Image

ചാരി നില്‍ക്കുന്ന ഹസ്സന്‍ (ഹാസ്യവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 23 May, 2012
ചാരി നില്‍ക്കുന്ന ഹസ്സന്‍ (ഹാസ്യവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
അമ്പതിനു മേല്‍ പ്രായമുള്ള വായനക്കാരുടെ മനസ്സില്‍ ഈ തലക്കെട്ട്‌ കാണുമ്പോള്‍ തെളിയുന്ന ചിത്രം ഏതെങ്കിലും തൂണിലോ, ചുമരിലോ ചാരി നില്‍ക്കുന്ന ഒരു മൊട്ടത്തലയന്റെയായിരിക്കും. എന്നാല്‍ ഈ ഹസ്സന്‍ ആ ഹസ്സനല്ല. വളരെ പ്രാധാന്യമര്‍ഹിക്കുന്നവനും വിദ്വാന്മാര്‍ എന്ന്‌ ധരിക്കുന്നവരുടെ സദസ്സില്‍ തെറ്റിദ്ധരിക്കപെട്ടുപോയവനുമായ ഒരു പാവം മനുഷ്യനാണിവിടത്തെ കഥാപാത്രം. സന്തോഷവാനായി കാണപ്പെട്ട ഒരു വ്യക്‌തി തൂണോ, ചുമരോ ചാരി നില്‍ക്കുന്ന ഒരു സാധാരണ ഹസ്സനായി തീരുക എന്നത്‌ മലയാള ഭാഷയെ സംമ്പന്ധിച്ചേടത്തോളം

ഖേദകരം തന്നെ.

കേരളം വളരാന്‍ തുടങ്ങിയപ്പോള്‍ മലയാള ഭാഷയും വളരാന്‍ തുടങ്ങി. ലോകത്തിന്റെ നാലുപാടും മലയാള ഭാഷ പ്രത്യക്ഷപ്പെട്ടു. മലയാള ഭാഷയോട്‌ വിദേശമലയാളികള്‍ക്ക്‌ പ്രേമം മൂത്തു. എന്നാല്‍ ഭാഷയോടുള്ള പ്രേമം കൂടി കൂടി മഹാകവി കുമാരനാശാന്‍ പറഞ്ഞപോലെ `പ്രേമമേ നിന്‍ പേരു കേട്ടാല്‍' ...ഇവര്‍ ചെയ്യുന്നത്‌ , അതിവിടെ പൂരിപ്പിക്കുന്നില്ല. താഴെ വായിക്കാന്‍ പോകുന്ന വിവരങ്ങളില്‍ നിന്നു അതു മനസ്സിലാകും. കനക ചിലങ്ക കിലുക്കി കിലുക്കി മഹാരാജാവിന്റെ അകമ്പടിയോടെ വന്നിറങ്ങിയ മലയാള മങ്കയെ നമ്മള്‍ നയാഗ്രയുടെ കുളിരുകോരുന്ന അലകളിലും അറ്റ്‌ലാന്റിക്കിലെ ഓളങ്ങളിലും കണ്ടു. നീയാകും രൂപത്തെ എന്തെല്ലാം വര്‍ണ്ണത്തില്‍ കുത്തിവരക്കുന്നു ഞങ്ങള്‍.

പ്രശസ്‌തരായ എഴുത്തുകാരുടെ ചുവട്‌ പിടിച്ച്‌ അവര്‍ പറയുന്ന പോലെ എഴുതുന്നപോലെ അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ അപകടമാണ്‌. പ്രത്യേക സാഹചര്യത്തില്‍ ഒരാള്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാതെ വേറൊരാള്‍ അങ്ങനെയുള്ള വാക്കുകളോട്‌ ഒന്നു രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്ത്‌ പറയുമ്പോള്‍ മലയാള ഭാഷയാകെ മാറുന്നു. ഉദാഹരണം ഒരു നേതാവ്‌്‌ തന്റെ മുന്നിലിരിക്കുന്ന സദസ്സിനെ അഭിസംമ്പോധന ചെയ്യുന്നു. `ദിവംഗതരായ നാട്ടുകാരെ' ഗര്‍ദ്ദഭ കിശോരങ്ങളെ, മാന്യ ശ്വാനമൂര്‍ത്തികളെ` എന്നൊക്കെ. കേള്‍വിയുടെ സുഖം ആസ്വദിക്കുന്നവര്‍ അര്‍ഥവും വ്യാകരണവുമൊന്നും നോക്കാന്‍ പോകുന്നില്ല. അവര്‍ ദിവംഗതരായി, കഴുത കുട്ടികളായി, ബഹുമാനപ്പെട്ട പട്ടികൂട്ടങ്ങളായി പ്രതികരിക്കാതെ ഇരുന്ന്‌ കേള്‍ക്കുന്നു. അപ്പോള്‍ പിന്നെ പറയുന്നവന്‍ കാടു കയറുന്നു. അവിടെ ഏതെങ്കിലും വീരപ്പന്മാരുണ്ടെങ്കില്‍ അവരെ കണ്ട്‌ പേടിച്ച്‌ വിരണ്ടോടുന്നു. അര്‍ഹതയില്ലാതെ ധാരാളം പണവും ജീവിത സൗകര്യങ്ങളും ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ക്ക്‌ ഒരു തരം അരക്ഷിതാവസ്‌ഥ ഉണ്ടാകുമത്രെ. അവര്‍ക്ക്‌ സാഹിത്യം ആസ്വദിക്കാനോ, ഫലിതം കേട്ട്‌ ചിരിക്കാനോ ഉള്ള ശക്‌തി നഷ്‌ടപ്പെടുന്നു. അവരുടെ അടുത്ത്‌ ചിലവാകുന്ന ഒറ്റമൂലിയാണു മതം. എന്നാലും സാഹിത്യകാരന്‍ എന്ന അസൂയാര്‍ഹമായ ആ പദവി വേണമെന്ന ആഗ്രഹമുള്ളവരുമുണ്ട്‌. അവര്‍ ഊരി പിടിച്ച പേനയുമായി ഒന്നു പയറ്റാന്‍ തന്നെ തീരുമാനിച്ചിറങ്ങുന്നു.

പാവം ഹസ്സന്‍ ! ആരാണിയ്യാള്‍ എന്നു വായനകാര്‍ കരുതുന്നുണ്ടാവും. അയാള്‍ പാവം തന്നെയാണു. കാരണം ചാരി നില്‍ക്കുന്ന ആ ഹസ്സന്‍ മയ്യത്തായിക്കഴിഞ്ഞിരിക്കുന്നു. ആ കൊലപാതകത്തിലേക്ക്‌ കണ്ണോടിക്കുന്നതിനു മുമ്പ്‌ യശ്ശ്‌ഃശരീരനായ ശ്രീ പനമ്പില്‍ ദിവാകരന്റെ ഒരു ലേഖനത്തിലെ ചില വിവരണങ്ങള്‍ വ്യക്‌തമാക്കട്ടെ. സാഹിത്യകാരന്മാരുടെ ഒരു സദസ്സില്‍ വിഷഹാരി എന്ന വാക്ക്‌ വിഷകാരി എന്നവര്‍ പറയുന്നത്‌ കേട്ട്‌ ശ്രീ ദിവാകരന്‍ തെറ്റു ചൂണ്ടിക്കാട്ടിയത്‌ അവരില്‍ പലര്‍ക്ക്‌ രസിച്ചില്ലത്രെ. (ദഹിച്ചില്ലെന്നാകുമോ ശരി) എഴുത്തഛന്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മയോടൊത്ത്‌ അമ്പലത്തില്‍ പ്രദിക്ഷിണം വക്കുമ്പോള്‍ നമ്പൂരിമാര്‍ വേദങ്ങള്‍ തെറ്റി വായിക്കുന്നത്‌ കേട്ട്‌ `കാട്‌, കാട്‌` എന്നു പറഞ്ഞ സംഭവം ഇവിടെ ഓര്‍ത്തുപോകുന്നു. വിവരം മനസ്സിലാക്കിയ മൂത്ത നമ്പൂതിരി എഴുത്തഛന്‍ കുട്ടിയുടെ മിണ്ടാട്ടം മുട്ടിക്കാന്‍ ഏതാണ്ടൊക്കെ ജപിച്ച്‌ കൊടുത്തുവെന്നും കേട്ടിട്ടില്ലേ? ശ്രീ പനമ്പില്‍ കുട്ടിയല്ലാത്തത്‌കൊണ്ടും, ജപിച്ച്‌ കൊടുത്താല്‍ അദ്ദേഹം തിന്നുകയില്ലെന്നുള്ളത്‌കൊണ്ടും സദസ്സ്‌ ശ്രീ ദിവാകരന്‍ പറഞ്ഞത്‌ സ്വീകരിച്ചേക്ലാ എന്നു അറിഞ്ഞ്‌കൂടാ. എന്നാല്‍ ആ സദസ്സ്‌ ആ സായാഹ്ന്‌ത്തില്‍ ശ്രീ ദിവാകരനു ഒരു നര്‍മ്മ വിരുന്നൂട്ടി എന്ന്‌ അദ്ദേഹത്തിന്റെ വാക്കുകളില്‍ നാം കാണുന്നു. കുറച്ച്‌പേര്‍ കൂടി ''ഋഷഭം` എന്ന്‌ വാക്കിന്റെ അര്‍ഥം `കഴുത`യെന്നല്ലേ എന്ന്‌ തമ്മില്‍ തമ്മില്‍ ചോദിക്കുന്നതും ശരിവക്കുന്നതും അദ്ദേഹം കേള്‍ക്കുകയുണ്ടായി. സംസ്‌ക്രുത പണ്ഡിതന്‍ കൂടിയായ ശ്രീ ദിവാകരന്‍ `ഋഷഭം' എന്ന വാക്കിന്റെ അര്‍ഥം കാളയല്ല കഴുതയാണെന്ന്‌ പറയുന്ന മലയാളി എഴുത്തുകാരെ പറ്റി ആലോചിച്ച്‌കഴുതകള്‍ പോലും ചിരിക്കുന്നുണ്ടാകുമെന്നോര്‍ത്തുകാണും.

അപ്പോള്‍ ആരാണീ ഹസ്സന്‍?

ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്നു എന്തിനാണീ വലിയ വലിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പോകുന്നതെന്ന്‌. ആലങ്കാരികമായി പറയാന്‍ പോകുന്നതെന്ന്‌. അതല്ലേ സാഹിത്യമെന്ന്‌ ചിലര്‍ പറയുമായിരിക്കും. അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരു `നടപ്പ്‌' ദോഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കാരണം ഇവിടെ ഭൂരിപക്ഷം പേരും നടക്കുന്നില്ല. എല്ലാവരും കാറിലാണല്ലോ സഞ്ചരിക്കുന്നത്‌. അതേപോലെ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷും അതുകൊണ്ട്‌ മലയാളം പറയുമ്പോള്‍ ചില തട്ടുമുട്ടുകള്‍ ഉണ്ടായേക്കാം. പക്ഷെ സാഹിത്യകാരന്മാരില്‍ നിന്നും അത്‌ ജനം പ്രതീക്ഷിക്കുന്നില്ല. ഭാഷയോട്‌ സ്‌നേഹം വേണം എന്നാല്‍ ആ സ്‌നേഹം ഒരു ഉപദ്രവമാകരുത്‌ ആപത്തും ആകരുത്‌. അങ്ങനെയായാല്‍ എന്തു സംഭവിക്കുമെന്ന്‌ താഴെ വിവരിക്കുന്ന സംഭവം സാക്ഷിയാകുന്നു.

ഒരു മലയാളി കട. അതിന്റെ ഇടനാഴിയിലൂടെ നടന്ന്‌ ചെന്നാല്‍ അറ്റത്ത്‌ ഒരു മുറി. ആ മുറിയുടെ അകത്തേക്ക്‌ കയറുവാന്‍ ഇടനാഴിയിലൂടെ പ്രവേശനം. ഇടനാഴിയില്‍ അല്‍പ്പം മേദസ്സ്‌ കൂടിയ ഒരു സ്‌ത്രീ നിറഞ്ഞ്‌ നില്‍ക്കുന്നു. (പുര നിറഞ്ഞ്‌ നില്‍ക്കുന്നവരല്ലേ സ്‌ത്രീകള്‍) ഈ ഇടനാഴിയ്‌ലേക്ക്‌ ഒരു പുരുഷന്‍ പ്രവേശിക്കുന്നു. അത്‌ അവരുടെ ഭര്‍ത്താവല്ല. അവര്‍ അച്ചായന്‍ എന്നു വിളിക്കുന്ന ഭര്‍ത്താവ്‌ പിന്നിലുള്ള ഇടനാഴില്‍ ആരോടോ നാട്ടുകാര്യം ചര്‍ച്ചചെയ്യുകയാണു. മലയാള ഭാഷയോട്‌ സ്‌നേഹവും എന്നാല്‍ കപട സാഹിത്യകാരന്മാരോട്‌ വെറുപ്പും പകയുമുള്ള അതുവഴി കടന്നുവന്ന മനുഷ്യന്‌ മുറിയിലേക്ക്‌ പോകണം. എന്നാല്‍ ആ സ്ര്‌ത്രീ വഴി മുടക്കി നില്‍ക്കുന്നു. ബസ്സിലെ കണ്ടക്‌ടന്മാര്‍ പറയുന്നപോലെ `ഒന്നു മാറി നിന്നാട്ടേ, ഞാനങ്ങോട്ട്‌ പൊയ്‌ക്കോട്ടെ' എന്നു പറയുന്നതിനു പകരം പ്രസ്‌തുത വ്യക്‌തി അത്തരം നാടന്‍ വര്‍ത്തമാനങ്ങള്‍ മറന്നുപോയത്‌കൊണ്ട്‌ , ഇംഗ്ലീഷ്‌ ഭാഷയെ ആശ്രയിച്ച്‌ ആ ഭാഷയിലെ വാക്കുകള്‍ അപ്പടി തര്‍ജിമ ചെയ്‌ത്‌ ഭവ്യതയോടെ അവരോട്‌ പറഞ്ഞുഃ '` ദയവായി എനിക്ക്‌ മാപ്പു തരിക' (please excuse me) യാതൊരു പരിചയവുമില്ലാത്ത ഒരു മനുഷ്യന്‍ വളരെ വിചിത്രമായി തന്നോട്‌ മാപ്പിരക്കുന്നത്‌ എന്തിനാണെന്നറിയാതെ പരിഭ്രമിച്ച സ്‌ത്രീ ചോദിച്ചു. '' നിങ്ങള്‍ എന്തിനാണു എന്നോട്‌ മാപ്പു ചോദിക്കുന്നത്‌`

മനുഷ്യന്‍ഃ എനിക്ക്‌ ഒന്നു അകത്തേക്ക്‌ കയറാനാണ്‌.

(I want to get inside )

സ്‌ത്രീ എന്തോ തെറ്റിദ്ധരിച്ച്‌ `അച്ചായാ' എന്ന്‌ ഉറക്കെ നിലവിളിക്കുകയും ആളുകള്‍ ഓടികൂടുകയും ചെയ്‌തു. പിന്നീടവിടെ എന്തുണ്ടായി എന്ന്‌ വായനക്കാര്‍ ഭാവന ചെയ്യുക. ഒരു പക്ഷെ ശ്രീ ജോസ്‌ ചെരിപുറത്തിനു ഒരു നര്‍മ്മ കഥയുണ്ടാക്കാന്‍ ഈ സംഭവം സഹായിേേച്ചക്കാം.

പ്രസ്‌തുത സംഭവത്തിനു ശേഷം മലയാളസാഹിത്യം അമേരിക്കയില്‍ പൂര്‍വ്വാധികം ശക്‌തി പ്രാപിക്കേണ്ട ആവശ്യകതയെപ്പറ്റി ഭാഷാ പ്രേമികള്‍ ഉറക്കെ ചിന്തിക്കുകയും, ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. ചില സമയങ്ങളില്‍ മലയാളത്തിനു പകരം ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നതില്‍ തെറ്റിച്ചെന്നും തന്നെയുമല്ല ഉപചാരവാക്കുകള്‍ നമ്മള്‍ മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ (ഗ്രോസറി കടയിലെ ഭാഷാ സ്‌നേഹിക്ക്‌ പറ്റിയ ദുരന്തം) അതു വിചിത്രമായി പരിണമിക്കുന്ന സങ്കടാവസ്‌ഥയെപ്പറ്റി ആകുലരാകുകയും ചെയ്‌തു.

ഇതെ പോലുള്ള പ്രതിസന്ധിയില്‍പ്പെട്ടുപോയ ഒരു പാവം മനുഷ്യനാണു ഹസ്സന്‍. `ചാരു ഹാസന്‍' എന്ന വാക്കിന്റെ അര്‍ഥം ചിലര്‍ പറഞ്ഞതാണു `ചാരി നില്‍ക്കുന്ന ഹസ്സന്‍' മനോഹരമായി ചിരിച്ചുകൊണ്ട്‌ നിന്ന ഒരു മനുഷ്യനെ ഇസ്ലാമാക്കി ഒരു തൂണില്‍ ചാരി നിര്‍ത്തികളഞ്ഞില്ലേ സാഹിത്യ ഉപാസകര്‍. എന്നാലും പ്രവാസികളായ മാത്രുഭാഷ സ്‌നേഹികള്‍ എന്നും പ്രാര്‍ഥിക്കുന്നു- ജനനി ജയിക്ക നീണാള്‍ മലയാളമേ....

**********************
ചാരി നില്‍ക്കുന്ന ഹസ്സന്‍ (ഹാസ്യവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)ചാരി നില്‍ക്കുന്ന ഹസ്സന്‍ (ഹാസ്യവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക