Image

ചന്ദ്രശേഖരന്‍ വധം: പിണറായിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 24 May, 2012
ചന്ദ്രശേഖരന്‍ വധം: പിണറായിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ പ്രസംഗങ്ങളും പത്രപ്രസ്താവനകളും ശരീരഭാഷയും കണ്ടാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പാര്‍ട്ടി സെക്രട്ടറി വെപ്രാളപ്പെട്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പിണറായി കുറച്ചു സംയമനം പാലിക്കണമെന്നും തനിക്കെതിരേ വ്യക്തിഹത്യയ്ക്ക് പോലും പാര്‍ട്ടി സെക്രട്ടറി മുതിര്‍ന്നതായും മുല്ലപ്പള്ളി പറഞ്ഞു. തന്റെ അച്ഛനെക്കുറിച്ചുപോലും പിണറായി മോശം പരാമര്‍ശങ്ങള്‍ നടത്തി. തന്റെ അച്ഛന്‍ ഒറ്റുകാരനല്ലായിരുന്നുവെന്നും മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ഒഞ്ചിയത്തെ നേതാക്കളുമായി മരണം വരെ സൌഹൃദം കാത്തുസൂക്ഷിച്ച ആളായിരുന്നു തന്റെ പിതാവെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി തീപ്പന്തമാകുമെന്ന പിണറായിയുടെ പ്രസ്താവന നിയമം കൈയ്യിലെടുക്കാന്‍ അണികളോട് നടത്തിയ ആഹ്വാനമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വടകരയില്‍ ഇന്നലെ അരങ്ങേറിയ പ്രതിഷേധമെന്നും മുല്ലപ്പള്ളി പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. ഡിജിപി മുതല്‍ താഴേത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥരോട് പോലും താന്‍ ഒരു നിര്‍ദേശവും നല്‍കിയതായി തെളിയിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേസ് സിബിഐയെ ഏല്‍പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വടകരയിലെ പ്രസംഗത്തില്‍ സിബിഐ എന്നൊരു പദപ്രയോഗം പോലും താന്‍ നടത്തിയില്ല. ജബ്ബാര്‍ വധവും ഫൈസല്‍ വധവും ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിച്ച ഏജന്‍സികള്‍ ഉണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവരുമെന്നാണ് താന്‍ പ്രത്യാശിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മില്‍ ഒരു ശുദ്ധിപ്രക്രിയയുടെ ആവശ്യമുണ്ടെന്നും അതാണ് ഇപ്പോള്‍ വി.എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക