Image

ഈജിപ്തില്‍ ഇന്നു വിധിയെഴുത്ത്

Published on 22 May, 2012
ഈജിപ്തില്‍ ഇന്നു വിധിയെഴുത്ത്
കയ്റോ: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പുറത്താക്കപ്പെട്ട ഹോസ്നി മുബാറക്കിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിന് ഈജിപ്ഷ്യന്‍ ജനത ഇന്നു പോളിംഗ്ബൂത്തിലേക്കു മാര്‍ച്ച് ചെയ്യും. ഇന്നും നാളെയുമായി നടക്കുന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം അടുത്തമാസം രണ്ടാംഘട്ട വോട്ടെടുപ്പു നടക്കും. അഞ്ചുകോടി രജിസ്റേര്‍ഡ് വോട്ടര്‍മാരാണുള്ളത്. വിദേശത്തുള്ള ഈജിപ്തുകാര്‍ നേരത്തേതന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 12 സ്ഥാനാര്‍ഥികളില്‍ അറബിലീഗ് നേതാവ് അമര്‍ മൂസ, മുബാറക്കിന്റെ കീഴില്‍ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക്, മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി, സ്വതന്ത്ര ഇസ്ലാമിസ്റ് അബ്ദല്‍മൊനിം അബുല്‍ഫോട്ടു, നാസറിസ്റ് സ്ഥാനാര്‍ഥി ഹംദീന്‍സബാഹി തുടങ്ങിയവരാണു പ്രമുഖര്‍. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള മുസ്ലിംബ്രദര്‍ഹുഡായിരിക്കും പ്രസിഡന്റ് ഇലക്ഷനിലും നേട്ടമുണ്ടാക്കുകയെന്നാണു സൂചന. ആരു ജയിച്ചാലും സൈന്യം പ്രത്യക്ഷമായോ പരോക്ഷമായോ ഭരണത്തില്‍ സ്വാധീനം തുടരുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി കമല്‍ ഗന്‍സൂരി ആഹ്വാനം ചെയ്തു. ഈജിപ്തുകാരെ ഉണരൂ, ഈജിപ്ത് നിങ്ങളെ വിളിക്കുന്നു- ലൌഡ്സ്പീക്കര്‍ ഘടിപ്പിച്ച സൈനികവാഹനത്തില്‍നിന്ന് ഒരു സൈനികന്‍ ജനങ്ങളെ വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തു. ആദ്യമായാണ് നിങ്ങളുടെ വോട്ട് കണക്കിലെടുക്കുന്നത്. വോട്ടുചെയ്യാതെ ആരും വീട്ടില്‍ ഇരിക്കരുത്. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും അംഗീകരിക്കാന്‍ ജനം തയാറാവണമെന്ന് മുബാറക്കിന്റെ പതനത്തെത്തുടര്‍ന്ന് താത്കാലികമായി അധികാരമേറ്റ സായുധസേനയുടെ പരമോന്നത സമിതി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക