Image

ഭോപ്പാല്‍ ദുരന്തം: മാലിന്യം നീക്കാന്‍ സന്നദ്ധമെന്ന് ജര്‍മ്മനി

Published on 25 May, 2012
ഭോപ്പാല്‍ ദുരന്തം: മാലിന്യം നീക്കാന്‍ സന്നദ്ധമെന്ന് ജര്‍മ്മനി
ബെര്‍ലിന്‍: 1984-ലെ ഭോപ്പാല്‍ വാതക ദുരന്തത്തെ തുടര്‍ന്നു പ്രദേശത്തെ വിഷമാലിന്യം ജര്‍മന്‍ സഹായത്തോടെ മറവു ചെയ്യാന്‍ പദ്ധതി തയാറാകുന്നു. ജര്‍മന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സഹകരണ സംഘം ജിസ് ആണ് ഇതിനു വേണ്ട സാങ്കേതിക സഹായം നല്‍കുക. 350 ടണ്‍ മാലിന്യമാണു മറവുചെയ്യാനുള്ളത്.

മാലിന്യങ്ങള്‍ ജര്‍മനിയില്‍ സംസ്‌കരിച്ച ശേഷം മറവു ചെയ്യുന്നതാണു പദ്ധതി. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജിസുമായി ചര്‍ച്ചകള്‍ നടത്തിയതായി സംഘടനാ വക്താവ് അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. 

ഭോപ്പാലില്‍ പ്രവര്‍ത്തിച്ചു വരികായിരുന്ന യുഎസ് കീടനാശിനി നിര്‍മ്മാണശാലയായ യൂണിയന്‍ കാര്‍ബൈഡില്‍ ഉണ്ടായ ചോര്‍ച്ചയാണു ദുരന്തത്തിന് കാരണമാക്കിയത്. സംഭവത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിക്കുകയും നൂറുകണിക്കിന് ആളുകള്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. സംഭവത്തിലെ പ്രതികളായ കമ്പനി ഉടമകള്‍ അമേരിക്കയിലേക്ക് കടന്നു. പിന്നീട് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ ഡൗ കെമിക്കല്‍സ് ഏറ്റെടുത്തു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ദുരന്തത്തിന് ഇരയായവര്‍ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. 

അതിനിടെ 2012 ലണ്ടന്‍ ഒളിപിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്ത് ഡൗ കെമിക്കല്‍സ് എത്തിയതിനെതിരേ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഡൗ കെമിക്കല്‍സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ഒളിംപിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക