന്‍ സംഘങ്ങളും ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്ന ഒരു വ്യവസ്ഥാപിത പാര്‍ട്ടിയില്‍ നിന്ന്‌ മറ്റെന്തു പ്രതീക്ഷിക്കാന്‍. അങ്ങനെയാണ്‌ പാര്‍ട്ടിയും പ്രത്യയശാസ്‌ത്രവും. ഒരുപക്ഷേ ചില്ലറ കാരണങ്ങളാല്‍ വിടേണ്ടിവരുന്ന കുലംകുത്തികളിലൊരാളായി ടി.പി. ചന്ദ്രശേഖരന്‍ മാറുന്നത്‌. ജനാധിപത്യവാദിയാണോ സമത്വവാദിയാണോ എന്നുചോദിക്കുന്നതിനു മുമ്പ്‌ ഒരു ഇടതുപക്ഷക്കാരനോട്‌ ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്‌ ഈ രാഷ്ട്രീയ സന്ദര്‍ഭത്തിലാണ്‌. ചന്ദ്രശേഖരനെ അറുംകൊല ചെയ്‌തവരോട്‌ അത്‌ പ്‌ളാന്‍ ചെയ്‌തവരോട്‌ നമുക്കീ ചോദ്യം ആവര്‍ത്തിക്കുക. ഇടതുപക്ഷക്കാരന്‍ ഏറ്റവും ചുരുങ്ങിയത്‌ ജനാധിപത്യവാദിയെങ്കിലും ആയിരിക്കേണ്ടേ.

5. ഖദീജ മുംതാസ്‌

ആകെയൊരു മരവിപ്പാണ്‌ തോന്നിയത്‌. തകര്‍ത്തിട്ടും പൊടിച്ചിട്ടും ഇത്തിരി ബാക്കിനിന്ന മനുഷ്യനയിലുള്ള വിശ്വാസവും പൊടുന്നനെ നഷ്ടപ്പെട്ടതിലുള്ള മരവിപ്പാണിത്‌. ഒന്നിച്ചു കളിച്ചും ചിരിച്ചും തല്ലിയും തലോടിയും വളര്‍ന്നവര്‍. ഒന്നിച്ചു പഠിച്ചുവളര്‍ന്നവര്‍. ഒരേ രാഷ്ട്രീയ ആദര്‍ശത്തില്‍ പ്രചോദിതരായി സാമൂഹ്യരംഗത്തേക്ക്‌ ഇറങ്ങിയവര്‍. വ്യക്തിത്വത്തിന്റെ ഏണും കോണും നകളും അടുത്തറിഞ്ഞവര്‍. ആശയങ്ങളുടെ പേരിലുള്ള അഭിപ്രായഭിന്നതയും പരസ്‌പരം മറന്നതുകൊണ്ടുമാത്രം പൈശാചികമായി വെട്ടിയരിഞ്ഞ്‌ ഇല്ലാതാക്കാന്‍ കയ്യറപ്പ്‌ ഇല്ലാതാകുന്നതെങ്ങനെയാണ്‌. അത്രയും ഈടില്ലാതായിപ്പോയല്ലോ മനുഷ്യബന്ധങ്ങള്‍. ക്വട്ടേഷന്‍ സംഘത്തെ ആ പ്രവര്‍ത്തി ഏല്‍പ്പിക്കുന്നത്‌ പൈശാചികതയുടെ തീവ്രത പതിടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. അവനവന്‌ കയ്യറപ്പ്‌ ഉള്ളതുകൊണ്ടല്ല പണത്തിന്റെ ബലത്തില്‍ കൈ നനയാതെ ഇതും ഇതിനപ്പുറവും നടത്തിക്കൊടുക്കാനാവും എന്ന അഹങ്കാരം മനുഷ്യത്വത്തിനു നേരെയുള്ള രാക്ഷസീയമായ പരിഹാസ ചിരി അതാണ്‌ ഈ കൊലപാതകം വിളിച്ചോതുന്നത്‌. ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട്‌ ചെയ്യിക്കുന്നതിനു മുമ്പ്‌ പിറകില്‍ പ്രവര്‍ത്തിച്ചവരുടെ മനസ്സുകളില്‍ എത്രവട്ടം ആ നിഷ്‌ഠൂരത പച്ചയായി അരങ്ങേറിക്കാണും.

മനുഷ്യസമത്വത്തിന്റെ അധ:സ്ഥിതന്റെ മോചനത്തിന്റെ ഗാഥകള്‍പാടുന്ന രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഈ മഹാ ക്രൂരതക്കു പിന്നിലെങ്കില്‍ ആ പ്രസ്ഥാനത്തിന്റെ അപചയത്തിന്റെ നേരെ നോക്കി, ഹാ കഷ്ടം! എന്നുപറയുകയല്ലാതെ വേറെ എന്തുചെയ്യാന്‍. വിശ്വാസപ്രമാണങ്ങള്‍ എത്രഗംഭീരമാണെങ്കിലും മനുഷ്യത്വത്തിനുനേരെ അഭിപ്രായസ്വാതന്ത്ര്യത്തിനുനേരെ വടിവാളുയര്‍ത്തുമ്പോള്‍ ആ പ്രസ്ഥാനത്തെ തന്നെ അവര്‍ വ്യഭിചരിക്കുന്നു. വധിക്കപ്പെട്ടവനും പ്രസ്ഥാനവും തമ്മിലുള്ള ഭിന്നതയെ മറ്റാരെങ്കിലും മുതലെടുത്തുവെങ്കില്‍ അത്‌ പതിടങ്ങ്‌ ഹീനമാകുന്നു.

ടി.പി.യുടെ ഭാര്യയുടെ വിറയാര്‍ന്ന കണ്‌ഠത്തിലൂടെ പലപ്പോഴായി പുറത്തുവന്ന വാക്കുകളാണ്‌ ഇത്തിരി ആശ്വാസമാകുന്നത്‌. തന്റെ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞ ദുരന്തത്തിനു നേരെ ധീരയായി നിന്നുകൊണ്ട്‌ അവര്‍ പറഞ്ഞ വാക്കുകള്‍ രാഷ്ട്രീയത്തില്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നവര്‍ക്കെതിരെ മനുഷ്യത്വത്തിനു നേരെ ഉയരുന്ന ഭീഷണികള്‍ക്കു നേരെ ജനധാപത്യ വിരുദ്ധശക്തികള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളാകുന്നു. അതിന്റെ ചൂടും വീര്യവും ഉള്‍ക്കൊള്ളുവാന്‍ പ്രബുദ്ധരെന്ന്‌ അഭിമാനിക്കുന്ന എത്ര മലയാളികള്‍ക്കാവും എന്നതാണ്‌ പ്രധാനം.

6. പി.കെ. പാറക്കടവ്‌

നിന്നെ കൊന്നവര്‍ കൊന്നേ പുവേ തന്നുടെ തന്നുടെ മോക്ഷത്തെ
എന്ന കവിവാക്യം ഓര്‍മ്മവരുന്നു. ആശയത്തെ ആശയം കൊണ്ടല്ല ആയുധംകൊണ്ടുനേരിടണമെന്നു നമ്മെ പഠിപ്പിച്ചത്‌ ആരാണ്‌. ചായം തേച്ച തുണിക്കഷ്‌ണങ്ങള്‍ നമ്മെ നോക്കി ചിരിക്കുന്നു. ഇപ്പോള്‍ അതില്‍നിറയെ നിരപരാധികളുടെ കരള്‍ച്ചോര. അഡോണിസിന്റെ ഒരു കവിതയില്‍ പൂവിലൊളിച്ച കാട്ടുമൃഗത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭ്രാന്താലയം തന്നെ.

7. പി. ബാലചന്ദ്രന്‍

ഇരയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വേട്ടക്കാരന്റെ ഇടത്താവളമാണ്‌ സര്‍ഗ്ഗാത്മകതയില്ലാത്ത രാഷ്ട്രീയം. കൈ കഴുകിയായും കുമ്പസാരിച്ചാലും ചൂണ്ടുവിരലിലെ ശേഷിക്കുന്ന വിരലുകള്‍ സ്വന്തം നെഞ്ചിലേക്കു തന്നെയാണ്‌. ആരോ പറഞ്ഞതുപോലെ ഹിംസയുടെ ഒരു വശത്ത്‌ എപ്പോഴും സി.പി.എം. വരുന്നത്‌ എന്തുകൊണ്ടാണ്‌. ഭീകരവാദത്തിന്റെ ഒരുവശത്ത്‌ ഇസ്‌ളാം വരുന്നതുപോലെ. മാരകായുദ്ധങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സമ്പത്തും സംഘബലവും ചോര്‍ത്തിക്കളയുന്നത്‌ വിശുദ്ധമായ ലക്ഷ്യങ്ങളെയും ആത്മനൈര്‍മല്യങ്ങളെയും ആണ്‌. അതു നഷ്ടപ്പെടുമ്പോള്‍ നമ്മുടെ വഴിയരികുകളില്‍ യാത്ര പറയുന്നവരുടെ ജീവരക്തം തളം കെട്ടും. ചന്ദ്രശേഖരന്റെ മുഖത്തേറ്റ കനത്ത മുറിവുകള്‍ വര്‍ഗ്ഗസമരത്തിന്റെ ഏതു സമരമുഖങ്ങളാണ്‌ സുഹൃത്തേ, തുറക്കുന്നത്‌. അതെ, ഇപ്പോള്‍ ചുളിയാത്ത നെറ്റികള്‍ ഷണ്ഡ!ാരുടെ നെറ്റികള്‍ തന്നെ.

8. പി.ജെ. ആന്റണി

ഓഞ്ചിയത്ത്‌ നാം കണ്ടത്‌ രണ്ടാം ഇന്റര്‍നാഷണല്‍ മുതല്‍ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ നടപ്പിലാക്കിയ ഉ!ൂലനനടപടികളുടെ തുടര്‍ച്ചയാണ്‌. കമ്മ്യൂണിസം എന്നാല്‍ സമ്പൂര്‍ണ്ണ ജനാധിപത്യമാണെന്ന്‌ തിരിച്ചറിയുന്നതുവരെ ഇത്തരം കാര്യങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വിധേയമാകേണ്ടിവരും. എത്രയും പെട്ടെന്ന്‌ തങ്ങളുടെ പാര്‍ട്ടിയില്‍ അടിസ്ഥാന ജനാധിപത്യമുണ്ടെന്ന്‌ പാര്‍ട്ടിക്ക്‌ അകത്തും പുറത്തും പ്രായോഗിക നടപടികളിലൂടെ തെളിയിക്കുക മാത്രമാണ്‌ ഇതിനെ നേരിടാനുള്ള ഏകപോംവഴി. ഈ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കാതെ പുറമെയുള്ള പ്രതിരോധങ്ങള്‍ ഒട്ടുമേ തന്നെ ബോധ്യപ്പെടുന്നവയല്ല.


9. കെ. ഗിരീഷ്‌കുമാര്‍

ഹിംസ പ്രത്യയശാസ്‌ത്രമാവുകയും അക്രമരാഷ്ട്രീയം കര്‍മ്മപദ്ധതിയാവുകയും ചെയ്യുന്ന സമകാലിക കേരളത്തിലെ ഏറ്റവും നീചവും ഹൃദയഭേദകവുമായ വാര്‍ത്തയാണ്‌ ടി.പി.യുടെ കൊലപാതകത്തിലൂടെ നാമനുഭവിച്ചത്‌. തെരെഞ്ഞെടുപ്പ്‌ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഈ കൊലപാതകത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ തീര്‍ത്തും നിരുത്തരവാദപരമാണ്‌. രാഷ്ട്രീയവൈരത്തെ കൊലക്കത്തിക്കൊണ്ട്‌ നേരിടുന്നത്‌ ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ നീതിബോധത്തെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. അപരന്റെ വാക്കുകള്‍ സംഗീതമായി കേള്‍ക്കാന്‍ കഴിയണം എന്ന വരികള്‍ പാട്ടാക്കി ചിട്ടപ്പെടുത്തി പൊതുയോഗത്തിനുമുമ്പ്‌ ജനങ്ങളെ കേള്‍പ്പിക്കുന്ന അനുഷ്‌ഠാന പരിപാടികളില്‍ നിന്ന്‌ കേരളത്തിന്റെ ഇടതുപക്ഷം ഇനിമുതല്‍ മാറിചിന്തിക്കണം.
സ്‌നേഹം പ്രത്യയശാസ്‌ത്രമാകുകയും അഹിംസ പതാകയാകുകയും ചെയ്യുന്ന ഒരു രാഷ്ട്രീയനീതിബോധം കേരളത്തില്‍ പുതുതായി ഉണര്‍ന്നുവരേണ്ടതുണ്ട്‌. നീതിയും സ്‌നേഹവും മുഴുവനായി അണഞ്ഞുപോകില്ലെന്ന പ്രത്യാശയെ കൈവിടരുത്‌.

10. ബാബു കുഴിമറ്റം

പ്രത്യയശാസ്‌ത്രപരമായ യോജിപ്പുകളും വിയോജിപ്പികളും ആശയപരമായ പോരാട്ടങ്ങളുടെ തലത്തില്‍മാത്രം നിര്‍ത്തുക എന്നതാണ്‌ ഒരു പരിഷ്‌കൃതസമൂഹത്തിന്റെ ലക്ഷണം. ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരം പേര്‍ ഉയരും എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ ആരുതന്നെയായാലും ചോരപ്പുഴ ഒഴുക്കുന്നത്‌ അവര്‍ വിളിച്ച മുദ്രാവാക്യത്തിന്റെ ആത്മാര്‍ത്ഥതയോടെയായിരുന്നില്ല എന്നതിന്‌ തെളിവാണിത്‌. ഒരിക്കലും ചോര ചിന്തുന്ന ഒരു സമരരീതിക്ക്‌ ഇന്ത്യന്‍ മണ്ണില്‍ ഒരു കാലത്തും വേരോട്ടമുണ്ടാകില്ല. ടി.പി. ചന്ദ്രശേഖരനെ ഉ!ൂലനം ചെയ്‌തത്‌ ഇവിടുത്തെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണെന്ന്‌ ജനങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്‌ അടിസ്ഥാനപരമായ ചില നിമിത്തങ്ങള്‍ ഉണ്ട്‌. അതു തെറ്റാണെന്നുണ്ടെങ്കില്‍ അത്‌ തെളിയിക്കേണ്ട വലിയ ബാധ്യത മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കാണ്‌.

11. അക്‌ബര്‍ കക്കട്ടില്‍

അതിക്രൂരവും പൈശാചികവുമായ ഈ കൊലപാതകം നമ്മുടെ സാമൂഹ്യ ജീവിതത്തില്‍നിന്നും അകന്നുപോകുന്ന മനുഷ്യത്വത്തെക്കൂടിയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. ഒരു യുക്തി ചിന്തകൊണ്ടും ന്യായീകരിക്കാനാവാത്ത ഈ സംഭവം നമ്മുടെ സമൂഹത്തിന്‌ നല്‍കുന്ന മുന്നറിയിപ്പുകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. ഭാവിയില്‍ ഇങ്ങനെ ഇല്ലാത്തവിധം ഇതിലെ കുറ്റവാളികളെ കണ്ടെത്തേണ്ടതും അവരെ പ്രേരിപ്പിച്ചവരെ വെളിച്ചത്തുകൊണ്ടുവരേണ്ടതും അത്യാവശ്യമാണ്‌. ഒരു മുതലെടുപ്പുകള്‍ക്കും അവസരം നല്‍കാത്തവിധം ധാര്‍മ്മികബോധത്തോടെ പ്രതികരിക്കാന്‍ നാം എല്ലാവരും ജാഗരൂകരാകേണ്ടതുണ്ട്‌.

12. താഹ

ടി.പി. ചന്ദ്രശേഖരന്റെ മരണം അടിസ്ഥാനപരമായി ഒരു മലായളിപൗരന്റെ മരണമാണ്‌. രണ്ടാമതു മാത്രമേ അതിലേക്ക്‌ രാഷ്ട്രീയമോ മറ്റും സംഭവങ്ങളോ കടന്നു വരുന്നുള്ളൂ. ഒരു മലയാളിയുടെ സംഘടനാപ്രവര്‍ത്തനത്തിന്റെ അതിര്‌ ആരാണ്‌ നിശ്ചയിക്കുന്നത്‌. വായനകൊണ്ടും നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ക്കൊണ്ടും ഒരു മലയാളിക്ക്‌ സാധ്യമായ പൗരാവകാശ പ്രബുദ്ധത അയാളില്‍ നിന്ന്‌ ഹിംസയുടെ കടന്നുകയറ്റം വഴി രാത്രിയില്‍ തട്ടിമറിക്കുമ്പോള്‍ സംഭവിക്കുന്നത്‌ അത്‌ എല്ലാ മലയാളികളുടെയും സ്വതന്ത്രമായ ജീവന്‍ കവരുന്നതിന്‍!്‌ തുല്യമാണ്‌. ടി.പി.യുടെ കൊലപാതകം മലയാളി സമൂഹത്തിന്റെ കൂടി ഒരു അര്‍ധകൊലപാതകമായി മാറിയിരിക്കുകയാണ്‌. കേരളത്തിലെ വായനശാലകള്‍ ചായക്കടകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി അനേകം ഇടങ്ങളില്‍ ഇരുന്നുകൊണ്ട്‌ മലയാളി രാഷ്ട്രീയപരവും മതപരവുമായ ഏതു സംഭവത്തെയും കുറിച്ച്‌ വെട്ടിത്തുറന്ന്‌ സംസാരിക്കും. ഇങ്ങനെയുള്ള കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ മനുഷ്യരെയും സമൂഹത്തെയും ബാധിക്കുന്ന ഏതു കാര്യത്തെക്കുറിച്ചും വെട്ടിത്തുറന്നു സംസാരിക്കാമെന്ന മനോഭാവത്തിനുകൂടിയാണ്‌ വെട്ടേല്‍ക്കുന്നത്‌. ഇതു നാം നമ്മുടെ നൈതികമായ ആര്‍ജവം കൊണ്ട്‌ തടയേണ്ടിയിരിക്കുന്നു.

13. ഉദയശങ്കര്‍

കുരുതി ചരിത്രമാണ്‌. ട്രോട്‌സ്‌കിയുടെ തലയോടുകള്‍ മുതല്‍ കണ്ണും ചുണ്ടും മൂക്കും ഉള്‍പ്പെടെ മുഖം പിളര്‍ന്നതും. ബകുലിനെപ്പോലുള്ളവര്‍ ഉടലോടെ അപ്രത്യക്ഷമായതും. പോള്‍ പോട്ടിന്റെ ചുടലസെല്ലുകള്‍. ചെത്സുവിന്റെ രഹസ്യക്യാമ്പുകള്‍. തീവ്രപക്ഷക്കാര്‍ പരസ്‌പരം സഹോദരങ്ങളെ അറുത്തും കാഞ്ചിവലിച്ചും സാംസ്‌കാരിക ജാഥയുടെ തീരുമാനങ്ങളും. എല്ലാം കറുത്ത അധ്യായങ്ങള്‍ ഒരിക്കലും ഞെട്ടല്‍ ഉളവാകേണ്ടതില്ല. കാരണം കുലഛേദം ചെയ്യുന്ന ഗോത്രപ്പകകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. കാറ്റില്‍ ചോരയുടെ ഉളുമ്പ്‌ മണത്തുകൊണ്ടിരിക്കും. ആയുധധാരി വാടകക്കാരനാകാം. കല്‌പന കൊടുത്താല്‍ പകയുടെ കുലചിഹ്നമേന്തിയ വേട്ടക്കാരന്‍. ആര്‍ക്കാണ്‌ ഇനി കറുത്ത വാറണ്ട്‌. ഞാനോ നിങ്ങളോ...

14. ദീദി

പുരുഷരാഷ്ട്രീയത്തിന്റെ ഏറ്റവും സ്വാഭാവികവും ഭീകരവുമായ ആവിഷ്‌ക്കാരമാണിത്‌. സ്‌ത്രീയെ തൊടാത്ത അംഗീകരിക്കാത്ത സ്‌ത്രീയെ മാറ്റിനിര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ, ഗുണ്ടാരാഷ്ട്രീയത്തിന്റെ ഏറ്റവും ദാരുണമായ ആവിഷ്‌ക്കാരം. ടി.പി.യുടെ കൊലപാതകം നാളിതുവരെയുള്ള അക്രമോത്സുകമായ പുരുഷ രാഷ്ട്രീയത്തിന്റെ അനിവാര്യമായ തുടര്‍ച്ചയില്‍ സംഭവിച്ചതാണ്‌. ഒരു സ്‌ത്രീയെന്ന നിലയില്‍ സ്‌ത്രീയുടെ മനുഷ്യരാശിയെ പെറ്റുപോറ്റുന്ന രാഷ്ട്രീയത്തിന്റെ ഭാവികാലത്തെയാണ്‌ ഞാന്‍ സ്വപ്‌നം കാണുന്നത്‌. ടി.പി.യുടെ ഭാര്യ രമ അവള്‍ അതിശയകരമായ ധീരതയുള്ളവള്‍. അവരുടെ പ്രതികരണം അത്രമേല്‍ ധീരം. പതറാത്തത്‌. എന്നാല്‍ തന്റെ പ്രിയപ്പെട്ടവന്‍ മരിക്കേണ്ടിവന്നു, തന്റെ ധീരതയെ പുറത്തേക്കുകൊണ്ടുവരുവാന്‍ എന്നതാണ്‌ നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക