Image

ആകാശ് ടാബ്ലറ്റ്: ഒരു വിദൂര സ്വപ്നം

Published on 25 May, 2012
ആകാശ് ടാബ്ലറ്റ്: ഒരു വിദൂര സ്വപ്നം
ന്യൂഡല്‍ഹി: ഇന്നു വരും നാളെ വരുമെന്നു പറഞ്ഞുകേള്‍ക്കുന്ന ആകാശ് ടാബ്ലറ്റ് ഒരു വിദൂര സ്വപ്നമായി തുടരുന്നു. കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഏറെ കൊട്ടിഘോഷിച്ചാണ് ആറു മാസം മുമ്പ് ആകാശ് ടാബ്ലറ്റ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കു മോഹവിലയില്‍ അവതരിപ്പിച്ചത്. 2250 രൂപയ്ക്കു ഒരു ആകാശ് ടാബ്ലറ്റ് സ്വന്തമാക്കണമെന്ന് അന്നു മുതല്‍ മനസിലുറപ്പിച്ചതാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളും. എന്നാല്‍ ഇതുവരെ ആകാശ് ടാബ്ലറ്റിനെ വിപണിയില്‍ എത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ സുപ്രധാന നാഴികകല്ലാണ് നാം പിന്നിട്ടിരിക്കുന്നതെന്നായിരുന്നു ആറു മാസം മുമ്പ് നടന്ന ആകാശിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ മന്ത്രി പറഞ്ഞത്. 'ഇ ലേണിംഗ് പ്രോഗ്രാമി'നായി രാജ്യത്തെ 400 യൂണിവേഴ്സിറ്റികളെയും 25,000 കോളജുകളേയും ബന്ധിപ്പിക്കുകയായിരുന്നു ഐഐടി രാജസ്ഥാന്റെയും കാനഡയിലെ ഡേറ്റാവിന്‍ഡ് കമ്പനിയുടെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്തെന്നു പറയപ്പെടുന്ന ആകാശിന്റെ ലക്ഷ്യം. എന്നാല്‍ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളൊന്നും പച്ചപിടിപ്പിക്കാന്‍ ഇതു കഴിഞ്ഞിട്ടില്ല. ആറു മാസം പിന്നിട്ടിട്ടും വിപണിയില്‍ ഒരു ആകാശ് ടാബ്ലറ്റു പോലും എത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇതിനിടെ, സാങ്കേതിക വിദഗ്ധര്‍ നടത്തിയ പ്രവര്‍ത്തനക്ഷമത പരിശോധനയില്‍ ആകാശിന്റെ പ്രവര്‍ത്തനവും ഗുണമേന്മയും വളരെ മോശമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 2010 ജൂലൈയില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആകാശ് ടാബ്ലറ്റിന്റെ ആദിമരൂപമായ 'സാക്ഷത്' പുറത്തിറക്കിയപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു നേരിടേണ്ടി വന്നത്. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി ഒരുലക്ഷം ടാബ്ലറ്റുകള്‍ വിതരണം ചെയ്യുമെന്ന കപില്‍ സിബലിന്റെ പ്രഖ്യാപനം കേട്ട് എല്ലാവരും സന്തോഷിച്ചു. വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കപില്‍ സിബലിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇതിനിടെ, ആകാശിന്റെ രണ്ടാം തലമുറക്കാരന്‍ ആകാശ് 2 മേയില്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. പ്രഖ്യാപനങ്ങള്‍ ബാക്കിയാവുമ്പോള്‍ ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റെന്ന വിശേഷണവുമായി വാര്‍ത്തകളില്‍ നിറഞ്ഞ ആകാശ് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക