Image

കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഗ്രൂപ്പിസവും

ടി. എസ്‌. ചാക്കോ Published on 24 May, 2012
കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഗ്രൂപ്പിസവും
ലോകോത്തര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേക്കാള്‍ ശ്രേഷ്‌ഠമായ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടോ എന്ന്‌ അറിവില്ല. ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ പാര്‍ട്ടി, അക്രമരാഹിത്യത്തിലും അഹിംസയിലും വിശ്വസിക്കുന്ന തത്വസംഹിതകളോടുകൂടിയ പാര്‍ട്ടി, സത്യം, സാഹോദര്യം, സമത്വം എന്നീ മൂല്യങ്ങള്‍ ആപ്‌തവാക്യമായി എടുത്തിട്ടുള്ള ഏക പാര്‍ട്ടി, മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ പാര്‍ട്ടി മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹൃ തുടങ്ങിയ മഹാത്മാക്കളാല്‍ നയിക്കപ്പെട്ട പാര്‍ട്ടി എന്നിങ്ങനെയുള്ള സവിശേഷതകളോടുകൂടിയ ആ പാര്‍ട്ടിയില്‍ അംഗങ്ങളാകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഒരു കാലത്ത്‌ ആരും തന്നെയില്ലായിരുന്നു. അങ്ങനെ പതിനാറാം വയസുമുതല്‍ ഞാന്‍ ആ പാര്‍ട്ടിയില്‍ അംഗമായി തുടരുന്നു.

സ്വതന്ത്ര ഇന്‍ഡ്യയില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളുലും ഭരണം കരഗതമായതോടെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അധികാരക്കസേരയ്‌ക്കുവേണ്ടിയുള്ള വടംവലിയും ആരംഭിച്ചു. അധികാരം ലഭിച്ചവരാകട്ടെ അതോടെ പാര്‍ട്ടിയെ മറന്നു, നാടിനെ മറന്നു, രാജ്യത്തെ മറന്നു ഭരണമാരംഭിച്ചു. എനിക്കും ഭാര്യയ്‌ക്കും മക്കള്‍ക്കും എന്ന സിദ്ധാന്തം മാത്രം അവര്‍ മുറുകെപ്പിടിച്ചു. ഫലമോ പാര്‍ട്ടിയില്‍ പിളര്‍പ്പ്‌, രാജ്യത്ത്‌ അന്ത:ച്ഛിദ്രം. പാര്‍ട്ടിയുടെ പല സമുന്നത നേതാക്കളും പാര്‍ട്ടി വിട്ടു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഉറച്ചു നിന്നവര്‍ പോലും സംഘടനാ കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ്‌(ഇന്ദിര) എന്നും രണ്ടായി പിരിഞ്ഞു. സംഘടനാ കോണ്‍ഗ്രസ്‌ താമസിയാതെ നിലംപരിശായി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കേരളത്തില്‍ ഇന്ന്‌ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അതിപ്രസരമാണ്‌. മിക്കവയും കോണ്‍ഗ്രസില്‍നിന്ന്‌ പിണങ്ങിപ്പോയി രൂപം കൊണ്ടവയാണ്‌. കേരളാ കോണ്‍ഗ്രസിന്‍െറ രൂപീകരണവും അപ്രകാരം തന്നെ. കേരളാ കോണ്‍ഗ്രസ്‌ ഉണ്ടായതിനു മുമ്പും അതിനു ശേഷവും ഞാന്‍ കോണ്‍ഗ്രസുകാരനായിരുന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുകയെന്നത്‌ കേരള രാഷ്ട്രീയത്തിന്‍െറ തന്നെ മുഖമുദ്രയായിക്കഴിഞ്ഞു. ഇത്‌ ശിഥിലീകരണമാണെങ്കിലും അധികാരക്കസേര കിട്ടുവാന്‍ ഈ മാര്‍ഗ്ഗം കൂടിയേ തീരൂ എന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്‌. ഫലമോ ലക്ഷ്യപ്രാപ്‌തിക്കായി എന്തു മാര്‍ഗ്ഗവും സ്വീകരിക്കാമെന്നുള്ളതും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നുള്ള ദു:ഖസത്യമാണ്‌.

ഇന്ന്‌്‌ കോണ്‍ഗ്രസില്‍ത്തന്നെ എ, ഐ, മൂന്നാം ഗ്രൂപ്പ്‌, നാലാം ഗ്രൂപ്പ്‌, അഞ്ചാം ഗ്രൂപ്പ്‌ വരെയായെന്നാണ്‌ അറിയുന്നത്‌. ഇങ്ങനെയുള്ള എതെങ്കിലുമൊരു ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവാസികളും വിദേശത്തെത്തി സ്വന്തം വേരുറപ്പിച്ചു കഴിഞ്ഞാല്‍ തങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന രാഷ്ട്രീയ മുകുളങ്ങള്‍ പൊട്ടി വിരിയാന്‍ വെമ്പല്‍ കൂട്ടുകയായി. ഇന്‍ഡ്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പിറക്കുന്നതും ഈ പശ്ചാത്തലത്തിലാണ്‌. രാഷ്ട്രീയനേതാക്കള്‍ വഴി നേടിയെടുക്കേന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും നാട്ടിലും മറുനാട്ടിലും അംഗീകാരം കിട്ടുന്നതിനും രാഷ്ട്രീയമായി സംഘടിക്കുന്നതും കൂട്ടായ്‌മകളുണ്ടാക്കുന്നതുമെല്ലാം നല്ലതുതന്നെ. എന്നാല്‍ നാട്ടിലെ കോണ്‍ഗ്രസിന്‍െറയും മറ്റു പാര്‍ട്ടികളുടെയും ചുവടുപിടിച്ച്‌ കൂണു മുളയ്‌ക്കുന്നതുപോലെ ഇവിടെ ഇപ്പോള്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസുകളാണ്‌. പല വാദമുഖങ്ങളുമായി തങ്ങളാണ്‌ യഥാര്‍ത്ഥ കോണ്‍ഗ്രസെന്നാണ്‌ എല്ലാവരും അവകാശപ്പെടുന്നത്‌. സ്വന്തം പേരു പുറത്തുവരണമെന്നതില്‍ക്കവിഞ്ഞ്‌ ഇവര്‍ക്കാര്‍ക്കും വേറെ യാതൊരു അജണ്ടയുമില്ല. അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഈ കോണ്‍ഗ്രസുകളെക്കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുസമയത്ത്‌ സീറ്റുവിഭജനസമയത്ത്‌ അമേരിക്കന്‍ മലയാളികളും ഗള്‍ഫ്‌ മലയാളികളും സീറ്റുതേടി ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തിയതും തഴയപ്പെട്ടതുമെല്ലാം നേരിട്ടു കാണുവാന്‍ എനിക്ക്‌ സാധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ എം.എല്‍.എ.യും എം.പി.യും മന്ത്രിയുമൊക്കെ ആകാമെന്ന വിദേശമലയാളിയുടെ സ്വപ്‌നം പൂവണിയുമെന്നു തോന്നുന്നില്ല. പിന്നെ എന്തിനീ മത്സരം? ഒരേ ഒരു ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഒരേയൊരു കൊടി എന്ന നിലയ്‌ക്ക്‌ കോണ്‍ഗ്രസിന്‍െറ മുന്‍ പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന ഒരുസംഘടന മാത്രമാണ്‌ നമുക്കാവശ്യം. അതിനുവേണ്ടി നമുക്ക്‌ പരിശ്രമിക്കാം. അങ്ങനെ കേരളത്തിനു തന്നെ നമുക്ക്‌ മാതൃകയാകാം
കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഗ്രൂപ്പിസവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക