Image

കുന്നക്കാട്ട് സര്‍ക്കാര്‍ മിച്ചഭൂമിയില്‍ വനവത്കരണത്തിന് അനുമതി

Published on 22 May, 2012
കുന്നക്കാട്ട് സര്‍ക്കാര്‍ മിച്ചഭൂമിയില്‍ വനവത്കരണത്തിന് അനുമതി
ഒറ്റപ്പാലം: ഇക്കോ ടൂറിസംപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മിച്ചഭൂമിയില്‍ വനവത്കരണത്തിന് അനുമതി. മങ്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കുന്നക്കാട് വനമേഖലയില്‍ വരുന്ന പ്രദേശത്താണ് വനവത്കരണപദ്ധതി നടപ്പാക്കാന്‍ വനംവകുപ്പ് മങ്കര പഞ്ചായത്തിന് അനുമതി നല്കിയത്. കണ്ണമ്പരിയാരം കൂട്ടപുര ജനവാസകേന്ദ്രത്തിന് നടുവിലാണ് ഇരുപത്തഞ്ചു ഏക്കറിലാണ് പരന്നുകിടക്കുന്ന കുന്നക്കാട് വനപ്രദേശം. പ്രദേശം അശാസ്ത്രീയമായും കാടുപിടിച്ചും നശിച്ചും വികൃതമായി കിടക്കുന്നത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയതോടെ വനവത്കരണത്തിന് നടപടിയുണ്ടായത്.കളക്ടറുടെയും ഡിഎഫ്ഒയുടെയും നിര്‍ദേശപ്രകാരം ഫോറസ്റ് റേഞ്ച് ഓഫീസര്‍ ടി.എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയശേഷം വനവത്കരണ പദ്ധതിക്ക് അനുമതി നല്കി.മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.ഗോകുല്‍ദാസ് അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനവത്കരണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥസംഘം കുന്നക്കാടിന്റെ ഭൂമിശാസ്ത്ര രേഖകളും സര്‍വേ സ്കെച്ചും വിശദമായി പരിശോധിച്ചു.കളക്ടര്‍ക്കും ഡിഎഫ്ഒയ്ക്കും ഉടന്‍ റിപ്പോര്‍ട്ട് നല്കുകയും ചെയ്യും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആയിരം മരംനട്ടുകൊണ്ട് വനവത്കരണം ആദ്യഘട്ടം തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക