Image

രക്തസാക്ഷിയാവാന്‍ വി.എസ്‌, കൂലംകുത്തിയാക്കാന്‍ പാര്‍ട്ടിയും

ജി.കെ Published on 21 May, 2012
രക്തസാക്ഷിയാവാന്‍ വി.എസ്‌, കൂലംകുത്തിയാക്കാന്‍ പാര്‍ട്ടിയും
കാറ്റുള്ളപ്പോള്‍ കാര്യം സാധിക്കുക എന്നത്‌ മലയാളത്തിലെ ഒരു പഴമൊഴിയാണ്‌. സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന്‌ തുറന്ന കത്തെഴുതി പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ഇപ്പോള്‍ ചെയ്യുന്നതും അതു തന്നെയാണ്‌. ടി.പ.ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ അറസ്റ്റിലാവുന്ന സിപിഎം പ്രവര്‍ത്തകരുടെ എണ്ണം ദിനംപ്രതി കൂടുകയും പാര്‍ട്ടി പൊതുജനമധ്യത്തില്‍ മുഖംമറച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്രയും കാലം പാര്‍ട്ടിയെ നേര്‍വഴിക്ക്‌ നയിക്കണമെന്ന്‌ ഉള്‍വിളി തോന്നാതിരുന്ന വി.എസ്‌ പൊടുന്നനെ പാര്‍ട്ടിക്കെതിരെ പരസ്യനിലപാടുകളുമായി രംഗത്തുവരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന സംശയത്തിനുള്ള മറുപടിയാണ്‌ ആദ്യം പറഞ്ഞ വാചകം.

ഔദ്യോഗിക നേതൃത്വത്തിനെതിരയെുള്ള വി.എസിന്റെ കത്ത്‌ ലഭിച്ചെന്നോ ഇല്ലെന്നോ ഉറപ്പിച്ച്‌ പറയാതെ കേന്ദ്ര നേതൃത്വം ഉരുണ്‌ടു കളിക്കുകയും കത്ത്‌ വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും ചേര്‍ന്ന്‌ നടത്തുന്ന കുപ്രചാരണമാണെന്നാണ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുകയും ചെയ്‌തു. എന്നാല്‍ കത്തയച്ചുവെന്ന്‌ പരസ്യമാക്കി ഔദ്യോഗിക പക്ഷത്തിന്‌ അടുത്ത കുത്ത്‌ കൊടുക്കാന്‍ വി.എസ്‌.മറന്നില്ല. ഇതോടെ കത്തു ലഭിച്ചുവെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക്‌ പ്രസ്‌താവന ഇറക്കേണ്‌ടി വന്നു. കത്തയച്ചകാര്യം വി.എസ്‌.സ്ഥിരീകരിക്കുകയും ഉള്ളടക്കം സംബന്ധിച്ച്‌ വന്ന വാര്‍ത്തകള്‍ നിഷേധിക്കാതിരിക്കുകയും ചെയ്‌തതോടെ മാധ്യമ സിന്‍ഡിക്കേറ്റെന്ന പഴയ പല്ലവി ഇനി ഔദ്യോഗികപക്ഷത്തിന്റെ രക്ഷയ്‌ക്കെത്തില്ല.

സംസ്‌ഥാന നേതൃത്വവുമായി സന്ധിചെയ്യാന്‍ ഒരുക്കമല്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തയാറാണെന്നും കത്തുവഴി കേന്ദ്രനേതൃത്വത്തെ അറിയിച്ചതിലൂടെ വേണ്‌ടിവന്നാല്‍ സിപിഎമ്മില്‍നിന്നു പുറത്തു കടക്കാനും തയാറാണെന്ന സന്ദേശമാണു വിഎസ്‌.കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ചിരിക്കുന്നതെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയോട്‌ ഉപമിച്ചതിലൂടെ നടപടി ഉറപ്പായ സ്ഥിതിക്ക്‌ പാര്‍ട്ടിയെ നേര്‍വഴിക്കു നയിക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്റെ പേരില്‍ ബലിയാടായെന്ന പ്രതിച്ഛായക്കുവേണ്‌ടിയാണ്‌ വി.എസ്‌ ഇപ്പോള്‍ കത്തുമായി രംഗത്തുവരികയും അത്‌്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയും ചെയ്‌തതെന്ന്‌ ഔദ്യോഗിക നേതൃത്വവും സംശയിക്കുന്നു. അതുകൊണ്‌ടു തന്നെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ വി.എസ്‌. ഹൃദയത്തില്‍ കുത്തിയാലും പരസ്യമായി പ്രതികരിക്കില്ലെന്ന്‌ ഉറച്ച നിലപാടിലാണ്‌ ഔദ്യോഗികപക്ഷം. പ്രതികരിക്കുന്നത്‌ വി.എസിന്‌ രക്തസാക്ഷി പരിവേഷം നല്‍കലാവുമെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്‌ട്‌.

വി.എസിന്റെ കാര്യത്തില്‍ ഇനി പ്രസ്‌താവനയല്ല നടപടി മാത്രമെ അവശേഷിക്കുന്നുള്ളൂവെന്ന്‌ കേന്ദ്ര നേതൃത്വത്തെകൊണ്‌ട്‌ അംഗീകരിപ്പിക്കാനുള്ള അവസാനഘട്ട അണിയറ നീക്കങ്ങളാണ്‌ ഔദ്യോഗികപക്ഷം നടത്തുന്നത്‌. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നു സംസ്‌ഥാനത്തു പാര്‍ട്ടിക്കെതിരെ ജനവികാരം ഉയര്‍ന്നിരിക്കുന്ന സമയത്തു വിഎസ്‌ തുടരെത്തുടരെ നടത്തുന്ന ആക്രമണങ്ങള്‍ സിപിഎമ്മിനെ അടിമുടി ഉലച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിഎസ്‌ ഉയര്‍ത്തിയ ആവശ്യത്തോടു കേന്ദ്ര നേതൃത്വം എങ്ങനെ പ്രതികരിക്കും എന്നത്‌ അതുകൊണ്‌ടുതന്നെ ഏറ്റവും നിര്‍ണായകമാണ്‌.

ജൂണ്‍ ഒന്‍പത്‌, 10 തീയതികളില്‍ കേന്ദ്ര കമ്മിറ്റി ചേരാനാണു നേരത്തെ തീരുമാനിച്ചത്‌. വിഎസിന്റെ ആവശ്യം പരിഗണിച്ച്‌ അതിനു മുന്‍പു യോഗം വിളിക്കാന്‍ കേന്ദ്ര നേതൃത്വം തയാറാവുമോ എന്നാണ്‌ അറിയാനുള്ളത്‌. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു കഴിയുംവരെയെങ്കിലും ഇരുകൂട്ടരെയും ഒന്നിച്ചു കൊണ്‌ടുപോകാനുള്ള ശ്രമമായിരിക്കും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്‌ടാവുക. അതുകഴിഞ്ഞ്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റും കേന്ദ്ര കമ്മിറ്റിയും തുടര്‍ന്ന്‌ ചേരുന്ന സംസ്‌ഥാന കമ്മിറ്റിയും വിഎസിനെ വിചാരണ ചെയ്യാനുള്ള വേദിയാവും.

പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ചതിലൂടെ കടുത്ത നടപടി വിഎസ്‌ പ്രതീക്ഷിക്കുന്നുണ്‌ടെന്നതാണ്‌ യാഥാര്‍ഥ്യം. അങ്ങനെ നടപടി വന്നാല്‍ അത്‌ പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്‌ടിക്കാട്ടിയതിന്റെ പേരിലാണെങ്കില്‍ ഒരു രക്തസാക്ഷി പ്രതിച്ഛായ തനിക്ക്‌ ലഭിക്കുമെന്ന്‌ വി.എസ്‌. കണക്കുക്കൂട്ടുന്നു. ഇതിനെല്ലാം പുറമെ കാസര്‍കോട്ട്‌ ബന്ധുവിനു വഴിവിട്ടു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ വിജിലന്‍സ്‌ കുറ്റപത്രം നല്‍കിയാല്‍ പ്രതിപക്ഷ നേതൃസ്‌ഥാനം ഉപേക്ഷിക്കാന്‍ വിഎസ്‌ നിര്‍ബന്ധിതനാവും.

വിജിലന്‍സ്‌ കേസിനെ തുടര്‍ന്നല്ല, പാര്‍ട്ടിയുടെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചാണു മാറുന്നതെന്ന പ്രതീതി ഉണ്‌ടാക്കാനും കൂടിയാണു കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടു പരസ്യ ചര്‍ച്ചയാക്കിയതെന്നും ഔദ്യോഗിക വിഭാഗം സംശയിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ വിഎസിന്റെ രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കുമെന്നും ഏതാണ്‌ട്‌ ഉറപ്പാണ്‌.

നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എഫ്‌.ലോറന്‍സ്‌ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം വിഎസിന്റെ തലയിലാവും. അതുകൊണ്‌ടുതന്നെ അണയാന്‍ പോകുന്ന തീ ആളിക്കത്തുകയാണെന്നെ വി.എസിന്റെ ഇപ്പോഴത്തെ നീക്കങ്ങളെ കണക്കാക്കാനാവൂ. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുശേഷവും നടപടികളൊന്നുമില്ലാതെ കേന്ദ്രകമ്മിറ്റിയും പ്രതിപക്ഷ നേതൃപദവിയിലും തുടര്‍ന്നാല്‍ പണ്‌ട്‌ പാര്‍ട്ടി സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞ വാചകം കേരള ജനത അംഗീകരിക്കും. ഈ പാര്‍ട്ടിയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ ഒരു ചുക്കും അറിയില്ലെന്ന്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക